Advertisement
Film News
ദുല്‍ഖറിന്റെ അഭിനയത്തിന്റെ റേഞ്ച് കാണാന്‍ പറ്റുന്ന രീതിയിലുള്ള കഥാപാത്രമാണ് കൊത്തയിലേത്: അഭിലാഷ് എന്‍. ചന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 27, 10:55 am
Sunday, 27th August 2023, 4:25 pm

എല്ലാ ഭാഷകളിലുള്ളവര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള കഥാപശ്ചാത്തലമാണ് കിങ് ഓഫ് കൊത്തക്ക് ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍. ചന്ദ്രന്‍. മലയാളത്തില്‍ പല ബിഗ്ബജറ്റ് സിനിമകളും വിജയിച്ചാലും ബിസിനസ് ലാഭകരമാകാറില്ലെന്നും ദുല്‍ഖര്‍ എന്ന അഭിനേതാവിന് ഇന്ത്യന്‍ സിനിമ മാര്‍ക്കറ്റിലുണ്ടായ വളര്‍ച്ച കിങ് ഓഫ് കൊത്തക്ക് വലിയ ഗുണമാണെന്നും അഭിലാഷ് പറഞ്ഞു.

ദുല്‍ഖറിന്റെ അഭിനയത്തിന്റെ റേഞ്ച് ഒന്നുകൂടി ആഴത്തില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റുന്ന രീതിയിലുള്ള കഥാപാത്രമാണ് കിങ് ഓഫ് കൊത്തയിലേതെന്നും മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ അഭിലാഷ് പറഞ്ഞു.

‘ഇതിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ വലിയ ക്യാന്‍വാസിലുള്ള ചിത്രമാണെന്ന് അറിയാമായിരുന്നു. ദുല്‍ഖറിനെ പോലെ പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റുള്ള നടന്‍ വന്നാല്‍ ബജറ്റിന്റെ പരിമിതികളില്ലാതെ ഈ സിനിമ ഉദ്ദേശിക്കുന്ന രീതിയില്‍ പൂര്‍ത്തിയാക്കാനാകും എന്ന് ഉറപ്പുണ്ടായിരുന്നു. എഴുതുമ്പോള്‍ എല്ലാ ഭാഷകളിലുള്ളവര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള കഥാപശ്ചാത്തലം ഉണ്ടാക്കാന്‍ ശ്രദ്ധിച്ചു. കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ മലയാളത്തില്‍ പല ബിഗ്ബജറ്റ് സിനിമകളും വിജയിച്ചാലും ബിസിനസ് ലാഭകരമാകാറില്ല. അതിന് കാരണം മലയാള സിനിമ മാര്‍ക്കറ്റിന്റെ പരിമിതിയാണ്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ ഏറെ മാറി.

ദുല്‍ഖര്‍ എന്ന അഭിനേതാവിന് ഇന്ത്യന്‍ സിനിമ മാര്‍ക്കറ്റിലുണ്ടായ വളര്‍ച്ച ‘കിങ് ഓഫ് കൊത്ത’ എന്ന സിനിമയ്ക്ക് വളരെ വലിയ ഗുണമാകുന്നുണ്ട്. ബജറ്റിന്റെ പരിമിതികളില്ലാതെ ഈ സിനിമ ഷൂട്ട് ചെയ്യാന്‍ പറ്റിയത് അതുകൊണ്ടാണ്. ദുല്‍ഖര്‍ അസാമാന്യമായ അഭിനയ പ്രതിഭയാണ്. അദ്ദേഹത്തിന്റെ അഭിനയത്തിന്റെ റേഞ്ച് ഒന്നുകൂടി ആഴത്തില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ പറ്റുന്ന രീതിയിലുള്ള കഥാപാത്രമാണ് കിങ് ഓഫ് കൊത്തയിലേത്. ആക്ഷന്‍ സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ദുല്‍ഖറിന്റെ ആദ്യ കംപ്ലീറ്റ് മാസ് എന്റര്‍ടെയ്നറാണിത്.

‘കൊത്ത’ ഒരു സാങ്കല്‍പ്പിക നഗരമാണ്. നമ്മള്‍ കണ്ടുപരിചയമില്ലാത്ത ഒരുസ്ഥലം. തമിഴ്നാട്ടിലെ കാരൈക്കുടിയിലും ചെട്ടിനാട്ടിലുമൊക്കെ സെറ്റിട്ടാണ് ആ നഗരത്തെ സൃഷ്ടിച്ചത്. കൊത്തയിലെ മനുഷ്യ ബന്ധങ്ങളും സംഭവങ്ങളുമെല്ലാം ലോകത്ത് എല്ലാവര്‍ക്കും റിലേറ്റ് ചെയ്യാന്‍ പറ്റുന്നതാണ്. ഈ കഥ ലോകത്ത് എവിടെയും സംഭവിക്കാം, അതിനാല്‍ സിനിമ എല്ലാവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാകും. പതിവ് മാസ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇമോഷന്‍സിന് കൂടി പ്രധാന്യം കൊടുത്താണ് കിങ് ഓഫ് കൊത്ത എഴുതിയിരിക്കുന്നത്. ഓരോ കഥാപാത്രത്തിനും അവരുടേതായ ഐഡന്റിറ്റി നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്,’ അഭിലാഷ് പറഞ്ഞു.

Content Highlight: abhilash n chandran about king of kotha