കോഴിക്കോട്: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍.എസ്.എസിനെ അംഗീകരിച്ച നേതാവാണെന്നും അദ്ദേഹം മരിക്കുന്നതിനു മുമ്പ് ആര്‍.എസ്.എസില്‍ ചേര്‍ന്നിരുന്നെന്നും പറഞ്ഞ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെ ചരിത്രം പഠിപ്പിച്ച് അവതാരകന്‍ അഭിലാഷ്. ആര്‍.എസ്.എസിനെ നിരോധിക്കാനുണ്ടായ സാഹചര്യവും അത് പിന്‍വലിക്കാനുണ്ടായ സാഹചര്യവും ചരിത്ര രേഖകളെ ഉദ്ധരിച്ച് വിശദീകരിച്ചുകൊണ്ടാണ് അഭിലാഷ് ഇതിനു മറുപടി നല്‍കുന്നത്.
ആര്‍.എസ്.എസിന്റെ നിരോധനം എടുത്തുമാറ്റിയതിന്റെ കാരണം ഞാന്‍ വിശദീകരിക്കാമെന്നു പറഞ്ഞാണ് അഭിലാഷ് തുടങ്ങുന്നത്.
‘1948 ഫെബ്രുവരിയില്‍ ആര്‍.എസ്.എസിന്റെ നിരോധനം എന്തിനു പിന്‍വലിച്ചുവെന്ന് ഞാന്‍ പറയാം. ആര്‍.എസ്.എസിനെ ഗാന്ധിവധത്തെ തുടര്‍ന്ന് നിരോധിച്ചു. അതിനുശേഷം നിരവധി തവണ നിരോധനം നീക്കാന്‍ ആര്‍.എസ്.എസ് നേതാക്കള്‍ ശ്രമം നടത്തി. സര്‍ദാര്‍ പട്ടേല്‍ ഗോള്‍വാക്കര്‍ക്കെഴുതിയ കത്തും ശ്യാമപ്രസാദ് മുഖര്‍ജിക്കെഴുതിയ കത്തും ചരിത്ര രേഖയാണ്. അതിപ്പോള്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ വളരെ വ്യക്തമായി സര്‍ദാര്‍ പട്ടേല്‍ പറഞ്ഞത് ആര്‍.എസ്.എസ് ഈ രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണ് എന്നാണ്.
ഇതൊക്കെ കഴിഞ്ഞശേഷം ആര്‍.എസ്.എസിന്റെ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഗോള്‍വാക്കര്‍ കത്തയച്ച വേളയില്‍ പട്ടേല്‍ അങ്ങോട്ട് നിര്‍ദേശം വെച്ചു. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ഈ രാജ്യത്തെ അംഗീകരിക്കണം. ഈ രാജ്യത്തിന്റെ ഭരണഘടനയെ അംഗീകരിക്കണം. ഈ രാജ്യത്തിന്റെ ദേശീയ പതാക അംഗീകരിക്കണം. നിങ്ങള്‍ സീക്രസി ഒഴിവാക്കണം. വയലന്‍സ് ഒഴിവാക്കണം. നിങ്ങളുടെ സംഘടനയ്‌ക്കൊരു ഭരണഘടനയുണ്ടാക്കണം. അതില്‍ പ്രായപൂര്‍ത്തിയായ ആളുകളെ മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ. പ്രായപൂര്‍ത്തിയാകാത്തവരെ ചേര്‍ക്കുന്നുണ്ടെങ്കില്‍ മാതാപിതാക്കളുടെ അനുമതി വേണം. ഇതെല്ലാം അംഗീകരിക്കുന്നതായി എഴുതി തരികയാണെങ്കില്‍ നിരോധനം നീക്കാമെന്ന് പട്ടേല്‍ പറയുന്നു. അതിന് ഗോള്‍വാക്കര്‍ വഴങ്ങുന്നില്ല.
നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തെ തുടര്‍ന്ന് ഗോള്‍വാക്കര്‍ ജയിലില്‍ പോകേണ്ടി വരുന്നു. അതിനുശേഷം മോചിതനാവുന്നു. ഈ പറഞ്ഞ നിബന്ധനകളെല്ലാം അംഗീകരിച്ചുകൊണ്ട് രേഖാമൂലം എഴുതി നല്‍കുന്നു.
ആര്‍.എസ്.എസിന്റെ നിരോധനം നീക്കിയതായി അറിയിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവും ചരിത്ര രേഖയാണ്. അതില്‍ കൃത്യമായി പറയുന്നുണ്ട് ഗോള്‍വാക്കറുടെ അണ്ടര്‍ടേക്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ആര്‍.എസ്.എസിനുള്ള നിരോധനം നീക്കിയതെന്ന്.
ഗാന്ധി വധത്തില്‍ പങ്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലല്ല, പട്ടേല്‍ പറഞ്ഞതുപ്രകാരം ഞങ്ങളിനി നന്നായിക്കൊള്ളാമെന്ന് ഗോള്‍വാക്കര്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ‘ അഭിലാഷ് വിശദീകരിക്കുന്നു.
എന്നാല്‍ ഗാന്ധി വധവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ആര്‍.എസ്.എസിനു പങ്കില്ലെന്ന് പട്ടേല്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം പട്ടേല്‍ ഗോള്‍വാക്കറിനെഴുതിയ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നുമാണ് ഗോപാലകൃഷ്ണന്‍ വാദിച്ചത്. പട്ടേലിനും നെഹ്‌റുവിനുമിടയില്‍ ഇതുസംബന്ധിച്ച് അഭിപ്രായ ഭിന്നതയുണ്ടായിരുന്നെന്നും പട്ടേല്‍ നെഹ്‌റുവിനയച്ച കത്തിന്റെ കാര്യം പരാമര്‍ശിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍ ഈ വാദത്തേയും അഭിലാഷ് ഖണ്ഡിക്കുന്നുണ്ട്. ‘ പട്ടേലും നെഹ്‌റുവും തമ്മിലുള്ള കത്തിടപാട് താങ്കള്‍ സൂചിപ്പിച്ചു. ശരിയാണ് അത് ഞാന്‍ സമ്മതിക്കുന്നു. 1948 ഫെബ്രുവരിയിലാണ് ആര്‍.എസ്.എസ് നിരോധിക്കപ്പെടുന്നത്. ഒരു വര്‍ഷത്തിനുശേഷമാണ് നിരോധനം പിന്‍വലിക്കുന്നത്. അതിനിടയില്‍ താങ്കള്‍ ഇപ്പോള്‍ ഉദ്ധരിച്ച കത്തുണ്ടായത് 1948 ഫെബ്രുവരിമാസം 27ാം തിയ്യതിലാണ്. അതില്‍ പട്ടേല്‍ നെഹ്‌റുവിനോടു പറയുന്നത് ഈ പത്തുപേരില്‍ നിന്നുള്ള മൊഴി പരിശോധിക്കുമ്പോള്‍ അവര്‍ ഹിന്ദു മഹാസഭക്കാരാണ്, അവര്‍ സവര്‍ക്കറുടെ ആളുകളാണ്, ആര്‍.എസ്.എസിനു ഈ കാര്യവുമായി ബന്ധമില്ലയെന്നാണ് ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ വ്യക്തമാകുന്നത് എന്നാണ് പട്ടേലിന്റെ കത്ത്. ഇത് കഴിഞ്ഞ നാലുമാസം കഴിഞ്ഞാണ് ജനസംഘിന്റെ സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിക്ക് ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിനും പങ്കുണ്ട് എന്ന നിലപാട് ആവര്‍ത്തിച്ചുകൊണ്ട് പട്ടേല്‍ കത്തെഴുതിയത്. അതായത്, ആദ്യത്തെ കത്തിനുശേഷം ഗാന്ധി വധത്തില്‍ ആര്‍.എസ്.എസ് ബന്ധം വെളിവാക്കുന്ന ഇന്‍പുട്ട് പട്ടേലിനു ലഭിച്ചിരിക്കാം’ അഭിലാഷ് വിശദീകരിക്കുന്നു.
ഇതോടെ അങ്ങനെയൊരു കത്തില്ലെന്നു പറഞ്ഞ് ഗോപാലകൃഷ്ണന്‍ തര്‍ക്കിക്കുകയായിരുന്നു. ആ കത്ത് ഞാന്‍ കാണിക്കാമെന്ന് അഭിലാഷ് പറഞ്ഞപ്പോള്‍ നിങ്ങള്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് പറഞ്ഞ് ഗോപാലകൃഷ്ണന്‍ തടിയൂരുകയായിരുന്നു.