| Friday, 17th May 2019, 8:51 am

ഗോഡ്‌സെ വെടിവെച്ചു കൊന്നില്ലായിരുന്നെങ്കില്‍ ഗാന്ധിജി ഒന്നാന്തരം ആര്‍.എസ്.എസുകാരനായേനെയെന്ന് ഗോപാലകൃഷ്ണന്‍; പിന്നെന്തിനാ കൊന്നു കളഞ്ഞെതെന്ന് അവതാരകന്‍ - വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നാഥൂറാം വിനായക് ഗോഡ്‌സെ വെടിവെച്ചു കൊന്നില്ലായിരുന്നെങ്കില്‍ മഹാത്മാ ഗാന്ധി ഒന്നാന്തരം ആര്‍.എസ്.എസുകാരനായിരുന്നേനെയെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആര്‍.എസ്.എസിനെ അംഗീകരിച്ച നേതാവാണെന്നും റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ ഗാന്ധിജി ആര്‍.എസ്.എസുകാരനാകുമായിരുന്നെങ്കില്‍ പിന്നെന്തിനാണ് നിങ്ങള്‍ ഗാന്ധിജിയെ കൊന്നതെന്നും പട്ടേല്‍ ആര്‍.എസ്.എസിനെ അംഗീകരിച്ചു എന്നത് ചരിത്രവസ്തുതയല്ലെന്നും അവതാരകന്‍ അഭിലാഷ് മോഹന്‍ പറഞ്ഞു.

ഗോഡ്‌സെയ്ക്ക് ആര്‍.എസ്.എസുമായി ബന്ധമില്ലെന്നും ആര്‍.എസ്.എസുകാരനാണെന്ന് പറഞ്ഞ രാഹുല്‍ ഇപ്പോള്‍ കോടതി കയറിയറങ്ങുകയാണെന്നും അത്‌പോലെ നിങ്ങള്‍ക്കും പോകേണ്ടിവരുമെന്നും ഗോപാലകൃഷ്ണന്‍ അവതാരകനോട് പറഞ്ഞു.

കോടതിയെന്നും കേസെന്നും പറഞ്ഞ് പേടിപ്പിക്കേണ്ടെന്നും അതൊന്നും ഇവിടെ ചെലവാകില്ലെന്നും അഭിലാഷ് തിരിച്ചടിച്ചു.

കോണ്‍ഗ്രസുമായി ലയിക്കാന്‍ ആര്‍.എസ്.സിനെ പട്ടേല്‍ ക്ഷണിച്ചെന്നും കപൂര്‍ കമ്മീഷനില്‍ ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിന് പങ്കില്ലെന്ന് എഴുതിവെച്ചിട്ടുണ്ടെന്നും പറഞ്ഞ ഗോപാലകൃഷ്ണനോട് ആര്‍.എസ്.എസ് ഉപേക്ഷിച്ചു വന്നാല്‍ സ്വീകരിക്കാം എന്നായിരുന്നു പട്ടേല്‍ പറഞ്ഞതെന്ന് അവതാരകന്‍ തിരുത്തി.

വിഷയത്തില്‍ 25 മിനിറ്റോളമാണ് പരസ്പ്പരം തര്‍ക്കിച്ചത്.


We use cookies to give you the best possible experience. Learn more