| Wednesday, 15th May 2019, 11:44 am

ഗോഡ്‌സെയ്ക്ക് സംഘപരിവാറുമായി ബന്ധമില്ലെന്നത് ചരിത്രമാണെന്ന് അലി അക്ബര്‍; അത് താങ്കളുടെ വാട്‌സപ്പിലെ സംഘസുഹൃത്തുക്കളോട് പറയൂ എന്ന് അഭിലാഷ് - വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഗാന്ധിയെ കൊന്ന ഗോഡ്‌സെയ്ക്ക് സംഘപരിവാറുമായി ബന്ധമില്ലെന്ന് സംവിധായകനും ബി.ജെ.പി സഹയാത്രികനുമായ അലിഅക്ബര്‍. ഇക്കാര്യം സുപ്രീം കോടതി പറഞ്ഞിട്ടുള്ളതാണെന്നും ഇത് ചരിത്രമാണെന്നും അക്ബര്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.

താങ്കള്‍ ഗോഡ്‌സെയുടെ ആശയത്തില്‍ ആകര്‍ശനായിട്ടാണോ സംഘപരിവാറിലേക്ക് പോയതെന്ന അവതാരകന്‍ അഭിലാഷിന്റെ ചോദ്യത്തിനാണ് അക്ബര്‍ ഗോഡ്‌സെയ്ക്ക് സംഘപരിവാറുമായോ ആര്‍.എസ്.എസുമായോ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞത്.

എന്നാല്‍ താന്‍ ആര്‍.എസ്.എസുകാരനാണെന്നും ഏത് സംഘടനയുമായിട്ടാണ് ബന്ധമുള്ളതെന്നും  ഗോഡ്‌സെ തന്നെ അദ്ദേഹത്തിന്റെ ലാസ്റ്റ് സ്‌റ്റേയ്റ്റ്‌മെന്റില്‍ അദ്ദേഹം വ്യക്തമാക്കിയതാണെന്നും ഗോഡ്‌സെയുടെ കുടുംബവും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ കത്തുകളടക്കം തെളിവുകളായി നമുക്ക് മുന്നിലുണ്ടെന്നും അവതാരകന്‍ മറുപടി നല്‍കി.

ഞാന്‍ നാലാം ക്ലാസ് കുട്ടിയല്ലെന്നും ഞാന്‍ വായിച്ചും പഠിച്ചുമാണ് ചരിത്രം പറയുന്നതെന്നും അക്ബര്‍ പറഞ്ഞു. ഗോഡ്‌സെ ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ മാപ്പ് പറയേണ്ടി വന്നിട്ടുണ്ടെന്നും അക്ബര്‍ പറഞ്ഞു.

എന്നാല്‍ വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍ വരുന്ന ചരിത്രവും യഥാര്‍ത്ഥ ചരിത്രവും തമ്മില്‍ കൂട്ടിക്കുഴക്കരുത് അതിന് ഞാന്‍ ഇല്ല എന്നായിരുന്നു അഭിലാഷിന്റെ മറുപടി. ആ ചരിത്രം താങ്കള്‍ താങ്കളുടെ സംഘസുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്യൂ എന്നും അഭിലാഷ് തിരിച്ചടിച്ചു.

ഗോഡ്‌സെ ആര്‍.എസ്.എസ് ആണെങ്കില്‍ സുപ്രീം കോടതിയില്‍ പോയി പറ എന്നായിരുന്നു അതിന് അക്ബറിന്റെ മറുപടി.

‘ഇന്ത്യയില്‍ ഗോഡ്‌സെ ആരാധകര്‍ ഉണ്ടെന്ന കാര്യം നിസ്ത്തര്‍ക്കമാണ്. താങ്കളും ആ കൂട്ടത്തില്‍ പെട്ടതാണോ, എങ്കില്‍ എപ്പോള്‍ മുതല്‍’ – അഭിലാഷ്.

‘കമലഹാസനെക്കാളും എനിക്ക് ഗോഡ്‌സെയാണ് ഇഷ്ടം. അക്കാര്യത്തില്‍ സംശയമില്ല. കാരണം ഗോഡ്‌സെ അവനവന്റെ ആവശ്യത്തിന് വേണ്ടി സ്വന്തം മതത്തെ വിറ്റ ആളല്ല. രണ്ട് വോട്ടിന് വേണ്ടി ഗാന്ധിജിയെ കൊന്ന ആളല്ല’ – അലി അക്ബര്‍

‘അപ്പോള്‍ ഗോഡ്‌സെയ്ക്ക് ഗാന്ധിജിയെ കൊല്ലാനുണ്ടായ കാരണങ്ങള്‍ ശരിയാണ്, ന്യായമുള്ളതാണ് എന്നാണോ’- അഭിലാഷ്

കമലഹാസനെക്കാളും എനിക്ക് ഇഷ്ടം ഗോഡ്‌സെയാണ്. കമലഹാസനെക്കാളും നല്ല വ്യക്തിയാണ്’ – അലി അക്ബര്‍

സെക്യുലറായ കമല്‍ഹാസനെക്കാള്‍ താങ്കള്‍ക്കിഷ്ടം ഭീകരനായ ഗോഡ്‌സെയാണ് എന്നത് മനസിലാക്കാം. എന്നാല്‍ കമലഹാസനേക്കാള്‍ ഭീകരനായ ഗോഡ്‌സെയാണ് ഇഷ്ടം എന്ന് പറയുമ്പോള്‍ ഗോഡ്‌സെയുടെ തീവ്രവാദ ആശയങ്ങളും താങ്കള്‍ ഇഷ്ടപ്പെടുമല്ലോയെന്നും അഭിലാഷ് പറഞ്ഞു.

അറവകുറിച്ചി മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കവെയാണ് കമല്‍ ഹാസന്‍ ഗോഡ്‌സെയുടെ പേര് പരാമര്‍ശിച്ചത്. മണ്ഡലത്തിലെ മുസ്‌ലിം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചിരുന്നു.

‘ഇവിടെ ഒരുപാട് മുസ്ലിങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്‌സെയെന്നാണ്.’ എന്നായിരുന്നു കമല്‍ ഹാസന്‍ പറഞ്ഞത്.

We use cookies to give you the best possible experience. Learn more