| Wednesday, 16th October 2019, 8:18 am

'ദേശീയത അടിച്ചേല്‍പിക്കുന്നത് പട്ടിണിയും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും മറച്ചുപിടിക്കാന്‍': ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അഭിജിത് ബാനര്‍ജിയുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്ത്യ പോലുള്ള രാജ്യത്ത് പട്ടിണിയില്‍നിന്നടക്കമുള്ള ശ്രദ്ധ മാറ്റാനാണ് ദേശീയത അടിച്ചേല്‍പിക്കുന്നതെന്ന് സാമ്പത്തിക നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി. ഇന്ത്യാടുഡേ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അഭിജിത് ബാനര്‍ജിയുടെ വിമര്‍ശനം. മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി ഇന്ത്യയില്‍ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പട്ടിണിയെക്കുറിച്ചും ദാരിദ്ര്യത്തെക്കുറിച്ചുമുള്ള ആശങ്കകള്‍ പങ്കിടുന്നതിനൊപ്പം തന്നെ ഇന്ത്യന്‍ ഭരണഘടന പൗരന് നല്‍കുന്ന അവകാശങ്ങളെക്കുറിച്ചും അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ചും അഭിജിത് ബാനര്‍ജി വാചാലനായി. എന്താണ് ദേശീയതയെന്നും എന്താണ് സാമ്പത്തിക വളര്‍ച്ചയെന്നും നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍നിന്നുകൊണ്ട് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘അധിക നികുതി എന്ന ആശയം യഥാര്‍ത്ഥത്തില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് വഴിവക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അധിക നികുതി ചുമത്തുന്നതോടെ ആളുകള്‍ തങ്ങളുടെ യഥാര്‍ത്ഥ വരുമാനം മറച്ചുവക്കും. പണമുള്ളവരില്‍നിന്ന് തന്നെ നികുതി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചല്‍ സാമ്പത്തികാവസ്ഥ ഭദ്രമാവും. നിലവിലെ തീരുമാനങ്ങള്‍ സാമ്പത്തിക നിലയെ രക്ഷിക്കാനുള്ളതാണെന്ന് എനിക്ക് തോന്നുന്നില്ല’, അഭിജിത് ബാനര്‍ജി പറഞ്ഞു.

അടിച്ചേല്‍പിക്കുന്ന ദേശീയത യഥാര്‍ത്ഥത്തില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, പട്ടിണി തുടങ്ങിയവയില്‍നിന്നുള്ള ഒളിച്ചോട്ടമാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു അഭിജിത് ബനര്‍ജിയുടെ മറുപടി.’ ഞാന്‍ തീര്‍ച്ചയായും അങ്ങനെ വിശ്വസിക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖല കൂടുതല്‍ പരിഗണനയും ശ്രദ്ധയും ആവശ്യപ്പെടുന്ന സമയത്ത് രാഷ്ട്രീയം ചേര്‍ത്ത് അതിനെ താറുമാറാക്കുന്നത് ശരിയല്ല’, അദ്ദേഹം പറഞ്ഞു.

സാമ്പത്തികരംഗം ഗുരുതരമായ പ്രശ്നം നേരിടുന്നുവെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടും സമ്പദ് വ്യവസ്ഥ മോശമായി തന്നെ തുടരുകയാണെന്ന് അഭിജിത് ബാനര്‍ജി പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലും അഭിജിത് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ നിലവിലെ സമ്പദ്വ്യവസ്ഥയെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ‘ ഭാവിയില്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചല്ല, ഇപ്പോള്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അതിലാണ് എനിക്കും ഒരു മറുപടി ലഭിക്കേണ്ടത്.’- എന്നുമായിരുന്നു അഭിജിത് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more