ജര്‍മനി നാസി ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കാലഘട്ടത്തിലും ഇതേ കാര്യങ്ങള്‍ സംഭവിച്ചിരുന്നു; ജെ.എന്‍.യു സംഭവത്തില്‍ അഭിജിത് ബാനര്‍ജി
JNU
ജര്‍മനി നാസി ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കാലഘട്ടത്തിലും ഇതേ കാര്യങ്ങള്‍ സംഭവിച്ചിരുന്നു; ജെ.എന്‍.യു സംഭവത്തില്‍ അഭിജിത് ബാനര്‍ജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 5:11 pm

ന്യൂദല്‍ഹി: ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ മുഖംമൂടി സംഘം നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി.

ഇന്ത്യയുടെ പ്രതിച്ഛായയെ കുറിച്ച് ആലോചിക്കുന്ന ആര്‍ക്കും ആശങ്കയുണ്ടാക്കുന്നതാണ് ജെ.എന്‍.യു സംഭവമെന്ന് അഭിജിത് ബാനര്‍ജി പറഞ്ഞു. സംഭവത്തിന്റെ സത്യാവസ്ഥ സര്‍ക്കാര്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ കുറിച്ച് ഓര്‍ക്കുന്ന ഏതൊരു ഇന്ത്യക്കാരനും വിഷമം തോന്നുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ഞാന്‍ കരുതുന്നത്. ജര്‍മ്മനി നാസി ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കാലഘട്ടങ്ങളില്‍ ഉണ്ടായ അതേ സംഭവവികാസങ്ങളാണ് ഇവിടെയും പ്രതിധ്വനിക്കുന്നത്.- അദ്ദേഹം പറഞ്ഞു.

അക്രമസംഭവങ്ങളില്‍ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തിക്കൊണ്ടാണല്ലോ ജെ.എന്‍.യു രജിസ്ട്രാര്‍ സംസാരിച്ചത് എന്ന ചോദ്യത്തിന് ”സംഭവത്തിന്റെ സത്യാവസ്ഥ സര്‍ക്കാര്‍ തന്നെ പുറത്തുകൊണ്ടുവരണമെന്നും എതിര്‍ ആരോപണങ്ങളുടെ മുനമ്പില്‍ അത് മുങ്ങിപ്പോകരുതെന്നു”മായിരുന്നു അഭിജിത് ബാനര്‍ജിയുടെ പ്രതികരണം.

”പരിക്കേറ്റവരെക്കുറിച്ച് എനിക്ക് യഥാര്‍ത്ഥത്തില്‍ ആശങ്കയുണ്ട്. എല്ലാവര്‍ക്കും വേഗത്തില്‍ സുഖം പ്രാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,”ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

1983 ല്‍ ജെ.എന്‍.യുവില്‍ എം.എ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയായിരിക്കെ പോലീസ് നടപടി നേരിട്ട വ്യക്തികൂടിയായിരുന്നു അഭിജിത് ബാനര്‍ജി.

സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റിനെ പുറത്താക്കിയതിനെതിരെ അന്ന് നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് ഒരാഴ്ചയിലേറെ തിഹാര്‍ ജയിലില്‍ ബാനര്‍ജിക്ക് കിടക്കേണ്ടി വന്നിരുന്നു. അന്ന് താനും മറ്റ് പ്രതിഷേധക്കാരും വെസ് ചാന്‍സലറെ വസതിയില്‍ ഘരാവോ ചെയ്തിരുന്നുവെന്നും അഭിജിത് ബാനര്‍ജി ഒരു കുറിപ്പില്‍ പറഞ്ഞിരുന്നു.

”83 ലായിരുന്നു അത്. ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ വൈസ് ചാന്‍സലറെ അദ്ദേഹത്തിന്റെ വീട്ടില്‍ ഘരാവോ ചെയ്യുകയായിരുന്നു. അന്നത്തെ ഞങ്ങളുടെ ‘കനയ്യ കുമാറിനെ’യായിരുന്നു പുറത്താക്കിയത്”, 2016 ഫെബ്രുവരിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരുന്ന കനയ്യകുമാര്‍, ഉമര്‍ ഖാലിദ് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ വിവാദം കൊടുമ്പിരി കൊണ്ടു നില്‍ക്കുന്ന സമയത്തായിരുന്നു അഭിജിത് ബാനര്‍ജി തന്റെ അനുഭവവും പങ്കുവെച്ചത്.

”എന്നെ അവര്‍ തിഹാര്‍ ജയിലിലടച്ചു. എന്നാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നില്ല. കൊലപാതകശ്രമവും മറ്റും ചുമത്തിയിരുന്നു. എന്നാല്‍ ആ ആരോപണങ്ങള്‍ എല്ലാം പിന്നീട് പിന്‍വലിച്ചു. ദൈവത്തിന് നന്ദി. എങ്കിലും പത്തോ അതിലധികമോ ദിവസം ഞങ്ങള്‍ക്ക് തീഹാര്‍ ജയിലില്‍ കിടക്കേണ്ടി വന്നു”, അദ്ദേഹം പറഞ്ഞു.

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ ബാനര്‍ജിക്ക് കഴിഞ്ഞ വര്‍ഷമാണ് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ