ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്; വിവാഹത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് അബി
Daily News
ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് കേട്ടിട്ടുണ്ട്; വിവാഹത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് അബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd August 2017, 12:52 pm

കൊച്ചി: ദിലീപിന്റെ ആദ്യ വിവാഹത്തെക്കുറിച്ച് തനിക്കു കേട്ടുകേള്‍വി മാത്രമാണുള്ളതെന്ന് നടന്‍ അബി. കേസുമായി ബന്ധപ്പെട്ടോ അല്ലാതെയോ തനിക്ക് കൂടുതലൊന്നും അറിയില്ലെന്നാണ് അബി പൊലീസിനോടു പറഞ്ഞതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ആദ്യവിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടിട്ടുണ്ട്. അന്നും ഇന്നും ദിലീപിന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും അബി വ്യക്തമാക്കി.

മഞ്ജുവാര്യരെ വിവാഹം ചെയ്യുന്നതിനു മുമ്പ് ദിലീപ് തന്റെ അമ്മാവന്റെ മകളെ വിവാഹം ചെയ്തതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിയെ ചോദ്യം ചെയ്തത്.

ദിലീപിന്റെ ആദ്യവിവാഹത്തിന് സാക്ഷിയായ ആളാണ് അബിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരമൊരു വിവാഹത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് അബി പറയുന്നത്.

ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണ് ദിലീപ് ആദ്യവിവാഹം രജിസ്റ്റര്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പൊലീസിന് ഇക്കാര്യം അറിയാന്‍ കഴിഞ്ഞത്. മഞ്ജുവാര്യരെ വിവാഹം കഴിക്കുന്ന അവസരത്തില്‍ ആദ്യഭാര്യയുമായി ഒത്തുതീര്‍പ്പിലെത്തുകയും വിവാഹ രേഖ റദ്ദാക്കമെന്ന ഉറപ്പിന്‍മേല്‍ ബന്ധം ഒഴിവാകുകയുമാണ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.