തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കുറ്റക്കാരായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവ് വിധിച്ച് കോടതി. അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
അഭയ കൊല്ലപ്പെട്ടതാണെന്നും പ്രതികളായ ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും ചൊവ്വാഴ്ച തിരുവനന്തപുരം സി.ബി.ഐ കോടതി വിധി പറഞ്ഞിരുന്നു. എന്നാല്‍ ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
തോമസ് കോട്ടൂര്‍ അര്‍ബുദ രോഗിയാണെന്നും പ്രായാധിക്യമുള്ളതിനാലും പരമാവധി ശിക്ഷാ ഇളവ് നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. താന്‍ നിരപരാധിയാണെന്ന് കോട്ടൂര്‍ ജഡ്ജിയുടെ ചേമ്പറിലെത്തി ഇന്നും ആവര്‍ത്തിച്ചിരുന്നു.
എന്നാല്‍ ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കൊലക്കുറ്റം തെളിഞ്ഞുകഴിഞ്ഞെന്നും തോമസ് കോട്ടൂര്‍ മഠത്തില്‍ അതിക്രമിച്ചുകയറുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.
അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്.
ഫാ.തോമസ്‌കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെറ്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയുടെ മൃതേദഹം കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസ് സി.ബി.ഐ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുന്നത്.
പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം കണ്ടതു കൊണ്ടാണ് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പ്രതികളെ കോണ്‍വെന്റിന്റെ കോമ്പൗണ്ടില്‍ കണ്ടുവെന്നുള്ള മൂന്നാം സാക്ഷി രാജുവിന്റെ മൊഴിയും നിര്‍ണായകമായിരുന്നു.
പ്രോസിക്യൂഷന്‍ വിസ്തരിച്ച 49 സാക്ഷികളില്‍ 8 പേര്‍ കൂറുമാറിയിരുന്നു. ഈ മാസം 10നാണ് വിചാരണ നടപടികള്‍ അവസാനിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം നടത്തിയത്.
കോട്ടയം ജില്ലയിലെ അരീക്കരയില്‍ ഐക്കരക്കുന്നേല്‍ വീട്ടില്‍ എം. തോമസിന്റെ മകളായിരുന്ന അഭയ മരിക്കുന്ന സമയത്ത് കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു.
ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് അഭയയുടെ മരണം ആത്മഹത്യയാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് അഭയ കൊലക്കേസ്സ് വലിയ വിവാദമാകുന്നത്. തന്റെ മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നാവശ്യപ്പെട്ട് അഭയയുടെ പിതാവ് തലയോലപ്പറമ്പ് ഐക്കരക്കുന്നേല്‍ തോമസ് നിയമപോരാട്ടമാരംഭിച്ചു.
അഭയയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് രൂപീകരിക്കപ്പെട്ട അഭയ ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി നിര്‍ദേശ പ്രകാരം 1993 മാര്‍ച്ച് 29 ന് കേസ്സ് സി.ബി.ഐ ഏറ്റെടുത്തു. അഭയയുടെ മരണം ആത്മഹത്യയാണെന്ന ക്രൈംബ്രാഞ്ചിന്റെ വാദം ശരിയല്ലെന്ന് തുടക്കത്തില്‍ തന്നെ സി.ബി.ഐ കണ്ടെത്തി.
സി.ബി.ഐ ഓഫീസറായിരുന്ന വര്‍ഗീസ് പി. തോമസ്സ് അഭയയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ ആദ്യം എത്തിച്ചേര്‍ന്നെങ്കിലും കോടതിയില്‍ തെളിവുകളുമായി മുന്നോട്ട് പോകാന്‍ സി.ബി.ഐയ്ക്ക് തുടക്കത്തില്‍ സാധിച്ചില്ല.
പിന്നീട് സി.ബി.ഐ ഓഫീസര്‍ വര്‍ഗീസ് പി. തോമസ്സിന്റെ രാജിയും വിവാദമായി. അഭയ കൊലക്കേസ്സില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒരു ഘട്ടമായിരുന്നു ഇത്. കേസില്‍ തന്റെ മനസ്സാക്ഷിക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ തന്റെ മേലുദ്യോഗസ്ഥനും സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടുമായ വി. ത്യാഗരാജന്‍ നല്‍കിയെന്ന് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു വര്‍ഗീസ് പി. തോമസ്സിന്റെ രാജി.
പത്രസമ്മേളനം വിവാദമായതോടെ കേരളത്തിലെ എല്ലാ എം.പിമാരും ചേര്‍ന്ന് അന്നത്തെ സി.ബി.ഐ ഡയറക്ടര്‍ കെ. വിജയരാമ റാവുവിന് പരാതി നല്‍കി. തുടര്‍ന്ന് സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എം.എല്‍. ശര്‍മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സി.ബി.ഐ സംഘത്തിന് അന്വേഷണച്ചുമതല നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറന്‍സിക് പരിശോധനകളും ഡമ്മി പരീക്ഷണവുമെല്ലാം നടന്നു.
എന്നാല്‍ കൃത്യമായ തെളിവുകള്‍ ലഭ്യമല്ലാത്തതിനാല്‍ കേസ് എഴുതിത്തള്ളണമെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ചത്. ഇക്കാരണത്താല്‍ കോടതിയില്‍ നിന്നും സി.ബി.ഐയ്ക്ക് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു.
സത്യസന്ധമായി കേസന്വേഷിക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ പൊലീസ് തെളിവുകളെല്ലാം നശിപ്പിച്ചതിനാല്‍ കേസ്സുമായി മുന്നോട്ടുപാകാനാകില്ലെന്ന് സി.ബി.ഐ കോടതിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് കേസില്‍ പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയമിക്കണമെന്നും ബ്രെയ്ന്‍ ഫിംഗര്‍ പ്രിന്റിങ് അടക്കമുള്ള നൂതന കുറ്റാന്വേഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും സി.ബി.ഐയ്ക്ക് കോടതി ഉത്തരവ് നല്‍കി.
2007 ഏപ്രിലില്‍ അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന് വെളിപ്പെട്ടതോടെ കേസ് വീണ്ടും വിവാദമായി. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന റജിസ്റ്ററില്‍ നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്ന് കോടതിയില്‍ പൊലീസ് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടിലും തിരുത്തല്‍ നടന്നതായി തിരുവനന്തപുരം സി.ജെ.എം കോടതി വ്യക്തമാക്കി.
2008 ലാണ് കേസ്സില്‍ വീണ്ടും നിര്‍ണായക വഴിത്തിരിവുകളുണ്ടാകുന്നത്. 2008 നവംബര്‍ 18, 19 തീയതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്നു പേരെ സി.ബി.ഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് അഭയ കാണാനിടയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു സി.ബി.ഐ കുറ്റപത്രം.
അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തുനിന്നും സി.ബി.ഐ സംഘം കസ്റ്റഡിയില്‍ എടുത്ത സഞ്ജു പി. മാത്യു എന്നയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ഈ മൂന്ന് പേരിലെത്തിയത്.
2012 ജൂലൈയില്‍ മറ്റൊരു വഴിത്തിരിവ് കൂടി കേസില്‍ സംഭവിച്ചു. കോട്ടയം ബി.സി.എം. കോളജിലെ മുന്‍ പ്രഫസര്‍ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തല്‍ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സി.ബി.ഐ. കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. കേസന്വേഷണത്തേില്‍ നിരന്തരമായ വീഴ്ചകള്‍ സംഭവിക്കുന്നതിന് പിന്നിലെ ഉന്നതതല ഇടപെടലുകളെക്കുറിച്ചുള്ള ആരോപണങ്ങളെ ഇത് വീണ്ടും ശക്തമാക്കി.
കേസില്‍ ഏറ്റവുമൊടുവില്‍ നടന്ന നിര്‍ണായകമായ നീക്കം അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി മൈക്കിളിനെ പ്രതി ചേര്‍ത്തതാണ്. 2018 ജനുവരി മാസത്തിലായിരുന്നു ഇത്. ഇദ്ദേഹമാണ് ആദ്യം അഭയ കേസ് അന്വേഷിച്ചതും ആത്മഹത്യയാണെന്ന ആദ്യ വിധിയെഴുത്ത് നടത്തിയതും.
അഭയയുടെ ശിരോവസ്ത്രം, ചെരുപ്പ്, ഡയറി എന്നിവ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കിഷോര്‍ ഐ.എ.എസ്സില്‍ നിന്നും എഴുതി വാങ്ങിയത് മൈക്കിളായിരുന്നു. കേസിലെ സുപ്രധാന തെളിവുകളായ ഇവ പിന്നീട് കാണാതായതിന് പിന്നില്‍ മൈക്കിളാണെന്ന് കണ്ടെത്തിയായിരുന്നു അദ്ദേഹത്തെ പ്രതി ചേര്‍ത്തത്.
സംഭവം നടന്ന് കാല്‍ നൂറ്റാണ്ടിന് ശേഷം 2019 ഓഗസ്റ്റ് 26നാണ് കേസ്സില്‍ വിചാരണ തുടങ്ങിയത്. ആകെ 177 സാക്ഷികള്‍ ഉണ്ടായിരുന്നെങ്കിലും 49 സാക്ഷികളെയാണ് വിസ്തരിച്ചത്. കേസ്സില്‍ രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയലിനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു.
പയസ് ടെണ്‍ത് കോണ്‍വെന്റിന് സമീപം താമസിക്കുന്ന സഞ്ജു പി മാത്യു, അഭയയുടെ മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമ എന്നിവരുള്‍പ്പെടെയുള്ള മുഖ്യ സാക്ഷികളുടെ കൂറുമാറ്റം സി.ബി.ഐക്ക് തിരിച്ചടിയായെങ്കിലും സംഭവ ദിവസം ഒന്നാം പ്രതി തോമസ് കോട്ടൂരിനെ കോണ്‍വെന്റില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെന്ന മോഷ്ടാവ് അടയ്ക്ക രാജുവിന്റെ മൊഴി സാക്ഷി വിസ്താരത്തില്‍ നിര്‍ണ്ണായകമാവുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക