വ്യത്യസ്തമായ ആലാപനശൈലി കൊണ്ട് ശ്രദ്ധേയയായ ഗായികയാണ് അഭയ ഹിരണ്മയി. 2014ല്‍ സംഗീത കരിയര്‍ ആരംഭിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടത് ഗൂഢാലോചന എന്ന സിനിമയിലെ കോഴിക്കോടിനെക്കുറിച്ചുള്ള ഗാനമാണ്. മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്‍ എന്ന സിനിമയില്‍ പാടിയതിനെക്കുറിച്ചുള്ള അനുഭവം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെക്കുകയായിരുന്നു അഭയ.
‘ഒരു വര്‍ഷം മുന്നേ പ്രശാന്ത് പിള്ള എന്നെ വിളിച്ച് ഒരു പാട്ട് പാടാനുണ്ടെന്ന് പറഞ്ഞു. പ്രശാന്തിന്റെ സ്റ്റുഡിയോയില്‍ ചെന്ന് ഞാന്‍ പാടി. ഏത് സിനിമക്ക് വേണ്ടിയാണെന്നൊന്നും ഞാന്‍ ചോദിക്കാന്‍ പോയില്ല. മാത്രമല്ല ആ സിനിമക്ക് ഒരു സീക്രസി ഉണ്ടായിരുന്നു. അതുകൊണ്ട് പ്രശാന്ത് കൂടുതലൊന്നും പറഞ്ഞതുമില്ല. പിന്നീട് രണ്ട് മാസം മുന്നേ ലിജോ എന്നെ വിളിച്ചു. പാട്ട് പാടാനാകും എന്ന് വിചാരിച്ചാണ് ഞാന്‍ പോയത്. പക്ഷേ സിനിമയിലെ ഒരു കഥാപാത്രത്തിന് ഡബ്ബ് ചെയ്യാനാണെന്ന് അവിടെയെത്തിയപ്പോഴാണ് ഞാന്‍ അറിഞ്ഞത്.
ഡബ്ബ് ചെയ്യാന്‍ താല്പര്യമില്ലാതിരുന്നിട്ടും ഞാന്‍ ഒന്ന് ട്രൈ ചെയ്തു നോക്കി. പക്ഷേ അത് ദയനീയമായി പരാജയപ്പെട്ടു. ഞാന്‍ സ്റ്റുഡിയോയില്‍ നിന്നിറങ്ങി. അപ്പോള്‍ ലിജോ വന്ന് എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി പാട്ടിട്ടു തന്നു. അഭയ പാടിയ പാട്ട് കേക്കണ്ടേ എന്ന് ചോദിച്ചായിരുന്നു പാട്ട് ഇട്ട് തന്നത്. അപ്പോഴാണ് എനിക്ക് മനസിലായത് ഈ സിനിമക്ക് വേണ്ടിയാണ് ഞാന്‍ പാടിയതെന്ന്. വളരെ സന്തോഷമായി എനിക്ക്. എന്റെ പാട്ടിന്റെ ബാക്ഗ്രൗണ്ടില്‍ ലാലേട്ടനെ കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നി’ അഭയ പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലിനെക്കൂടാതെ സോനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, സുചിത്ര നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും സിനിമയിലുണ്ട്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്‌സിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ നിര്‍മിക്കുന്ന ചിത്രം ജനുവരി 25ന് റിലീസ് ചെയ്യും.
Content Highlight: Abhaya Hiranmayi share her singing experience in Malaikkottai Valiban