|

കല്യാണം കഴിക്കാമോ, കോഫി ഡേറ്റിന് വരുമോ എന്നൊക്കെ അവര്‍ ചോദിച്ചു: അഭയ ഹിരണ്‍മയി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് വരുന്ന മെസേജുകളെ കുറിച്ച് തുറന്ന് പറയുകയാണ് ഗായിക അഭയ ഹിരണ്‍മയി. സോഷ്യല്‍ മീഡിയയിലൂടെ നല്ലതും മോശവുമായ കമന്റുകള്‍ തനിക്ക് വരാറുണ്ടെന്നും ചിലതിനൊക്കെ താന്‍ മറുപടി പറയാറുണ്ടെന്നും അഭയ പറഞ്ഞു. കല്യാണം കഴിക്കാമോ ഡേറ്റിന് വരാമോ പോലെയുള്ള മെസേജുകളും തനിക്ക് വരാറുണ്ടെന്ന് താരം പറഞ്ഞു.

ഇത്തരത്തില്‍ മെസേജുകളൊക്കെ വരുന്നത് തനിക്ക് സന്തോഷമാണെന്നും ചിലര്‍ മോശം കമന്റുകളിടുന്നത് ശ്രദ്ധപിടിച്ച് പറ്റാന്‍ വേണ്ടിയാണെന്നും അഭയ പറഞ്ഞു. താനൊരു സൂപ്പര്‍ കോണ്‍ഫിഡന്റായ സ്ത്രീയല്ലെന്നും എല്ലാവരെയും പോലെ തന്റേതായ ഇന്‍സെക്യൂരിറ്റീസൊക്കെയുണ്ടെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘ഞാന്‍ അങ്ങനെ സൂപ്പര്‍ കോണ്‍ഫിഡന്റായ സ്ത്രീയല്ല. എനിക്ക് എന്റേതായ ഇന്‍സെക്യൂരിറ്റീസുണ്ട്. അത് എല്ലാവര്‍ക്കും ഉണ്ടാകുമല്ലോ. അതൊക്കെ മറച്ചുവെച്ചാണ് ഞാനും മുന്നോട്ട് പോകുന്നത്. അങ്ങനെയല്ലാതെ നമുക്ക് ജോലി ചെയ്യാനാവില്ല. ആള്‍ക്കാര്‍ എന്നെ ജഡ്ജ് ചെയ്യുമോ എന്ന പേടിയൊക്കെ എനിക്കുണ്ടാവറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള മെസേജുകളാണ് വരാറുള്ളത്. എല്ലാ ദിവസവും അങ്ങനെ എന്തെങ്കിലും കാണും. ഐ ലവ് യൂ ചേച്ചീ, ചേച്ചിയെ എനിക്ക് കല്യാണം കഴിക്കണം എന്നൊക്കെയുള്ള മെസേജുകള്‍ വരാറുണ്ട്. അഭയ ഫ്രീയാണോ, കോഫി ഡേറ്റിന് വരുമോ എന്ന ചോദ്യങ്ങളൊക്കെ വരാറുണ്ട്. അതൊക്കെ കാണുമ്പോള്‍ എനിക്ക് സന്തോഷമാണ്.

പല തരത്തിലാണ് ആളുകള്‍ നമ്മളെ സ്വീകരിക്കുന്നത്. നെഗറ്റീവ് മെസേജുകളും എനിക്ക് വരാറുണ്ട്. ചില സമയത്ത് ഞാന്‍ മറുപടി കൊടുക്കാറുണ്ട്. ആ സമയത്തെ മൂഡ് അനുസരിച്ചിരിക്കും അത്. ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയായിരിക്കും ചിലര്‍ ചോദിക്കുന്നത്. അതിന് വേണ്ടിയാണ് ചിലര്‍ മോശം കമന്റുകളിടുന്നത്. നിങ്ങള്‍ മറുപടി തന്നല്ലോ സന്തോഷം എന്നൊക്കെ ചിലര്‍ പറയാറുണ്ട്,’ അഭയ ഹിരണ്‍മയി പറഞ്ഞു.

content highlight: abhaya hiranmayi about social media comments

Video Stories