| Thursday, 12th January 2023, 1:55 pm

ബാക്കിയുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാന്‍ ചിലര്‍ക്ക് വലിയ താല്‍പര്യമാണ്: അഭയ ഹിരണ്‍മയി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ വ്യക്തി ജീവിതം ആളുകള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗായിക അഭയ ഹിരണ്‍മയി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അത്തരത്തില്‍ സംഭവിക്കാറില്ലെന്നും വ്യക്തി ജീവിതം ചര്‍ച്ചയാകാറുണ്ടെന്നും താരം പറഞ്ഞു. താന്‍ കുറച്ച് വിപ്ലവകരമായി ചിന്തിക്കുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്നും അഭയ പറഞ്ഞു.

ബാക്കിയുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരുമെന്നും പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ കാര്യത്തില്‍ അത് കൂടുതലാണെന്നും അവര്‍ പറഞ്ഞു. താനും അത്തരത്തില്‍ പല താരങ്ങളെയും ഫോളോ ചെയ്യാറുണ്ടെന്നും അതുകൊണ്ട് തന്നെ ഈ പ്രവണത സ്വാഭാവികമാണെന്നും അഭയ പറഞ്ഞു. ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അവര്‍ പങ്കുവെച്ചത്.

‘വ്യക്തി ജീവിതം വ്യക്തിപരമായി തന്നെ തുടരാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അതൊക്കെ തുറന്ന് പറഞ്ഞ് ആളുകള്‍ ചര്‍ച്ചചെയ്യുന്ന തരത്തിലേക്ക് കൊണ്ടുവരാന്‍ എനിക്ക് താല്‍പര്യമില്ല. നിര്‍ഭാഗ്യവശാല്‍ ഒരുപാട് ആളുകള്‍ ചര്‍ച്ചചെയ്യുന്ന ജീവിതമാണ് എന്റേത്. ഒരു പക്ഷേ കുറച്ച് വിപ്ലവകരമായി ജീവിക്കുന്നത് കൊണ്ടാകാം അങ്ങനെ വരുന്നത്.

ബാക്കിയുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാനും അതിനെ കുറിച്ച് കൂടുതല്‍ അറിയാനുമുള്ള ചിലരുടെ താല്‍പര്യവുമാണ് ഇതിന്റെ കാരണം. സെലിബ്രിറ്റിയായ ഒരാളുടെ ജീവിതമറിയാന്‍ പലര്‍ക്കും താല്‍പര്യമുണ്ട്. അവര്‍ എന്തായിരിക്കും ചെയ്യുന്നത് എന്നൊക്കെ അറിയാന്‍ ആഗ്രഹം കാണുമല്ലോ.

അമീര്‍ ഖാന്‍ ഇപ്പോള്‍ എന്തായിരിക്കും ചെയ്യുന്നത്. അദ്ദേഹത്തിന്റെ കൂടെ ആരായിരിക്കും ഇപ്പോള്‍ ഉണ്ടായിരിക്കുക എന്നൊക്കെ അറിയാന്‍ എനിക്കും താല്‍പര്യമുണ്ട്. അതുപോലെ തന്നെയായിരിക്കുമല്ലോ എല്ലാവരുടെയും കാര്യം.

അതുപോലെ തന്നെ എനിക്ക് കിരണ്‍ റാവോയെ ഭയങ്കര ഇഷ്ടമാണ്. കിരണ്‍ റാവോ ഇപ്പോള്‍ എന്തായിരിക്കും ചെയ്യുന്നതെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. അതുപോലെ തന്നെ അയാള്‍ എന്ത് ഡ്രസായിരിക്കും ഇട്ടിരിക്കുന്നത് എന്ന് വരെ ഞാന്‍ നോക്കാറുണ്ട്. ഇതൊക്കെ വളരെ സ്വാഭാവികമായ സംഭവങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതിലെനിക്കൊരു കുഴപ്പവും അനുഭവപ്പെട്ടിട്ടില്ല,’ അഭയ പറഞ്ഞു.

content highlight: abhaya hiranmayi about her life

Latest Stories

We use cookies to give you the best possible experience. Learn more