| Tuesday, 22nd October 2019, 12:00 am

അഭയാക്കേസില്‍ നിര്‍ണായക മൊഴി; പ്രാഥമിക ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പുകള്‍ വ്യാജം; മൊഴി സി.ബി.ഐയുടെ കണ്ടെത്തല്‍ ശരിവെയ്ക്കുന്നത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസിലെ നിര്‍ണായക മൊഴിയുമായി 21-ാം സാക്ഷി. പ്രാഥമിക ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ ഒപ്പുകള്‍ വ്യാജമാണെന്നാണ് ഡോ. എം.എ അലി സി.ബി.ഐ കോടതിയില്‍ മൊഴി നല്‍കിയത്. ദല്‍ഹി സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സസിലെ മുന്‍ കൈയക്ഷര വിദഗ്ധനാണ് ഡോക്ടര്‍.

കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ മുന്‍ എസ്.ഐ വി.വി അഗസ്റ്റിന്‍ പൊലീസ് സ്റ്റേഷനില്‍ വെച്ചു തയ്യാറാക്കിയിരുന്ന തൊണ്ടിസാധനങ്ങള്‍ അടങ്ങിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ സാക്ഷിയാക്കി ഒപ്പിട്ടിരുന്ന നാസര്‍, സേവ്യര്‍, സ്‌കറിയ എന്നിവരുടെ ഒപ്പുകള്‍ വ്യാജമാണെന്നാണു മൊഴി.

നേരത്തേ കേസിലെ സാക്ഷിയായി വിസ്തരിച്ച സ്‌കറിയ ഒപ്പ് തന്റേതല്ലെന്നു കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തൊണ്ടിസാധനങ്ങള്‍ നശിപ്പിച്ചശേഷം തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ആണെന്നാണ് സി.ബി.ഐ കണ്ടെത്തിയിരുന്നത്. ഈ കണ്ടെത്തല്‍ ശരിവെയ്ക്കുന്നതാണ് ഡോക്ടറുടെ മൊഴി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിസ്റ്റര്‍ സ്‌റ്റെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ പൊലീസ് സര്‍ജനും ഗൈനക്കോളജി വിഭാഗം മേധാവിയുമായ ഡോ. രമയെ കമ്മീഷന്‍ മുഖേന വിസ്തരിക്കണമെന്നു കാണിച്ച് സി.ബി.ഐ നല്‍കിയ ഹര്‍ജിയില്‍ കമ്മീഷനായി ഒരു മജിസ്‌ട്രേറ്റിനെത്തന്നെ ചുമതലപ്പെടുത്താന്‍ കോടതി നിര്‍ദ്ദേശിച്ചു.

മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സി.ബി.ഐ കോടതി അനുവാദവും നല്‍കി.

ചൊവ്വാഴ്ച തിരുവനന്തപുരം ഫൊറന്‍സിക് ലാബിലെ മുന്‍ കെമിക്കല്‍ എക്‌സാമിനര്‍ ആര്‍. ഗീത, കെമിക്കല്‍ അനലിസ്റ്റ് കെ. ചിത്ര എന്നിവരെ വിസ്തരിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1992 മാര്‍ച്ച് 27-നാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹസാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരാണു വിചാരണ നേരിടുന്ന പ്രതികള്‍.

We use cookies to give you the best possible experience. Learn more