തിരുവനന്തപുരം: അഭയ കേസ് വിധിയ്ക്ക് പിന്നാലെ വികാര നിര്‍ഭരനായി കേസ് ആദ്യം അന്വേഷിച്ച സി.ബി.ഐ. ഡി.വൈ.എസ്.പി വര്‍ഗീസ് പി തോമസ്. അഭയയെ കൊലപ്പെടുത്തിയതാണെന്ന് ആദ്യം കണ്ടെത്തിയതും തെളിയിച്ചതും വര്‍ഗീസ് പി. തോമസ് ആയിരുന്നു. എന്നാല്‍ വര്‍ഗീസ് പി. തോമസിന്റെ കണ്ടെത്തല്‍ സി.ബി.ഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടായിരുന്ന വി. ത്യാഗരാജന്‍ തള്ളി.
കേസില്‍ തന്റെ മനസ്സാക്ഷിക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത വിധത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ മേലുദ്യോഗസ്ഥനില്‍ നിന്ന് വന്നതിനാല്‍
താന്‍ രാജിവെക്കുകയാണെന്ന് ഒരു പത്രസമ്മേളനം വിളിച്ച് അദ്ദേഹം അന്ന് പ്രഖ്യാപിക്കുകയായിരുന്നു.
100 ശതമാനം സത്യസന്ധമായാണ് അന്ന് കേസ് അന്വേഷിച്ചതെന്നും അതിന്റെ തെളിവാണ് ഇപ്പോള്‍ വന്ന വിധി പ്രസ്താവമെന്നുമാണ് വര്‍ഗീസ് പി. തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കുറ്റം തെളിഞ്ഞു എന്ന് കോടതി പറഞ്ഞപ്പോള്‍ തന്നെ സത്യം തെളിഞ്ഞു. ശിക്ഷ കൂടിയാലും കുറഞ്ഞാലും അതിന് അത്ര പ്രധാന്യമില്ല. കുറ്റം തെളിഞ്ഞുകഴിഞ്ഞപ്പോള്‍ തന്നെ എന്റെ അന്വേഷണം നീതിപൂര്‍വമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഞാന്‍ സംതൃപ്തനാണ്. കണ്ണുനീരോടെ വാക്കുകള്‍ മുറിഞ്ഞായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
വിധിയില്‍ 100 ശതമാനം സന്തോഷമുണ്ടെന്നും സന്തോഷാധിക്യം കൊണ്ടുള്ള കണ്ണുനീരാണ് തന്റെ കണ്ണില്‍ നിന്നും വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ കേസിന്റെ പേരിലായിരുന്നു എന്റെ രാജി. അന്ന് എനിക്ക് സമ്മര്‍ദ്ദത്തിന് അടിപ്പെടാന്‍ താത്പര്യമില്ലായിരുന്നു. സത്യം സത്യമാണ്. മേലുദ്യോഗസ്ഥന്‍ ആരായാലും ഞാന്‍ എന്റെ പ്രിന്‍സിപ്പലില്‍ നിന്നും വ്യതിചലിക്കില്ല. എനിക്ക് സത്യമെന്ന് തോന്നുന്നത് മേലുദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചാലും ഞാന്‍ തിരുത്തില്ല. സത്യത്തിന് വേണ്ടി നിലകൊണ്ടു. അതിന് കൊടുത്ത വിലയാണ് എന്റെ രാജി.
വി.ആര്‍.എസ് എടുത്തതില്‍ ദു:ഖമില്ല. പക്ഷേ സത്യത്തിനായി ഞാന്‍ കൊടുത്ത വില വലുതാണ്. രാജിവെക്കുമ്പോള്‍ പത്ത് കൊല്ലം സര്‍വീസ് ബാക്കിയുണ്ടായിരുന്നു. എന്റെ കൂടെ ട്രെയിനിങ് കഴിഞ്ഞവര്‍ ഡി.ഐ.ജി വരെയായാണ് റിട്ടയര്‍ ചെയ്തത്. കൃത്യമായ ട്രാക്ക് റെക്കോര്‍ഡുള്ള എനിക്കും അത് സാധ്യമാകുമായിരുന്നു. പക്ഷേ അതില്‍ ആരോടും പരാതിയില്ല.
ജോലി വിട്ടുപോന്നത് എന്റെ താത്പര്യത്തിലാണ്. ആരും സമ്മര്‍ദ്ദം ചെലുത്തിയതല്ല. സത്യസന്ധമായി പണിയെടുക്കാന്‍ സാധിക്കില്ലെന്ന് കണ്ടപ്പോള്‍ അങ്ങനെ ഒരു തീരുമാനമെടുത്തു. പൊലീസിലും ഡിഫന്‍സിലും മേലുദ്യോഗസ്ഥന്‍ പറയുന്നത് തെറ്റായാലും ശരിയായാലും അനുസരിച്ചില്ലെങ്കില്‍ നില്‍ക്കാന്‍ കഴിയില്ല. എന്റെ സ്വഭാവ രീതിയനുസരിച്ച് നില്‍ക്കാന്‍ കഴിയില്ല.
സര്‍വീസ് വിടരുതെന്ന് അന്നത്തെ അഡീഷണല്‍ ഡി.ജി.പി ആയിരുന്ന, ഗുജറാത്ത് കേഡറില്‍ നിന്നും റിട്ടയര്‍ ചെയ്ത ജാദവേദര്‍ നമ്പൂതിരി എന്നോട് പറഞ്ഞു. ഏത് ബ്രാഞ്ചിലേക്ക് വേണമെങ്കിലും ട്രാന്‍സ്ഫര്‍ തരാം എന്നും സര്‍വീസ് വിടരുതെന്നുമായിരുന്നു
അദ്ദേഹം പറഞ്ഞത്. എന്നാല്‍ വേണ്ടെന്നായിരുന്നു എന്റെ മറുപടി.
തെറ്റു ചെയ്യാത്ത ആളാണ് ഞാന്‍. കേസ് അവസാന ഘട്ടമെത്തിയ അവസരത്തില്‍ ഞാന്‍ ബെംഗളൂരിലേക്കോ മദ്രാസിലേക്കോ ട്രാന്‍സ്ഫര്‍ വാങ്ങി പോയാല്‍ ജനങ്ങള്‍ അത് വേറെ രീതിയിലേ എടുക്കൂ എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
എന്റെ അന്വേഷണത്തില്‍ പാളിച്ചയോ തിരിമറിയോ ഉണ്ടായതുകൊണ്ട് എന്നെ ട്രാന്‍സ്ഫര്‍ ചെയ്തു എന്നേ ആളുകള്‍ കരുതൂ. തെറ്റ് ചെയ്തവനാണെങ്കില്‍ കുഴപ്പമില്ല. തെറ്റ് ചെയ്യാതെ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ആഗ്രഹിച്ചില്ല. ഇതൊന്നും ജനങ്ങള്‍ അറിയില്ല. മദ്രാസിലേക്കും ബാംഗ്ലൂരിലേക്കും ചോദിച്ച് വാങ്ങുന്ന ട്രാന്‍സ്ഫര്‍ ആണെങ്കിലും അത് ബ്ലാക്ക് മാര്‍ക്ക് ആയിരിക്കും. ഞാന്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ വാങ്ങണോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. ഈ വിധി സത്യത്തിന്റെ വിധിയാണ്. സന്തോഷം മാത്രമേയുള്ളൂ’ വര്‍ഗീസ് തോമസ് പറഞ്ഞു.
പ്രതികള്‍ക്ക് കിട്ടുന്ന ശിക്ഷ കടുത്തതാണോ എന്ന് അറിയില്ലെന്നും മുന്‍പില്‍ എത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലേ ശിക്ഷ വരുള്ളൂവെന്നും വര്‍ഗീസ് പറഞ്ഞു.
കൊലപാതകമെന്ന് തെളിഞ്ഞ കേസില്‍ ജീവപര്യന്തമെങ്കിലും കോടതി കൊടുക്കും. തെളിവില്‍ കുറവുണ്ടെങ്കില്‍ മാത്രമേ ഏഴ് വര്‍ഷമൊക്കെ ആവുള്ളൂ. കൊലപാതകം തെളിഞ്ഞ കേസില്‍ അത് സാധിക്കില്ല. പൊതുജനം കല്ലെറിയുന്നതുപോലെ ജഡ്ജിക്ക് നേരെ വിമര്‍ശനം വരും.
അന്ന് സമ്മര്‍ദ്ദം ചെലുത്തിയ ഉദ്യോഗസ്ഥനോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് അദ്ദേഹം ഒറീസ കേഡര്‍ ഐ.പി.എസ് ഓഫീസറായിരുന്നെന്നും ഡി.ജി.പിയായി റിട്ടയര്‍ ചെയ്ത അദ്ദേഹത്തോട് അഡൈ്വസ് ഒന്നും പറയാനില്ലെന്നും ഈ വിധി അദ്ദേഹം കാണുമെന്നുമായിരുന്നു വര്‍ഗീസിന്റെ പ്രതികരണം.
സി.ബി.ഐ ഓഫീസറായിരുന്ന വര്‍ഗീസ് പി. തോമസ്സ് അഭയയുടേത് കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നെങ്കിലും കോടതിയില്‍ തെളിവുകളുമായി മുന്നോട്ട് പോകാന്‍ സി.ബി.ഐയ്ക്ക് സാധിച്ചിരുന്നില്ല. പിന്നാലെ വര്‍ഗീസ് പി. തോമസ്സിന്റെ രാജി വിവാദമായി. അഭയ കൊലക്കേസ്സില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച ഒരു ഘട്ടമായിരുന്നു ഇത്.
പത്രസമ്മേളനം വിവാദമായതോടെ കേരളത്തിലെ എല്ലാ എം.പിമാരും ചേര്‍ന്ന് അന്നത്തെ സി.ബി.ഐ ഡയറക്ടര്‍ കെ. വിജയരാമ റാവുവിന് പരാതി നല്‍കി.
തുടര്‍ന്ന് സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എം.എല്‍. ശര്‍മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സി.ബി.ഐ സംഘത്തിന് അന്വേഷണച്ചുമതല നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറന്‍സിക് പരിശോധനകളും ഡമ്മി പരീക്ഷണവുമെല്ലാം നടന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക