| Tuesday, 27th March 2012, 12:09 pm

അഭയ: നീതി അട്ടിമറിക്കപ്പെട്ടിട്ട് ഇന്നേക്ക് 20 വര്‍ഷം; സി.ബി.ഐ മേധാവിക്ക് ജോമോന്റെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: അധികാരവും പണവും സ്വാധീനവും നീതിയിക്ക് മേല്‍ ഫണം വിടര്‍ത്തിയപ്പോള്‍ സിസ്റ്റര്‍ അഭയ കേസില്‍ ഇപ്പോഴും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ സൈ്വരവിഹാരം നടത്തുന്നു. അഭയ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക്(ചൊവ്വ്വ) 20 വര്‍ഷം പിന്നിട്ടിരിക്കയാണ്. 1992 മാര്‍ച്ച് 27നാണ് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 17 ദിവസം ലോക്കല്‍ പോലീസും ഒമ്പത് ദിവസം ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് വിടുകയായിരുന്നു. 1993 മാര്‍ച്ച് 29ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. 19 വര്‍ഷമായും കേസ് അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല.

അതേസമയം സിസ്റ്റര്‍ അഭയ കൊല്ലപ്പെടും മുമ്പ് പീഡനത്തിനിരയായെന്ന വാദം അടിസ്ഥാനരഹിതമെന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരിക്കയാണ്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിക്കെതിരെ സി.ബി.ഐ പ്രത്യേക കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ച സത്യവാങ്ൂമലത്തിലാണ് മുന്‍ നിലപാടില്‍ ഉറച്ചുനിന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടും പീഡനം നടന്നിട്ടില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നതെന്നും വര്‍ക്ക് ബുക്ക് തിരുത്തലിനെ കുറിച്ച് സൂക്ഷ്മ അന്വേഷണം നടത്തിയെന്നും കെമിക്കല്‍ എക്‌സാമിനര്‍മാരുമായും അനലിസ്റ്റുമായും പ്രതികള്‍ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കേസില്‍ ഏറെക്കാലമായി നിയമ പോരാട്ടം നടത്തുന്ന ജോമോന്‍ പുത്തന്‍ പുരക്കല്‍ സി.ബി.ഐ നിലപാടില്‍ ആശങ്കാകുലനാണ്. “അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിള്‍, അഭയയുടെ റൂം മേറ്റായിരുന്ന സിസ്റ്റര്‍ ഷേര്‍ളി, കോണ്‍വെന്റിലെ അടുക്കള ജീവനക്കാരിയായ ത്രേസ്യാമ്മ എന്നീ നാലു പേരെ നാര്‍ക്കോ പരിശോധന നടത്തി കൂടുതല്‍ വിവരം ലഭിക്കുന്ന മുറക്ക് അടുത്ത കുറ്റപത്രം നല്‍കുമെന്നാണ് സി.ബി.ഐ പറഞ്ഞത്. എന്നാല്‍ അതിനായി നടപടിയൊന്നും നടന്നിട്ടില്ല”- ജോമോന്‍ വ്യക്തമാക്കുന്നു. കേസ് രണ്ടുപതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ നടപടി കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരക്കല്‍ സി.ബി.ഐ മേധാവി എ.പി സിങ്ങിന് നല്‍കിയ നിവേദനം നല്‍കിയിട്ടുണ്ട്.

ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയാണെന്ന് പറഞ്ഞ അഭയയുടെ മരണം കൊലപാതകമെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു സി.ബി.ഐ നിലപാട്. ഇതെ തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്ന സി.ബി.ഐ നിലപാട് കോടതി തള്ളി. ഇതിനിടെ, സി.ബി.ഐ അന്വേഷണ സംഘത്തിന്റെ തലപ്പത്ത് പല ഉദ്യോഗസ്ഥരും മാറിവന്നു. പതിനഞ്ച് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവില്‍ 2008 നവംബര്‍ 18ന് രണ്ട് പുരോഹിതരും കന്യാസ്ത്രീയും അടക്കമുള്ളവരെ സി.ബി.ഐ അറസ്റ്റ് ചെയ്‌തെങ്കിലും വിചാരണ തുടങ്ങാനായിട്ടില്ല. പുരോഹിതരുടെ അറസ്റ്റിന് തൊട്ടുപിന്നാലെ, മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയാറാക്കുകയും പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്ത മുന്‍ എ.എസ്.ഐ വി.വി അഗസ്റ്റിന്‍ ആത്മഹത്യ ചെയ്യുകയും ചെയ്തു.

തിരുവനന്തപുരത്ത് സി.ബി.ഐ പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണയില്‍ കേസ് കൈകാര്യം ചെയ്യാന്‍ സമര്‍ഥനായ സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയോഗിക്കണമെന്നും ജോമോന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി 10ന് വാദം കേള്‍ക്കാന്‍ എടുത്തപ്പോള്‍ കേസിന്റെ വിവരണം നല്‍കാന്‍ പോലും കഴിയാതെ സി.ബി.ഐ പ്രോസിക്യൂട്ടര്‍ അപഹാസ്യനായത് നിവേദനത്തില്‍ എടുത്തുപറയുന്നു. ഇതുവരെ ഒറ്റ കൊലക്കേസ് പോലും കൈകാര്യം ചെയ്യാത്തയാളാണ് ഈ പ്രോസിക്യൂട്ടറെന്നും ജോമോന്‍ കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more