D' Election 2019
അബ് ഹോഗാ ന്യായ്; കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 07, 06:48 am
Sunday, 7th April 2019, 12:18 pm

ന്യൂദല്‍ഹി: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം തീരുമാനമായി. ഏറെ ആഘോഷിക്കപ്പെട്ട കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയെ മുന്‍ നിര്‍ത്തിയായിരിക്കും തെരഞ്ഞെടുപ്പ് പ്രചരണവും എന്നതിന്റെ വ്യക്തമായ സൂചനയാണ് “അബ് ഹോഗാ ന്യായ്” എന്ന മുദ്രാവാക്യത്തിലൂടെ കോണ്‍ഗ്രസ് നല്‍കുന്നത്.

നിരവധി ആന്തരിക സര്‍വേകള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവിലാണ് പാര്‍ട്ടി പ്രസ്തുത മുദ്രാവാക്യത്തിലേക്കെത്തിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. “ചര്‍ച്ചകളില്‍ നിന്നും ന്യായ് പദ്ധതി മിക്ക സംസ്ഥാനങ്ങളിലും ശക്തമായ അഭിപ്രായം സൃഷ്ടിച്ചു എന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറയുന്നു. എന്നാല്‍ അതിനെക്കുറിച്ച് വീണ്ടും സംസാരിക്കേണ്ടിയിരിക്കുന്നു. അതിനെക്കുറിച്ച് കൂടുതല്‍ ആശയവിനിമയം നടക്കേണ്ടതുണ്ട്”- അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ മാത്രം കേന്ദ്രീകരിച്ച് പ്രചരണം നടത്താനാണ് പദ്ധതിയെന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. “സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങ്ങും ഇല്ല. പൂര്‍ണമായും രാഹുല്‍ ഗാന്ധിയില്‍ കേന്ദ്രീകരിച്ചായിരിക്കും പ്രചരണം”- അദ്ദേഹം പറഞ്ഞു.

Also Read 15 വര്‍ഷമായി ബി.ജെ.പിക്ക് നല്‍കിയ പിന്തുണയ്ക്ക് അവസാനം; മതധ്രുവീകരണത്തെ പ്രതിരോധിക്കാന്‍ നാഗാലാന്‍ഡില്‍ എന്‍.പി.എഫ് കോണ്‍ഗ്രസിനൊപ്പം

രാജ്യത്തെ ജനങ്ങള്‍ക്ക് പ്രതിമാസം 12,000 രൂപ വരുമാനം ഉറപ്പു വരുത്തുന്ന പദ്ധതിയാണ് ന്യായ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചരണ ആയുധവും ഇതു തന്നെയാണ്.

ബാംഗ്ലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്കാണ് കോണ്‍ഗ്രസിന്റെ സര്‍ഗാത്മക മീഡിയ പ്രചരണ ചുമതല. ഇലക്ട്രോണിക് മീഡിയ പരസ്യങ്ങളുടെ ചുമതല പെര്‍സെപ്റ്റിനും ഗോള്‍ഡന്‍ റാബിറ്റിനുമാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. ഗോള്‍ഡന്‍ റാബിറ്റും ആക്ടീവ് മീഡിയയും ചേര്‍ന്നാണ് ദേശീയ തലത്തിലേയും സംസ്ഥാന തലങ്ങളിലേയും കോണ്‍ഗ്രസിന്റെ അച്ചടി പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.