| Thursday, 3rd March 2016, 11:53 am

മത്സരിക്കാനില്ല; താന്‍ മാറി നില്‍ക്കുന്നതിലൂടെ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുമെങ്കില്‍ സന്തോഷമെന്ന് സമദാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് മലപ്പുറം കോട്ടയ്ക്കല്‍ എം.എല്‍.എ അബ്ദു സമദ് സമദാനി.

പിന്‍മാറ്റം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുമതിയോടെയും സമ്മതത്തോടെയാണെന്നും സമദാനി പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് താല്‍പര്യം. ഈ തിരഞ്ഞെടുപ്പില്‍ മാറിനില്‍ക്കണമെന്ന് നേരത്തെ തന്നെ തോന്നിയതാണ്. ഇക്കാര്യം പാര്‍ട്ടിയോടും നേതൃത്വത്തോടും അറിയിച്ചിരുന്നു.

താന്‍ മാറി നില്‍ക്കുന്നതിലൂടെ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിക്കുമെങ്കില്‍ അതില്‍ സന്തോഷമുണ്ടെന്നും സമദാനി പറഞ്ഞു.

ഇനിയൊരിക്കലും മല്‍സരിക്കില്ല എന്ന നിലപാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ ഇന്നാണ് പ്രഖ്യാപിക്കുക പ്രഖ്യാപനം തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ ഉടന്‍ തന്നെ പ്രഖ്യാപനമുണ്ടാകും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ഉന്നതാധികാര സമിതി ഇന്ന് പാണക്കാട് ചേരും.

ലീഗിന്റെ അഞ്ചു മന്ത്രിമാര്‍ മത്സരത്തിനിറങ്ങുമെന്നാണ് ഇതുവരെ പുറത്തു വന്നിരിക്കുന്ന സൂചനകള്‍. ഇതില്‍ പികെ കുഞ്ഞാലിക്കുട്ടി ഒഴികെയുള്ളവര്‍ സിറ്റിങ്ങ് സീറ്റില്‍ മത്സരിക്കും.

പി.കെ കുഞ്ഞാലികുട്ടി വേങ്ങര ഒഴിവാക്കി മലപ്പുറത്ത് മത്സരിക്കും. വേങ്ങരയില്‍ കെ.പി.എ മജീദാവും മത്സരിക്കുക. അബ്ദുറബ്ബ് തിരൂരങ്ങാടിയിലും കോഴിക്കോട് സൗത്തില്‍ എം.കെ മുനീര്‍, അഴീക്കോട് കെ. എം.ഷാജി, കൊണ്ടോട്ടി ടി.വി ഇബ്രാഹിം എന്നിവര്‍ മത്സര രംഗത്തുണ്ടാകും.

പെരിന്തല്‍ മണ്ണയില്‍ മഞ്ഞളാംകുഴി അലി, കോട്ടയ്ക്കല്‍ ഹമീദ് മാസ്റ്റര്‍, മണ്ണാര്‍കാട് എം.ഷംഷുദ്ദീന്‍ എന്നിങ്ങനെയാണ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് ഇന്നലെ പുറത്തു വന്നിരുന്ന റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more