മലപ്പുറം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. സംവരണ തത്വം പാലിക്കാനാണ് സാധാരണ വനിതാ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും നിയമസഭയിലേക്ക് അങ്ങനെയൊരു സാഹചര്യമില്ലെന്നും എസ്.വൈ.എസ് സെക്രട്ടറി കൂടിയായ അബ്ദുസമദ് പൂക്കോട്ടൂര്‍ മീഡിയാ വണ്ണിനോട് പറഞ്ഞു.
‘വനിതാ സ്ഥാനാര്‍ത്ഥികളെ സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിവരുന്നത് സംവരണതത്വം പാലിക്കുക എന്ന നിര്‍ബന്ധിത സാഹചര്യത്തിലാണ്. നിയമസഭയിലേക്ക് അങ്ങനൊരു നിര്‍ബന്ധിത സാഹചര്യം ഇല്ല.
ലീഗിന് വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടത് അത്യാവശ്യമല്ല. കാരണം നമ്മുടെ സഹോദരിമാരുടെ പ്രശ്നം പരിഹരിക്കാന്‍ തീര്‍ച്ചയായും നമുക്ക് സാധ്യമാകുന്നുണ്ട്. സ്ത്രീകള്‍ക്ക് ഇസ്‌ലാം മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. അവര്‍ക്ക് സ്ഥാനങ്ങളും നല്‍കിയിട്ടുണ്ട്,’ അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിനകത്ത് കുടുംബിനിയായ ഒരാള്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്നതില്‍ പരിധിയും പരിമിതിയുമുണ്ട്. അതേസമയം നിര്‍ബന്ധമായും സംവരണ തത്വം വന്നാല്‍ അത് പാലിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വ്യക്തിപരമായ തീരുമാനം സ്ത്രീകളെ നിര്‍ത്തേണ്ടെന്നാണ്. ലീഗിന് നിര്‍ത്തണോ നിര്‍ത്തേണ്ടയോ എന്നത് അവര്‍ക്ക് തീരുമാനിക്കാമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
സമസ്ത തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഒരു നിലപാട് പ്രഖ്യാപിക്കാറില്ല. ആളുകള്‍ക്ക് വ്യക്തിപരമായി, അവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വോട്ട് ചെയ്യാം. അല്ലാതെ സമസ്ത ആര്‍ക്കും പ്രത്യേക പിന്തുണ പ്രഖ്യാപിച്ചതായി ചരിത്രത്തിലില്ലെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ത്രീകളെ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സൂചനകള്‍ ഉണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക