റിയാസിന്റേത് വ്യഭിചാരമാണ്, വിവാഹമല്ല, അത് പറയാനുള്ള നട്ടെല്ലുണ്ടാകണം: അധിക്ഷേപ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി
Kerala News
റിയാസിന്റേത് വ്യഭിചാരമാണ്, വിവാഹമല്ല, അത് പറയാനുള്ള നട്ടെല്ലുണ്ടാകണം: അധിക്ഷേപ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th December 2021, 10:24 pm

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി.

റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചില്‍ നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മുന്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ… ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിനയാണത് (അറബി പദം). അത് പറയാന്‍ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം,’ അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞു.

 

സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്.

ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള ‘വിഡ്ഢിത്തം’ സുപ്രീം കോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡി.വൈ.എഫ്.ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇ.എം.എസും എ.കെ.ജിയും ഇല്ലാത്ത സ്വര്‍ഗം ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവര്‍ കാഫിറുകളാണ്. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാര്‍ട്ടിയാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് ശ്രമിച്ചാലും മുസ്‌ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിയ്ക്ക് വിടാന്‍ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള
ബില്‍ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

നേരത്തെ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു.

എന്നാല്‍ യോഗത്തില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന കേരള മുസ്ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

CONTENT HIGHLIGHTS:  Abdurrahman Kallai, the state secretary of the Muslim League, made abusive remarks against Minister P.A. Mohammad Riyas