| Thursday, 19th May 2016, 6:00 pm

തിരൂരങ്ങാടിയില്‍ വീണ്ടും അബ്ദുറബ്ബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരൂരങ്ങാടി: രണ്ടുതവണ താനൂരിനെയും ഒരുതവണ മഞ്ചേരിയെയും പ്രതിനിധീകരിച്ച പി.കെ അബ്ദുറബ്ബ് ഇത് തുടര്‍ച്ചയായി രണ്ടാം തവണയാണ് തിരൂരങ്ങാടിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നത്. എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച നിയാസ് പുളിക്കലകത്തിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് 6043 വോട്ടുകള്‍ക്ക് അബ്ദുറബ്ബ് വിജയിച്ചത്. നിയാസ് 56884 വോട്ട് കരസ്ഥമാക്കി. ബി.ജെ.പിയുടെ പി.വി ഗീത മാധവന് നേടാനായത് 8046 വോട്ടുകള്‍ മാത്രമാണ്. ലീഗിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തില്‍ നിയാസ്, അബ്ദുറബ്ബിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല.

 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ അഡ്വ. കെ.കെ.അബ്ദുസമദിനെതിരെ 30,208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പി.കെ. അബ്ദുറബ്ബ് വിജയിച്ചത്. 2006ല്‍ മണ്ഡലം പുനക്രമീകരണത്തിന് മുമ്പ് മുസ്ലീം ലീഗിലെ കെ.കുട്ടി അഹമ്മദ് കുട്ടി നേടിയ വോട്ടിന്റെ ഇരട്ടിയോളമാക്കാന്‍ അബ്ദുറബ്ബിനായി.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇ.ടി. മുഹമ്മദ് ബഷീറിന് ഭൂരിപക്ഷം വന്‍തോതില്‍ കുറഞ്ഞ സമയത്തും തിരൂരങ്ങാടി നിയോജക മണ്ഡലം നല്‍കിയ ഭൂരിപക്ഷമാണ് ഇ.ടിയെ കര കയറ്റിയത്. 23,367 വോട്ട് ഇ.ടി. തിരൂരങ്ങാടിയില്‍ മാത്രം നേടി.
1965 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്താല്‍ മുസ്‌ലീം ലീഗ് സ്ഥാനാര്‍ത്ഥികള്‍ അല്ലാതെ ആകെ ഇവിടെ നിന്നും ജയിച്ചത് എ. കെ. ആന്റണിമാത്രമാണ്. 1995ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ നിന്ന് കോണ്‍ഗ്രസ്സ് ആയിരുന്നു ഇവിടെ മത്സരിച്ചത്. ആ തെരെഞ്ഞെടുപ്പില്‍ എ.കെ ആന്റണി 22259 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. മുസ്‌ലീം ലീഗിന്റെ ശക്തമായ വേരോട്ടമുള്ള ഈ മണ്ഡലത്തില്‍ ഇടതുപക്ഷത്തിനു വിജയം എന്നും ബാലികേറാമലയാണ്. ബി.ജെ.പി ക്ക് 2011ല്‍ 4.27% വോട്ടുകള്‍ കിട്ടിയിരുന്നു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസ മന്ത്രിയും സ്ഥലം എം.എല്‍.എയുമായ പി കെ അബ്ദുര്‍റബ്ബിന്റെ നാടായ പരപ്പനങ്ങാടി നഗരസഭയില്‍ 42 സീറ്റിലെ 18 എണ്ണവും നിയാസ് പുളിക്കലകത്തിന്റെ നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണിയാണ് തൂത്തുവാരിയത്. അബ്ദുര്‍റബ്ബിന്റെ ഡിവിഷനില്‍ പോലും വന്‍ ഭൂരിപക്ഷത്തിന്റെ തോല്‍വിയാണ് ലീഗ് സ്ഥാനാര്‍ഥിക്കുണ്ടായത്. പരപ്പനങ്ങാടിയില്‍ 42ല്‍ 18സീറ്റ് ജനകീയ വികസന മുന്നണിയും 20 സീറ്റ് യു.ഡി.എഫും നാല് സീറ്റ് ബി.ജെ.പിയും നേടുകയായിരുന്നു. നഗരസഭാ ഭരണം തങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന് കണ്ടപ്പോള്‍ ചില രാഷ്ട്രീയ നാടകങ്ങളിലൂടെ ബി.ജെ.പിയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുകയും ത്രികോണ മത്സരത്തില്‍ മുസ്‌ലിംലീഗ് ഭരണത്തിലേറുകയുമാണുണ്ടായത്.


പി.കെ അബ്ദുറബ്ബ് (മുസ്‌ലിം ലീഗ്) 62927 ഭൂരിപക്ഷം-6043
നിയാസ് പുളിക്കലകത്ത് (എല്‍.ഡി.എഫ്-സ്വ) 56884
പി.വി ഗീതാമാധവന്‍ (ബി.ജെ.പി) 8046
അഡ്വ. കെ.സി നസീര്‍ (എസ്.ഡി.പി.ഐ) 2478

We use cookies to give you the best possible experience. Learn more