'കുറ്റം സ്ത്രീകളുടേതാണ്; അവരുടെ പോരായ്മകളാണ് പുരുഷന്മാരെ തെറ്റിലേക്കു നയിക്കുന്നത്' ശശീന്ദ്രന്‍ വിഷയത്തില്‍ കടുത്ത സ്ത്രീവിരുദ്ധ നിലപാടുമായി അബ്ദുല്‍സമദ് പൂക്കോട്ടൂര്‍
Kerala
'കുറ്റം സ്ത്രീകളുടേതാണ്; അവരുടെ പോരായ്മകളാണ് പുരുഷന്മാരെ തെറ്റിലേക്കു നയിക്കുന്നത്' ശശീന്ദ്രന്‍ വിഷയത്തില്‍ കടുത്ത സ്ത്രീവിരുദ്ധ നിലപാടുമായി അബ്ദുല്‍സമദ് പൂക്കോട്ടൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st March 2017, 12:04 pm

കോഴിക്കോട്: മന്ത്രി ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടുത്ത സ്ത്രീവിരുദ്ധ നിലപാടുകളുമായി പ്രമുഖ സുന്നി പ്രഭാഷകനും എസ്.വൈ.എസ് നേതാവുമായ അബ്ദുല്‍സമദ് പൂക്കോട്ടൂര്‍. സമസ്തയുടെ ചാനലായ ദര്‍ശന ടി.വിയില്‍ “മന്ത്രി ശശീന്ദ്രന്റെ രാജിയും മാധ്യമധര്‍മ്മവും” എന്ന തലക്കെട്ടില്‍ സംപ്രേഷണം ചെയ്ത നിലപാട് എന്ന പരിപാടിയിലാണ് അദ്ദേഹം സ്ത്രീകളെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്.

മന്ത്രി എ.കെ ശശീന്ദ്രന്‍ പരാതിക്കാരിയായ സ്ത്രീയെ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന ആരോപണങ്ങള്‍ ശരിയാണെങ്കില്‍ അത് സ്ത്രീകളുടെ ഭാഗത്തുനിന്നുള്ള പോരായ്മയാണ് എന്ന സമര്‍ത്ഥിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

കുടുംബപരമായ പശ്ചാത്തലം, സ്ത്രീകളുടെ പെരുമാറ്റം, സാഹചര്യം എന്നിവയാണ് ഒരു പുരുഷനെ ഇത്തരത്തില്‍ പെരുമാറാന്‍ പ്രേരിക്കുന്നതെന്ന തങ്ങളുടെ വാദം വിശദീകരിക്കുമ്പോഴാണ് ദര്‍ശന സ്ത്രീകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

“തന്റെ ഭാര്യയില്‍ നിന്ന് ലഭിക്കേണ്ടി വരുന്ന സൗകര്യങ്ങള്‍ ഒരാള്‍ക്ക് ലഭിക്കാതെ വരികയോ ഭാര്യയില്‍ നിന്ന് അകന്നു ജീവിക്കേണ്ടിവരികയോ അല്ലെങ്കില്‍ ഈ വ്യക്തിക്ക് ഭാര്യയില്‍ സംതൃപ്തിയാകാന്‍ കഴിയാതെ വരികയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഇങ്ങനെ സംഭവിക്കാറുണ്ട്.” എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്.

” ഇവിടെ ഭാര്യമാരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്നു പറയുന്നതില്‍ തീര്‍ച്ചയായും ചില പോയിന്റുകളുണ്ടെന്ന് നമുക്ക് പരിശോധിച്ചാല്‍ മനസിലാകും. കാരണം ഒരു സ്ത്രീയെ സംബന്ധിച്ച് തങ്ങളുടെ ഭര്‍ത്താവിന് നല്‍കേണ്ടത് നല്‍കുകയും ചെയ്യേണ്ടത് ചെയ്തു കൊടുക്കുകയും ചെയ്യണം. അവിടെ സ്ത്രീ പരാജയപ്പെടുമ്പോള്‍ പുരുഷന്‍ വഴിമാറും. അത് സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ ഇത്തരം പൊതുപ്രവര്‍ത്തകരായാലും മറ്റാരായാലും ശരി ഇത്തരം വഴുതി വീഴുന്ന സ്വഭാവമുള്ള ആളുകളെ ഭാര്യമാര്‍ മനസിലാക്കി അവരുടെ ആഗ്രഹങ്ങള്‍ നിവര്‍ത്തിച്ചുകൊടുക്കാന്‍ അവര്‍ സമയം കാണുകയും ഭര്‍ത്താവിന്റെ ഇംഗിതം അനുസരിച്ചു പെരുമാറുകയും ചെയ്യണം എന്നതു ഒരു പൊതുതത്വമാണ്. ഇത് വളരെ വ്യക്തമായി പരിശുദ്ധ പ്രവാചകന്‍ സമൂഹത്തെ പഠിപ്പിച്ചിട്ടുണ്ട്. ആ രീതിയില്‍ ഒരു പെണ്‍കുട്ടി പെരുമാറുമ്പോള്‍ അവരുടെ ഭര്‍ത്താവ് ഒരിക്കലും ഒരു മറ്റൊരിത്തിയെ കൊതിക്കുകയോ ആ ഒരു അവസ്ഥയിലേക്ക് അവന്റെ മനസു മാറുകയോ ചെയ്യില്ല.” എന്നാണ് കുടുംബപരമായ പശ്ചാത്തലം എന്ന കാരണത്തെ അവതാരകന്‍ വിശദീകരിക്കുന്നത്.


Must Read: ‘ ഒരു നൂറു വട്ടം ചോദിച്ചതാണ് തെമ്മാടിത്തരമാണോ ചെയ്തത് എന്ന് ‘;മംഗളം സി.ഇ.ഒയ്‌ക്കെതിരെ പൊട്ടിത്തെറിച്ചും  പിന്നാലെ രാജിവെച്ചും ഡെപ്യുട്ടി എഡിറ്റര്‍ 


ചില സ്ത്രീകളുടെ പെരുമാറ്റമാണ് പുരുഷന്‍ ഇത്തരത്തില്‍ പെരുമാറാനുള്ള മറ്റൊരു കാരണമെന്നു പറഞ്ഞ അദ്ദേഹം അതിനിടെ ഇങ്ങനെ വിശദീകരിക്കുന്നു.

“ഇത്തരം സ്ത്രീകളുടെ പെരുമാറ്റം എന്നു പറയുമ്പോള്‍ ഒരു പൊതുപ്രവര്‍ത്തകന്റെയടുത്ത് പരാതിപ്പെടാന്‍ ഒരു സ്ത്രീ ഒറ്റയ്ക്ക് എന്തിനാണ് പോകുന്നത്. ഇനി അങ്ങനെ ഒറ്റയ്ക്ക് ഒരു സ്ത്രീപോയാല്‍ ഇയാളൊന്ന് നോക്കുമ്പോഴേക്കും ഇയാള്‍ ഇത്തരം ചുവയുള്ള സംസാരം ആരംഭിക്കുമ്പോള്‍ തന്നെ മാറാമല്ലോ. അവളുടെ സ്വഭാവം കണിശമാണെന്ന് ബോധ്യപ്പെട്ടാല്‍ ഒരിക്കലും അവളോട് സംവദിക്കാന്‍ അത്തരക്കാര്‍ വരില്ല. ” അദ്ദേഹം പറയുന്നു.

“ഈകാര്യങ്ങളൊക്കെ ചിന്തിക്കുമ്പോള്‍ നമുക്ക് മനസിലാവും ഇവിടെ സ്ത്രീയുടെ കയ്യില്‍ വ്യാപകമായി എന്തോ തകരാര്‍ സംഭവിച്ചിട്ടുണ്ട് എന്ന്. ഇത്തരം വീഴ്ചകള്‍ വരുമ്പോഴാണ് ഇങ്ങനെയുള്ള പ്രവൃത്തികള്‍ സംഭവിക്കുന്നത്.” എന്നും അദ്ദേഹം പറയുന്നു.

സ്ത്രീകള്‍ കൊഞ്ചിക്കുഴഞ്ഞ് സംസാരിച്ചാല്‍ പുരുഷന്‍ ഇത്തരത്തില്‍ പെരുമാറുന്നത് സ്വാഭാവികമാണെന്ന് ഖുര്‍ആന്‍ ഉദ്ധരിച്ച് ഇയാള്‍ സമര്‍ത്ഥിക്കാനും ശ്രമിക്കുന്നുണ്ട്.

“പരിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട് നിങ്ങള്‍ ഭക്തരാണെങ്കില്‍ സംസാരത്തില്‍ ഒരിക്കലും മോശമായി സംസാരിക്കരുത്. കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കരുത് എന്നാണ് ആ പദത്തിന്റെ കൃത്യമായ അര്‍ത്ഥം. അങ്ങനെ നിങ്ങളുടെ സംസാരത്തില്‍ വല്ലതും ഒരാള്‍ക്ക് തോന്നത്തക്കവിധം കൊഞ്ചിക്കുഴഞ്ഞ സംസാരം ഒരു സ്ത്രീയുടെ ഭാഗത്തുനിന്ന് സംഭവിച്ചാല്‍ മനസില്‍ രോഗമുള്ളയാള്‍ നിന്നെ കൊതിച്ചുപോകും. നിന്നെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചുപോകും. നിന്നോട് ആ രീതിയില്‍ അയാള്‍ സംവദിച്ചുപോകും.” അദ്ദേഹം പറയുന്നു.

അന്തസ്സും അഭിമാനവുമുള്ള സ്ത്രീ സംസാരിക്കുന്നതുപോലെ സ്ത്രീകള്‍ പെരുമാറിയാല്‍ ഇത്തരത്തില്‍ പെരുമാറാന്‍ ആരും മുന്നോട്ടുവരില്ലെന്ന “കണ്ടെത്തലും” അദ്ദേഹം അവതരിപ്പിക്കുന്നു.

“മര്യാദയ്ക്ക് സംസാരിക്കണം. ഒരാവശ്യം പറയാന്‍ വേണ്ടി മന്ത്രിയുടെ മുമ്പിലാണെങ്കിലും പൊതുപ്രവര്‍ത്തകന്റെ മുമ്പിലാണെങ്കിലും ഇവള്‍ അന്തസ്സും അഭിമാനവുമുള്ള കുടുംബത്തിലെ സ്ത്രീ സംസാരിക്കുന്നതുപോലെ മാന്യമായി സംസാരിക്കണം. ആ രീതിയിലാണ് അവള്‍ സംസാരിക്കുന്നതെങ്കില്‍ ഇത്തരത്തില്‍ പെരുമാറാന്‍ ഒരിക്കലും ഒരാള്‍ മുന്നോട്ടു പോകില്ല.”

“സ്ത്രീകളുടെ വേഷം വളരെ പ്രധാനമാണ്. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടി വേഷം കെട്ടി നടക്കുന്ന സ്ത്രീകളുണ്ട്. ജോലിക്കുവേണ്ടിയോ പ്രമോഷനു വേണ്ടിയോ സ്വന്തം ശരീരം വരെ കാഴ്ചവെക്കാന്‍ തയ്യാറുള്ള വനിതകളുണ്ട്.” എന്നു പറഞ്ഞ അദ്ദേഹം താന്‍ സ്ത്രീകളെ അടച്ചാക്ഷേപിക്കുകയല്ലെന്നും മാന്യമായി ജീവിക്കുന്ന സ്ത്രീകളുമുണ്ട് എന്നു പറഞ്ഞ് ഈ അധിക്ഷേപത്തെ ന്യായീകരിക്കാനും ശ്രമിക്കുന്നു.

“സ്ത്രീകളുടെ വേഷം,അതുപോലെ തന്നെ പെരുമാറ്റം, ഭാവഭാവാദികള്‍, ഒറ്റക്കുള്ള സഞ്ചാരം അതൊക്കെയാണ് പലപ്പോഴും പെണ്‍കുട്ടികളെ അപകടപ്പെടുത്തുന്നത്. ഇത്തരം സംഭവങ്ങളെക്കുറിച്ച് ചികഞ്ഞന്വേഷിക്കുമ്പോള്‍ നമുക്ക് കൃത്യമായി ബോധ്യപ്പെടുന്നതാണ്.” എന്നു പറഞ്ഞുകൊണ്ടാണ് സ്ത്രീകളുടെ പെരുമാറ്റദൂഷ്യം എന്ന പോയന്റ് അവതാരകന്‍ ഉപസംഹരിക്കുന്നത്.

സ്ത്രീകളും പൊതുപ്രവര്‍ത്തന രംഗത്തുള്ളതിനാല്‍ ഒരുമിച്ച് ഇടപെടേണ്ടി വരികയും മറ്റും ചെയ്യുന്നു എന്നു പറഞ്ഞുകൊണ്ടാണ് സാഹചര്യം എന്ന കാരണത്തെ അവതാരകന്‍ വിശദീകരിക്കുന്നത്.

“മൂന്നാമത്തെ പ്രധാനപ്പെട്ട കാര്യമാണ് സാഹചര്യം. സാഹചര്യമെന്നു പറയുമ്പോള്‍ ഇന്ന് പൊതുപ്രവര്‍ത്തന രംഗത്ത് സ്ത്രീകളുമുണ്ട്. അതുപോലെ തന്നെ ഇത്തരം സൗകര്യങ്ങളുമുള്ളപ്പോള്‍ മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥരുമൊക്കെയാകുമ്പോള്‍ അവര്‍ക്ക് ഒറ്റയ്ക്ക് സംസാരിക്കാനും ഒറ്റയ്ക്ക് യാത്ര ചെയ്യാനും ഒരുമിച്ച് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനും അതുപോലുള്ള കാര്യങ്ങള്‍ക്കൊക്കെ തുറന്ന അവസരങ്ങളുള്ള രാജ്യത്ത് സ്വാഭാവികമായും അടുക്കുവാനും അവിഹിതം ചെയ്യുവാനും രണ്ടുപേരൊന്നിച്ചാല്‍ എന്തു വൃത്തികേടും ലോകമറിയാതെ ചെയ്യാന്‍ പറ്റും.


Also Read: ‘നാണംകെട്ട കപടനാടകക്കാരെ കൂവിയിരുത്തിയ കേരളജനതയ്ക്ക് അഭിവാദ്യങ്ങള്‍’; മംഗളത്തിന്റെ ഏറ്റു പറച്ചിലില്‍ പ്രതികരണവുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ഹര്‍ഷന്‍ 


“വ്യക്തിവിശുദ്ധിയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ പലരില്‍ നിന്നും സാഹചര്യങ്ങളുടെ സൗകര്യം മൂലം സംഭവിക്കുന്നുണ്ട് എന്ന കാര്യത്തെ ഒരിക്കലും നമുക്ക് നിഷേധിക്കാനാവില്ല. കുടുംബജീവിതം പോലും പിന്നീട് തകരാറിലായ പലരുമുണ്ട്. ഭര്‍ത്താവിനെ വിട്ടേച്ച് പുതിയ ബന്ധത്തിന്റെ പേരില്‍ ഇറങ്ങിപ്പോകുന്ന സ്ത്രീകളുണ്ട്. കൊച്ചുകുഞ്ഞുങ്ങളെ വഴിയാധാരമാക്കുന്നവരുണ്ട്. ഇതൊക്കെ എന്തുകൊണ്ട് സംഭവിക്കുന്നു? സ്ത്രീകള്‍ നില്‍ക്കേണ്ടിടത്ത് നില്‍ക്കാത്തതുകൊണ്ട്. സ്ത്രീകള്‍ അവരുടെ മാന്യതയെക്കുറിച്ച് ചിന്തിക്കാത്തതുകൊണ്ട്.” അദ്ദേഹം പറയുന്നു.

പുരുഷന്റെ ഭാഗത്ത് തെറ്റുണ്ട് എന്ന കാര്യം സമ്മതിക്കുമ്പോഴും അതിനെ പുരുഷന്റെ കഴിവായി വ്യാഖ്യാനിച്ചുകൊണ്ട് സ്ത്രീ അതിനു വഴങ്ങരുതെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നു.

“പുരുഷന്റെ ഭാഗത്ത് തെറ്റില്ല എന്നു പറഞ്ഞുകൊണ്ട് അവരെ ന്യായീകരിക്കുകയല്ല. പുരുഷന്‍ ചെയ്യുന്നത് 100% തെറ്റാണ്. സ്ത്രീകളെ പറഞ്ഞ് വശീകരിക്കാന്‍ പുരുഷന് കഴിയും. എന്നാല്‍ ഒരിക്കലും സ്ത്രീ അതിനു വഴങ്ങിക്കൊടുക്കരുത്.” അദ്ദേഹം പറയുന്നു.

സ്ത്രീകളുടെ ഭാഗത്തുനിന്നു സംഭവിക്കുന്ന അപാകതകളാണ് സ്ത്രീപീഡനങ്ങള്‍ക്കു കാരണമെന്ന “കണ്ടെത്തലും” അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

“സ്ത്രീ പീഡനക്കേസുകള്‍ പലതും പരിശോധിക്കുമ്പോള്‍ കാണാനാവുന്നത് സ്ത്രീകള്‍ക്കു സംഭവിച്ച അപാകതയാണ് അവരെ ഇത്തരം ചതിക്കുഴിയില്‍ കൊണ്ടിടുന്നതെന്നാണ്.” അദ്ദേഹം പറയുന്നു.