വികസനത്തിനും ജനങ്ങള്‍ക്കും വേണ്ടി നിയമങ്ങള്‍ ഭേദഗതി ചെയ്യാം; കടല്‍ മണലെടുപ്പിനെ അനുകൂലിച്ച് അബ്ദുള്ളക്കുട്ടി
Discourse
വികസനത്തിനും ജനങ്ങള്‍ക്കും വേണ്ടി നിയമങ്ങള്‍ ഭേദഗതി ചെയ്യാം; കടല്‍ മണലെടുപ്പിനെ അനുകൂലിച്ച് അബ്ദുള്ളക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th October 2013, 5:50 pm

കേരളത്തിന്റെ ഓരോ വികസനത്തിന്റെ കാര്യത്തിലും പരിസ്ഥിതി വാദികള്‍ വാദമുന്നയിക്കുന്നത് ശാസ്ത്രീയമായ അടിസ്ഥാനത്തിലല്ല. ഞാനും ശാസ്ത്രപരിശത്തിന്റെ സഞ്ചിയും തൂക്കി വര്‍ഷങ്ങളോളം ഇത്തരം അശാസ്ത്രീയ പരിസ്ഥിതി വാദം പറഞ്ഞ് നടന്നിരുന്നു. കേരളത്തില്‍ 580 കി.മി തീരദേശമാണ്. നമ്മുടെ വികസനത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രം തീരദേശമാണ്. ഇവിടെ പല വികസന പ്രവര്‍ത്തനങ്ങളും സ്തംഭിക്കാന്‍ കാരണം ഇത്തരം നിയമങ്ങളാണ്. ഇതിലൊക്കെ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്.

പക്ഷം; പ്രതിപക്ഷം/ എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ
തയ്യാറാക്കിയത് / നസീബ ഹംസ

63 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തിനൊടുവില്‍ ജസീറ പാര്‍ലമെന്റിലേക്ക് സമരം മാറ്റുകയാണ്. കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നിലും സെക്രട്ടറിയേറ്റിന് മുന്നിലും സമരം ചെയ്ത് ലഭിക്കാത്ത നീതി പാര്‍ലമെന്റിന് മുന്നില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയോടെ.

ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് നീതി ഉറപ്പാക്കേണ്ട അതേ നേതാക്കള്‍ തന്നെ അവരെ അവഗണിക്കുന്നതാണ് നാളുകളായി കണ്ടുവരുന്നത്. ജസീറയുടെ സമരത്തിലും സംഭവിച്ചത് മറ്റൊന്നല്ല. ജസീറയുടെ സമരത്തില്‍ തുടക്കം മുതല്‍ എതിര്‍പ്പുമായി മുന്നോട്ട് വന്ന നേതാവാണ് അബ്ദുള്ളക്കുട്ടി എം.എല്‍.എ.

ജസീറയുടെ സമരത്തെ കുറിച്ച് അബ്ദുള്ളക്കുട്ടി എം.എല്‍.എയുമായി നടത്തിയ അഭിമുഖം

? മണല്‍വാരല്‍ കൊണ്ട് നിരവധി പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതൊന്നും കാണാതെ താങ്കളെ പോലൊരു പൊതുപ്രവര്‍ത്തകന്‍ മണല്‍വാരലിനെ പ്രോത്സാഹിപ്പിക്കുന്നത് ശരിയാണോ

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്ന് പറയുമ്പോള്‍ എല്ലാകാര്യങ്ങളിലുമുണ്ട്. മണലെടുക്കുന്നത് മാത്രമല്ല, വാഹനത്തില്‍ യാത്ര ചെയ്യുന്നത് പോലും പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടി വരും. ഇതിനെ കേവലമായി പറയാതെ പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവും ശ്രദ്ധയും വേണമെന്ന് മാത്രം. മനുഷ്യന്റെ ജീവിതവും വികസനവും ബാലന്‍സ് ചെയ്ത് കൊണ്ടുപോവുന്ന വികസനമാണ് വേണ്ടത്. പരമാവധി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു വികസന പ്രവര്‍ത്തനമാണ് നടത്തേണ്ടത്.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്ന് പറയുമ്പോള്‍ എല്ലാകാര്യങ്ങളിലുമുണ്ട്. മണലെടുക്കുന്നത് മാത്രമല്ല, വാഹനത്തില്‍ യാത്ര ചെയ്യുന്നത് പോലും പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനമായി കാണേണ്ടി വരും.

? നിയമവിരുദ്ധമായ മണല്‍വാരലിനെ താങ്കള്‍ എന്തുകൊണ്ട് ന്യായീകരിക്കുന്നു

നിയമങ്ങള്‍ ഉണ്ടാക്കുന്നത് ജനങ്ങളാണ്. നമ്മുടെ ഭരണ ഘടന നൂറ് കണക്കിന് തവണ ഭേദഗതി ചെയ്തിട്ടുണ്ട്. കടല്‍ മണ്ണെടുക്കുക എന്നത് പുതിയ ആശയമാണ്. ആ ആശയത്തിന് അനുസരിച്ച് നിയമം ഉണ്ടാക്കുകയാണ് വേണ്ടത്. പല രാജ്യങ്ങളിലും ഇത് ചെയ്യുന്നുണ്ട്. പക്ഷേ, അതിന് എതിരായി പരിസ്ഥിതി പ്രശ്‌നങ്ങളേക്കാളും  ഉന്നയിക്കുന്ന പ്രധാന വാദം വളരെ ചിലവേറിയതാണെന്നാണ്. പക്ഷേ, വികസനത്തിനും ജനങ്ങള്‍ക്കും പ്രകൃതിക്കും വേണ്ടി ഏത് നിയമവും ഭേദഗതി ചെയ്യുകയും മാറ്റാവുന്നതുമാണ്.

? വികസനത്തിന് വേണ്ടി വിഭവങ്ങളെ ഊറ്റിയെടുക്കുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുക

തീരെ ആത്മാര്‍ത്ഥയില്ലാത്ത ചോദ്യമാണ് നിങ്ങള്‍ ചോദിച്ചത്. നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയെ ചൂഷണം ചെയ്തിട്ടാണ്.  പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്തിട്ടാണ് എല്ലാ വികസനവും നടന്നത്. പക്ഷേ, അതില്‍ നിയന്ത്രണങ്ങള്‍ വേണമെന്നുമാത്രം.

ആദ്യമേ പറയട്ടേ, തീവ്ര പരിസ്ഥിതി വാദികള്‍ക്കെതിരാണ് ഞാന്‍. കേരളത്തിലെ പല വികസന പ്രവര്‍ത്തനങ്ങളും ഇന്ന് ഈ തീവ്ര പരിസ്ഥിതി വാദത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാണുള്ളത്. കൊച്ചിന്‍ പെട്രോനെറ്റില്‍ നിന്നും മംഗലാപുരം ഗ്യാസ്‌പൈപ് ലൈന്‍ തടഞ്ഞു. പരിസ്ഥിതിവാദികളും മറ്റും കള്ളപ്രചരണം നടത്തിയാണ് ഇത് സ്തംഭിപ്പിച്ചത്. കൂടംകുളം നിലയം വഴി കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കാനുള്ളതാണ്. പക്ഷേ, പത്തനംതിട്ട, കോട്ടയം ജില്ലകള്‍ വഴിയുള്ള ഹൈട്ടെന്‍ഷന്‍ ലൈനിന്റെ പണി തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതോടെ തമിഴ്‌നാട്ടില്‍ നിന്നും വൈദ്യുതി ലഭിക്കാതാകും. നാല് വരി പാതയുടെ കാര്യത്തിലും ഇതാണ് അവസ്ഥ. പരിസ്ഥിവാദവും മറ്റും പറഞ്ഞ് കേരളത്തില്‍ മാത്രം അത് നടക്കുന്നില്ല. ഇങ്ങനെ വഴിയും വെളിച്ചവുമില്ലാതെ കേരളത്തെ ഇരുട്ടിലേക്ക് നയിക്കുന്ന ഈ തീവ്രപരിസ്ഥിതിവാദം അപകടകരമാണ്. വികസനത്തെ തടയുന്ന പരിസ്ഥിതിവാദം ജനദ്രോഹമാണ്.

jaseera4ലോകത്താകമാനം പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതം ഭീകരമാണ്. അതൊക്കെ ഞാന്‍ സമ്മതിക്കുന്നു. അതൊക്കെ ചര്‍ച്ച ചെയ്യേണ്ടതാണ്. കടലിനകത്താണ് പല രാജ്യങ്ങളിലും വികസനം നടത്തുന്നത്. സിങ്കപ്പൂരില്‍ ഓരോ വര്‍ഷവും 5 മീറ്റര്‍ കടല്‍ നികത്തുന്നുണ്ട്. പല രാജ്യങ്ങളിലും കടലിനുള്ളിലും നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്.

“റീ ക്ലെയിമിങ് ദി ലോസ്റ്റ് ലാന്‍ഡ്” എന്ന പദ്ധതി കേരളത്തില്‍ നടപ്പാക്കാവുന്നതാണ്. കേരളത്തിന്റെ തീരപ്രദേശം കടലെടുക്കുന്നുണ്ട്. അതിനെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ല. പരശുരാമന്‍ മഴുവെറിഞ്ഞ് തന്നതെന്ന് നമ്മള്‍ വിശ്വസിക്കുന്ന കേരളത്തിന്റെ തീരപ്രദേശം കടല്‍ ഭിത്തിയും മറ്റുമില്ലാത്തതിനാല്‍ കടലെടുക്കുകയാണ്. സിങ്കപ്പൂരിനെ പോലെയോ ഹോംങ്കോങ്ങിനെ പോലെയോ കടല്‍ നികത്തണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, നഷ്ടപ്പെട്ട കരഭൂമിയെങ്കിലും തിരിച്ചുപിടിക്കണം. തലശ്ശേരി കോടതിയില്‍ നിന്ന് കടലിലേക്ക് നോക്കിയാല്‍ രണ്ട് കിലോമീറ്ററിനപ്പുറത്ത് അപ്പുറത്ത് പാറക്കെട്ടുകള്‍ കാണാന്‍ സാധിക്കും. അവിടം വരെ മുമ്പ് കരയായിരുന്നു. അതൊക്കെ കടലെടുത്തതാണ്. ഇവിടെ നഷ്ടപ്പെട്ട ഭൂമി പോലും തൊടാന്‍ പറ്റുന്നില്ല.

കേരളത്തിന്റെ തുറമുഖങ്ങളില്‍ എല്ലാവര്‍ഷവും ഡ്രെഡ്ജിങ് നടക്കാറുണ്ട്. പോര്‍ട്ട് ആഴം കൂട്ടുന്നതാണിത്. പോര്‍ട്ടില്‍ അടിഞ്ഞുകൂടിയ പൂഴി വാരി കടലില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അടുത്ത വര്‍ഷം വീണ്ടും ഇതേ പൂഴി വന്നടിയും വീണ്ടും ഇതെടുത്ത് മാറ്റും. ഇത് ഓരോ വര്‍ഷവും ആവര്‍ത്തിക്കുകയാണ്. ഈ പൂഴി കടലില്‍ തള്ളാതെ കരയില്‍ തള്ളിയാല്‍ നിര്‍മാണാവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാവുന്നതേയുള്ളൂ. 18 കോടിയാണ് ഇതിനായി കൊച്ചി പോര്‍ട്ടിന് ഒരുവര്‍ഷം ചിലവാകുന്നത്. ഈ വിധത്തില്‍ പരിസ്ഥിതിയെ പേടിച്ച് ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല.

കേരളത്തിന്റെ ഓരോ വികസനത്തിന്റെ കാര്യത്തിലും പരിസ്ഥിതി വാദികള്‍ വാദമുന്നയിക്കുന്നത് ശാസ്ത്രീയമായ അടിസ്ഥാനത്തിലല്ല. ഞാനും ശാസ്ത്രപരിശത്തിന്റെ സഞ്ചിയും തൂക്കി വര്‍ഷങ്ങളോളം ഇത്തരം അശാസ്ത്രീയ പരിസ്ഥിതി വാദം പറഞ്ഞ് നടന്നിരുന്നു.

മാധ്യമത്തില്‍ ബാബു പോള്‍ എഴുതിയ ലേഖനത്തില്‍ കരിമണലിനെ കുറിച്ച് പറയുന്നുണ്ട്, കൊല്ലം ആലപ്പുഴ ഭാഗത്തെ കരിമണല്‍ എടുക്കാന്‍ പരിസ്ഥിതി വാദികള്‍ അനുവദിച്ചില്ല. ഇതോടെ അനധികൃതമായി ഇവിടുന്ന് കരിമണല്‍ കടത്തുകയാണ്. അത് തടയാനും സാധിക്കുന്നില്ല.

ഇങ്ങനെ ഒട്ടും പഠിക്കാതെയാണ് ഇവിടുത്തെ പരിസ്ഥിതിവാദികള്‍ ഭ്രാന്തന്‍ വാദങ്ങള്‍ ഉന്നയിക്കുന്നത്. ഇവരേക്കാള്‍ ആത്മാര്‍ത്ഥയുള്ള പരിസ്ഥിതിവാദികളാണ് നമ്മളൊക്കെ.

? റീസൈക്കിള്‍ ചെയ്യാവുന്ന നിര്‍മാണ പ്രക്രിയയെ കുറിച്ച് താങ്കള്‍ പറഞ്ഞിരുന്നല്ലോ. അതിന്റെ സാധ്യത എന്താണ്

കോണ്‍ക്രീറ്റ് കണ്‍സ്ട്രക്ഷന് പകരം സ്ട്രക്ചറല്‍ കണ്‍സ്ട്രക്ഷനുണ്ട്. അടിത്തറയ്ക്ക് മാത്രം കോണ്‍ക്രീറ്റ് ഉപയോഗിച്ച് മുകള്‍ ഭാഗം മരം, പ്ലാസ്റ്റിക്, ഗ്ലാസ്, തുടങ്ങിയവ ഉപയോഗിച്ച് റീസൈക്കിള്‍ ചെയ്യാവുന്ന നിര്‍മാണ രീതി. അത് നടപ്പിലാക്കാവുന്നതാണ്. വിദേശത്ത് 650 സ്വകയര്‍ഫീറ്റ് കെട്ടിടത്തിലാണ് ഒരു മധ്യവര്‍ഗ കുടുംബം താമസിക്കുന്നത്. പക്ഷേ, കേരളത്തില്‍ 4000 സ്വകയര്‍ഫീറ്റ് വീടാണ് ഇടത്തരക്കാര്‍ നിര്‍മിക്കുന്നത്. അതിലൊക്കെ നിയന്ത്രണം വരുത്തണം. പുനരുഭയോഗിക്കാവുന്നതരത്തിലേക്ക് നമ്മള്‍ മാറേണ്ടതുണ്ട്.

 

 

കേരളത്തിന്റെ തീരപ്രദേശം കടലെടുക്കുന്നുണ്ട്. അതിനെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ല. പരശുരാമന്‍ മഴുവെറിഞ്ഞ് തന്നതെന്ന് നമ്മള്‍ വിശ്വസിക്കുന്ന കേരളത്തിന്റെ തീരപ്രദേശം കടല്‍ ഭിത്തിയും മറ്റുമില്ലാത്തതിനാല്‍ കടലെടുക്കുകയാണ്. സിങ്കപ്പൂരിനെ പോലെയോ ഹോംങ്കോങ്ങിനെ പോലെയോ കടല്‍ നികത്തണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, നഷ്ടപ്പെട്ട കരഭൂമിയെങ്കിലും തിരിച്ചുപിടിക്കണം

jaseera-2

[]? ദേശീയ ഹരിതട്രൈബ്യൂണലിന്റെ സുപ്രധാനമായ വിധിയുണ്ടായിരുന്നു, അഞ്ച് ഹെക്ടറില്‍ കുറവുള്ള മണല്‍ ഖനനത്തിന് വരെ പരിസ്ഥിതി മന്ത്രാലയത്തിന്റേയോ സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റിയുടേയോ അനുമതി ആവശ്യമാണെന്ന്. ഇത് നിലനില്‍ക്കേയാണ് താങ്കളുടെ വാദം

ഇവിടെയുള്ള എല്ലാ നിയമവും നമുക്ക് ഭേദഗതി ചെയ്യാവുന്നതാണ്. നമ്മള്‍ ചര്‍ച്ച ചെയ്തുണ്ടാക്കിയ നിയമങ്ങളാണ്. ഞാന്‍ ചോദിക്കട്ടെ, കേവല പരിസ്ഥിവാദത്തിന്റെയൊക്കെ വികാരപരമായ അന്തരീക്ഷത്തിന്റെ ഫലമായി ഉണ്ടാക്കിയ സിആര്‍സെഡ് നിയമം(കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍) ഇന്ത്യക്ക് ചേര്‍ന്നതാണോ. 7500 തീരദേശമുള്ള രാജ്യമാണ് എന്റെ ഭാരതം. ഇവിടെ സിആര്‍സെഡ് പ്രായോഗികമല്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സുപ്രീം കോടതി പറഞ്ഞത്. ലക്ഷദ്വീപില്‍ സിആര്‍സെഡ് നിയമം പ്രായോഗികമല്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു. ഇതിന് വേണ്ടി ലക്ഷദ്വീപില്‍ ഒരു കമ്മീഷനെ നിയോഗിച്ചു. ടൂറിസം മാത്രമാണ് ഇപ്പോള്‍ അവിടെ കാര്യമായി ഉള്ളത്.  കമ്മീഷന്റെ നിര്‍ദേശം സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്. അതുകൊണ്ട് ഇവിടെയുള്ള നിയമവും ട്രിബ്യൂണലും പറയുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല.

കേരളത്തില്‍ 580 കി.മി തീരദേശമാണ്. നമ്മുടെ വികസനത്തിന്റെ പ്രധാനപ്പെട്ട കേന്ദ്രം തീരദേശമാണ്. ഇവിടെ പല വികസന പ്രവര്‍ത്തനങ്ങളും സ്തംഭിക്കാന്‍ കാരണം ഇത്തരം നിയമങ്ങളാണ്. ഇതിലൊക്കെ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. അതിനാല്‍ സുല്‍ഫത്തിനെ പോലെ പലരും പറയുന്ന പല നിയമങ്ങളും ചര്‍ച്ച ചെയ്ത് മാറ്റാവുന്നതാണ്. പ്രായോഗികമല്ലാത്ത പല നിയമങ്ങളും നമ്മള്‍ ഉണ്ടാക്കിയിട്ടുണ്ട്.

? ടി.വി രാജേഷ് എം.എല്‍.എയും പ്രദേശത്തെ കടലാക്രമണത്തെ കുറിച്ചും മണല്‍ കടത്തിനെ കുറിച്ചും ജസീറയ്ക്ക് അനുകൂലമായി നിലപാടെടുത്തിരുന്നു. അപ്പോഴാണ് താങ്കള്‍ അതിനെ എതിര്‍ക്കുന്നത്

ജസീറയുടെ സമരത്തെ കുറിച്ച് കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് സുല്‍ഫത്തും രാജേഷും ഒന്നുകൂടെ വായിക്കട്ടെ. അല്ലാതെ എന്തു പറയാന്‍. രാജേഷിന്റെ നിലപാടല്ലല്ലോ പല വിഷയത്തിലും ഞങ്ങള്‍ക്കുള്ളത്. എന്റെ അഭിപ്രായം ഞാന്‍ പറയും. ഉമ്മന്‍ ചാണ്ടിക്ക് രണ്ടാം പരശുരാമനാകാന്‍ കഴിയണമെന്ന് കടാലക്രമണത്തെ ഉദ്ധരിച്ച് ഞാന്‍ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. റീക്ലെയിമിങ് ദി ലോസ്റ്റ് ലാന്റ് എന്ന പ്രൊജക്ട് നടപ്പിലാക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. കേരളത്തിലെ തീരദേശ ജനവാസ കേന്ദ്രങ്ങളില്‍ വികസനമുണ്ടാക്കാനും മത്സ്യസംസ്‌കരണ കേന്ദ്രങ്ങളുണ്ടാക്കാനും ഹൈടെക് മത്സ്യമാര്‍ക്കറ്റ് ഉണ്ടാക്കാനും സാധിക്കുന്ന തരത്തില്‍ പുതിയ വികസന കാഴ്ച്ചപ്പാട് ഉണ്ടാക്കുന്ന പദ്ധതിയാണിത്.

? മണല്‍വാരല്‍ കൊണ്ടുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നം കടലാക്രമണം മാത്രമല്ല, പലജീവികളുടേയും ആവാസ വ്യവസ്ഥയേയും ബാധിക്കുന്നുണ്ട്. മനുഷ്യന്റെ വികസനത്തിന് വേണ്ടി ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റുമോ

കടലില്‍ നിന്ന് പൂഴിയെടുക്കുന്നത് കേരളത്തില്‍ വ്യാപകമല്ല. അല്ലാതെ തന്നെ ഇവിടെ കടാലക്രമണമുണ്ടല്ലോ. കേരളത്തില്‍ എവിടെയാണ് കടല്‍ മണ്ണ് എടുക്കുന്നത്. ജസീറയുടെ മഹത്തായ സമരം കൊണ്ട് ആ പ്രദേശത്ത് എയ്ഡ്‌പോസ്റ്റ് വന്നതോടെ കടലില്‍ നിന്ന് പൂഴി എടുക്കുന്നില്ല. അവിടെ ഇപ്പോള്‍ കിട്ടുന്നത് കംബോഡിയയിലെ പൂഴിയാണ്. കേരളത്തില്‍ ആവശ്യത്തിന് കടല്‍ ഭിത്തികള്‍ നിര്‍മിച്ച് നഷ്ടപ്പെട്ട ഭൂമി തന്നെ നികത്തിയെടുക്കുകയാണ് വേണ്ടത്.

? ആറളം ഫാമില്‍ ആദിവാസികള്‍ക്ക് ഭൂമി നല്‍കിയതോടെ ആ പ്രദേശം ദയനീയാവസ്ഥയിലായെന്ന് താങ്കള്‍ പറഞ്ഞിരുന്നല്ലോ. 12000 ഏക്കറില്‍ 3000 ഏക്കര്‍ ഭൂമിയാണ് ആദിവാസികള്‍ക്ക് ലഭിച്ചത്. ബാക്കി പ്രദേശം സംരക്ഷിക്കാതെയാണ് ഇങ്ങനെ പറയുന്നത്

മനുഷ്യര്‍ക്ക് ഫാം കൊടുക്കരുതായിരുന്നു. നമ്മുടെ കുടിയേറ്റത്തിന്റെ ചരിത്രം നോക്കുക. മനുഷ്യര്‍ വന്നാല്‍ കാടൊക്കെ വെട്ടി നശിപ്പിക്കും. ചിലയിടങ്ങളില്‍ മനുഷ്യവാസം തടയേണ്ടതുണ്ട്. ഇതൊക്കെ പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്നയാളെന്ന നിലയിലാണ് ഞാന്‍ പറയുന്നത്. എന്നാല്‍ തീവ്ര പരിസ്ഥിതിവാദത്തെ എതിര്‍ക്കുകയും വേണം. പരിസ്ഥിതിയും വികസനവും സന്തുലിതമായി കൊണ്ടുപോകാന്‍ സാധിക്കണം.

? മോളേ ജസീറാ കടപ്പുറത്ത് പൂഴി ഇറക്കരുത് എന്ന താങ്കളുടെ കത്തിന് ജസീറ നല്‍കിയ മറുപടിയില്‍ പുരുഷാധിപത്യ ബോധത്തില്‍ നിന്നാണ് ഈ വിളി ഉയര്‍ന്നത് എന്ന് പറയുന്നുണ്ട്. അതിനെ കുറിച്ച് എന്തുപറയുന്നു.

നമ്മുടെ നാട്ടിലെ ശൈലിയാണ് സഹോദരീ എന്ന് വിളിക്കുന്നത്. എനിക്ക് അവരെ സഹോദരീ എന്ന് വിളിക്കാനുള്ള അവകാശം പോലെ തന്നെ അവര്‍ക്ക് അല്ല എന്ന് പറയാനുള്ള അവകാശവുമുണ്ട്. അത് അവരുടെ നിലപാട്. ഇത് എന്റെ നിലപാട്.

 ജസീറയുടെ സമരം നിശ്ചയദാര്‍ഢ്യമാണ്; വിജയം വരെ സമരം തുടരും: എം. സുല്‍ഫത്ത്