| Monday, 24th June 2019, 3:01 pm

അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലേക്കെത്തിക്കുന്നത് ഈ നേതാവ്; ലക്ഷ്യം സംസ്ഥാനത്തെ ഒന്നാം സ്ഥാനം തന്നെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍ മുന്‍ എം.എല്‍.എയും എം.പിയുമായ എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി പ്രവേശനത്തിനൊരുങ്ങുകയാണ്. അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലെത്തിക്കാന്‍ നീക്കം നടത്തിയത് കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാക്കളല്ല. മറിച്ച് കര്‍ണാടകയില്‍ നിന്നുള്ള എം.പി നളീന്‍കുമാര്‍ കട്ടീലാണ്. നളീന്‍കുമാറാണ് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളുടെ ചുമതലയുള്ള പാര്‍ട്ടി പ്രഭാരി.ദക്ഷിണ കന്നഡ മേഖലയില്‍ ഇനി രാഷ്ട്രീയം പയറ്റാന്‍ ഒരുങ്ങുന്ന അബ്ദുള്ളക്കുട്ടിയെ കര്‍ണാടകയിലേക്ക് എത്തിച്ചതിന് പിന്നില്‍ നളീന്‍കുമാറിന് ചില ലക്ഷ്യങ്ങളുണ്ട്.

ദക്ഷിണ കന്നഡ ജില്ലകളില്‍ കോണ്‍ഗ്രസ് പലപ്പോഴും മികച്ച നേട്ടമുണ്ടാക്കാറുള്ളത് യു.ടി ഖാദര്‍, സമീര്‍ അഹമ്മദ് ഖാന്‍, സിഎം ഇബ്രാഹിം എന്നീ മുസ്സിം വിഭാഗത്തില്‍ നിന്നുള്ള നേതാക്കളുടെ നേതൃശേഷി കൊണ്ടു കൂടിയാണ്. തങ്ങള്‍ക്കും മുസ്ലിം സമുദായത്തില്‍ നിന്നുള്ള നേതാവ് വേണമെന്ന ബിജെപിയുടെ അന്വേഷണമാണ് അബ്ദുള്ളക്കുട്ടിയില്‍ എത്തി നില്‍ക്കുന്നത്. അബ്ദുള്ളക്കുട്ടിയും ഇതേ സാധ്യത കണ്ടാണ് ദക്ഷിണ കന്നഡയിലേക്ക് നീങ്ങുന്നത് എന്ന് കരുതാം. കര്‍ണാടക സംസ്ഥാന രാഷ്ട്രീയത്തില്‍ മെച്ചപ്പെട്ട സ്ഥാനം നേടാനുള്ള ശ്രമങ്ങള്‍ക്ക് അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയിലെത്തിച്ച എന്ന ക്രെഡിറ്റ് ഗുണകരമാവും എന്നാണ് നളീന്‍കുമാര്‍ കട്ടീല്‍ കരുതുന്നത്.

2009ല്‍ ദക്ഷിണ കന്നഡ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സിറ്റിംഗ് എം.പിയായിരുന്ന ഡി.വി സദാനന്ദ ഗൗഡയെ മാറ്റിയാണ് നളീന്‍ കുമാര്‍ കട്ടീലിനെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുന്നത്. അന്ന് പാര്‍ട്ടിക്കകത്തെ പലരും ഈ നീക്കം അബദ്ധമെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ 40000 വോട്ടിന്റെ ഭൂരിപക്ഷത്തിന് നളീന്‍ കുമാര്‍ കട്ടീല്‍ വിജയിച്ചു കയറി. പിന്നീട് രണ്ട് തവണ ഈ മണ്ഡലത്തില്‍ നിന്ന് നളീന്‍ കുമാര്‍ കട്ടീല്‍ വിജയിച്ചു.

ആര്‍.എസ്.എസില്‍ നിന്ന് ബി.ജെ.പിയില്‍ എത്തിയ നളീന്‍ കുമാര്‍ കട്ടീലിന് പത്താം ക്ലാസ്സ് വിദ്യാഭ്യാസത്തിന് ശേഷം വിദ്യാഭ്യാസം തുടരാനായില്ല. വിവാദ പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്താറുള്ള നളീന്‍ കുമാര്‍ കട്ടീല്‍ ആര്‍.എസ്.എസ് നേതൃത്വത്തിനും പ്രിയങ്കരനാണ്. അത് കൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തിലേക്ക് എത്താനുള്ള നളീന്‍ കുമാര്‍ കട്ടീലിന്റെ ശ്രമങ്ങള്‍ക്ക് വിഷമം നേരിടാന്‍ സാധ്യതയില്ല. അബ്ദുള്ളക്കുട്ടിയെ പോലുള്ളവരെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതൊക്കെ അതിന് വേണ്ടിയുള്ള മാര്‍ഗമാണെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

We use cookies to give you the best possible experience. Learn more