കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് പോസ്റ്റിട്ടതിനു പിന്നാലെ തനിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രത്തില്‍ വന്ന ലേഖനം അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി. ചിലര്‍ വ്യക്തിവിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയില്‍ ചേരുന്ന കാര്യം സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. താന്‍ കോണ്‍ഗ്രസുകാരനാണോയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോട് ചോദിക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രീതി അബ്ദുള്ളക്കുട്ടി പണ്ടേ ശീലിച്ചതാണെന്നാണ് വീക്ഷണം മുഖപത്രത്തിലെ എഡിറ്റോറിയയില്‍ പറഞ്ഞത്. ഇപ്പോള്‍ താമരക്കുളത്തില്‍ മുങ്ങിക്കുളിക്കാനാണ് അബ്ദുള്ളക്കുട്ടിയുടെ മോഹം. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ബി.ജെ.പിക്ക് മംഗളപത്രം രചിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. ദേശാടനപക്ഷിപോലെ ഇടയ്ക്കിടെ ആവാസസ്ഥലം മാറ്റുന്ന അബ്ദുള്ളക്കുട്ടി സി.പി.ഐ.എമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയത് അധികാരമോഹത്തിന്റെ ഭാണ്ഡക്കെട്ടുമായാണ്. ഇപ്പോള്‍ ബി.ജെ.പിയിലേക്ക് ചേക്കേറാനും അതേ ഭാണ്ഡക്കെട്ടാണ് അബ്ദുള്ളക്കുട്ടി മുറിക്കിക്കൊണ്ടിരിക്കുന്നതെന്നും എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ തോല്‍വിയുടെ വേനല്‍ക്കാലമാണെന്നും ബി.ജെ.പിയില്‍ താമരപൂക്കുന്ന വസന്തമാണെന്നും മനസിലാക്കിയാണ് മോദി സ്തുതിയുമായി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്. ആശയപരമായി ഒരിക്കലും യോജിക്കാത്ത സംഘ്പരിവാറിന് നേരെ കണ്ണെറിഞ്ഞുള്ള കളി അധികാരമോഹം അടക്കാനാവാത്തതുമൂലമാണ്. ഒരിക്കല്‍വേലിചാടിയ പശു പിന്നീട് കാണുന്ന വേലികളൊക്കെ ചാടിക്കടിക്കും. അതേപോലെയാണ് കാലുമാറ്റത്തിലൂടെ രാഷ്ട്രീയ വിശുദ്ധി കളഞ്ഞുകുളിച്ച അബ്ദുള്ളക്കുട്ടി വീണ്ടും വേലിചാടാനൊരുങ്ങുന്നത്.
കഴിഞ്ഞ ലോക്‌സബാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മത്സരിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന അബ്ദുള്ളക്കുട്ടിക്ക് ആ മോഹം നടക്കാതെപോയതാണ് ഇപ്പോഴത്തെ കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ കച്ചകെട്ടുന്ന അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുന്നത് തന്നെയാണ് ഉത്തമമെന്നും എഡിറ്റോറിയലില്‍ പരാമര്‍ശിച്ചിരുന്നു.
അബ്ദുള്ളക്കുട്ടിയെ ഇനിയും കോണ്‍ഗ്രസില്‍ വെച്ചുപൊറുപ്പിക്കരുത് എന്നു പറഞ്ഞാണ് എഡിറ്റോറിയല്‍ അവസാനിപ്പിക്കുന്നത്.