ശ്രീലങ്കക്കെതിരായ മത്സരത്തില്‍ തിരിച്ചടിച്ച് പാകിസ്ഥാന്‍. ഇമാം ഉള്‍ ഹഖും നായകന്‍ ബാബര്‍ അസവും പരാജയപ്പെട്ട മത്സരത്തില്‍ അബ്ദുള്ള ഷഫീഖിലൂടെയും മുഹമ്മദ് റിസ്വാനിലൂടെയുമാണ് പാകിസ്ഥാന്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നത്.
അബ്ദുള്ള ഷഫീഖ് പാകിസ്ഥാനായി കരിയറിലെ ആദ്യ ഏകദിന സെഞ്ച്വറി നേടിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായാണ് റിസ്വാന്‍ ഒപ്പം നില്‍ക്കുന്നത്.
103 പന്തില്‍ നിന്നും 113 റണ്‍സുമായാണ് ഷഫീഖ് പുറത്തായത്. പത്ത് ബൗണ്ടറിയും മൂന്ന് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 37 റണ്‍സിന് രണ്ട് എന്ന നിലയില്‍ നിന്നും 213ന് മൂന്ന് എന്ന നിലയിലേക്കാണ് ഷഫീഖും റിസ്വാനും പാകിസ്ഥാനെ കൊണ്ടുചെന്നെത്തിച്ചത്.
പാകിസ്ഥാന്റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച സെഞ്ച്വറികളിലൊന്നാണ് അബ്ദുള്ള ഷഫീഖിന്റെ ബാറ്റില്‍ നിന്നും പിറന്നത്. തന്റെ ആദ്യ ലോകകപ്പ് മത്സരം കളിക്കാനിറങ്ങിയ അബ്ദുള്ള ഷഫീഖ് അതിന്റെ ഒരു ഭയാശങ്കയും പ്രകടിപ്പിക്കാതെയാണ് ബാറ്റ് വീശിയത്.
345 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങവെ ക്യാപ്റ്റന്‍ അടക്കം രണ്ട് മുന്‍നിര താരങ്ങള്‍ മടങ്ങിയിട്ടും സമ്മര്‍ദമില്ലാതെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കാനും അബ്ദുള്ള ഷഫീഖിനായി.
ഈ സെഞ്ച്വറി നേട്ടത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ഇന്ത്യന്‍ മണ്ണില്‍ ലോകകപ്പില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ പാക് താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടിയ ആദ്യ പാക് താരം എന്ന റെക്കോഡും ഇതോടെ പാക് ഓപ്പണറുടെ പേരിലായി.
345 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 35 ഓവര്‍ പിന്നിടുമ്പോള്‍ റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 75 പന്തില്‍ 75 റണ്‍സുമായി മുഹമ്മദ് റിസ്വാനും ആറ് പന്തില്‍ രണ്ട് റണ്‍സുമായി സൗദ് ഷക്കീലുമാണ് ക്രീസില്‍.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക കുശാല്‍ മെന്‍ഡിസിന്റെയും സധീര സമരവിക്രമയുടെയും സെഞ്ച്വറി കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലേക്കുയര്‍ന്നത്. മെന്‍ഡിസ് 77 പന്തില്‍ 122 റണ്‍സ് നേടിയപ്പോള്‍ 89 പന്തില്‍ നിന്നും 108 റണ്‍സാണ് സമരവിക്രമയുടെ സമ്പാദ്യം.
61 പന്തില്‍ 51 റണ്‍സ് നേടിയ ഓപ്പണര്‍ പാതും നിസംഗയും സ്‌കോറിങ്ങില്‍ നിര്‍ണായക പങ്കുവഹിച്ചു.
പാകിസ്ഥാനായി ഹസന്‍ അലി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹാരിസ് റൗഫ് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രിദി എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
Content highlight: Abdullah Shafique is the first Pak batter to score a world cup century in India