ഏകദിനത്തില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായതിന് പിന്നാലെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ഇന്ത്യയുടെ ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലാണ് നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായി സൂര്യകുമാര്‍ നാണക്കേടിന്റെ ചരിത്രം കുറിച്ചത്.
എന്നാല്‍ സൂര്യകുമാറിനൊപ്പം നാണക്കേടിന്റെ റെക്കോഡില്‍ കട്ടക്ക് നില്‍ക്കാന്‍ പോന്ന ഒരു താരവും പിറവിയെടുത്തിരിക്കുകയാണ്. പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ ടി-20 പരമ്പരയില്‍ പൂജ്യത്തിന് പുറത്തായി സൂപ്പര്‍ താരം അബ്ദുള്ള ഷഫീഖാണ് നാണക്കേടിന്റെ റെക്കോഡിലേക്ക് അല്‍പം വൈകിയെങ്കിലും ഓടിയടുത്തത്.
തുടര്‍ച്ചയായ മൂന്ന് ടി-20 മത്സരങ്ങളില്‍ സില്‍വര്‍ ഡക്കായിക്കൊണ്ടാണ് ഷഫീഖ് നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയത്. ആദ്യത്തെ രണ്ട് തവണ ന്യൂസിലാന്‍ഡിനോട് സില്‍വര്‍ ഡക്കായി പുറത്തായ ഷഫീഖ് ഹാട്രിക് തികച്ചത് അഫ്ഗാനെതിരെയാണ്.
കേവലം ആറ് ദിവസം കൊണ്ടാണ് സൂര്യകുമാര്‍ ഈ നാണക്കേട് സ്വന്തമാക്കിയതെങ്കില്‍ ഏകദേശം രണ്ടര വര്‍ഷത്തിന്റെ കാത്തിരിപ്പിന് ശേഷമാണ് ഷഫീഖ് ഈ മോശം റെക്കോഡ് സ്വന്തമാക്കിയത്.
2020 ഡിസംബറില്‍ പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് ഷഫീഖ് ഈ അനാവശ്യ നേട്ടത്തിന് പിന്നാലെ ഓടാന്‍ തുടങ്ങിയത്.
2020 ഡിസംബര്‍ 20ന് ഹാമില്‍ട്ടണിലെ സെഡണ്‍ പാര്‍ക്കില്‍ വെച്ച് നടന്ന മത്സരത്തില്‍ വണ്‍ ഡൗണായെത്തിയ അബ്ദുള്ള ഷെഫീഖ് നേരിട്ട രണ്ടാം പന്തില്‍ ടിം സൗത്തിക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. മത്സരത്തില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റിന് 163 റണ്‍സ് നേടിയപ്പോള്‍, ന്യൂസിലാന്‍ഡ് ഒമ്പത് വിക്കറ്റും നാല് പന്തും കയ്യിലിരിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഇതിന് രണ്ട് ദിവസം മുമ്പ്, അഥവാ 2020 ഡിസംബര്‍ 18ന് ഓക്‌ലാന്‍ഡില്‍ വെച്ച് നടന്ന മത്സരത്തിലും ഷഫീഖ് നേരിട്ട രണ്ടാം പന്തില്‍ തന്നെ പുറത്തായിരുന്നു. ഓപ്പണറായി കളത്തിലിറങ്ങിയ താരം ജേകബ് ഡഫിയുടെ പന്തില്‍ മാര്‍ക് ചാപ്മാന് ക്യാച്ച് നല്‍കിയായിരുന്നു മടങ്ങിയത്.
തുടര്‍ന്നങ്ങോട്ട് താരത്തിന് ടി-20യില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ടെസ്റ്റ് ഫോര്‍മാറ്റില്‍ പാകിസ്ഥാനായി മത്സരങ്ങള്‍ കളിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്ത ഷഫീഖ് റെഡ് ബോളില്‍ പാകിസ്ഥാന്‍ വിശ്വസ്തനാവുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം, അഫ്ഗാനെതിരായ മത്സരത്തില്‍ രണ്ടാം ടീമിനെ ഇറക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചതോടെ ഷഫീഖ് വീണ്ടും ഇലവനില്‍ സ്ഥാനം പിടിക്കുകയായിരുന്നു. സൂര്യകുമാറിന് ഏകദിനം ശരിയാവാത്തത് പോലെ ഷഫീഖിനെ ടി-20യും തുണച്ചില്ല. അസമത്തുള്ള ഒമര്‍സായിയുടെ പന്തില്‍ എല്‍.ബി.ഡബ്ലൂ ആയി പുറത്താകുമ്പോള്‍ രണ്ട് പന്തില്‍ പൂജ്യം റണ്‍സ് എന്ന് താരത്തിന്റെ പേരിന് നേരെ എഴുതിക്കാണിച്ചു.
ഇതോടെ തുടര്‍ച്ചയായ മൂന്ന് ടി-20യില്‍ പൂജ്യത്തിന് പുറത്തായ ആദ്യ പാക് താരം എന്ന മോശം റെക്കോഡും താരത്തെ തേടിയെത്തി.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ ആറ് വിക്കറ്റും 13 പന്തും ബാക്കി നില്‍ക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.
Content Highlight: Abdullah Shafiq becomes the first Pakistan batter to score 0 in 3 consecutive T20s