[]കണ്ണൂര്‍: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ പട്ടുവം അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കും.
സി.ബി.ഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി ശുപാര്‍ശ നിയമ സഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് കൈമാറി.
കേസില്‍ സി.ബി.ഐ അന്വേഷണത്തിനായി ഷുക്കൂറിന്റെ കുടുംബവും മുസ്‌ലിം ലീഗും സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും തീരുമാനമുണ്ടായിരുന്നില്ല.
തുടര്‍ന്ന് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഈ ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി നല്‍കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ട് വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്.
2012 ഫെബ്രുവരി 20നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് തളിപ്പറമ്പ് മണ്ഡലം എം.എസ്.എഫ് ട്രഷറര്‍ അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ (21) കണ്ണപുരം കീഴറയില്‍ കൊല്ലപ്പെട്ടത്.
പി. ജയരാജന്റെ വാഹനം പട്ടുവത്ത് ആക്രമിക്കപ്പെട്ട് അല്‍പ്പ സമയത്തിനകം കീഴറയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടങ്കലിലാക്കിയ ഷുക്കൂറിനെ ചില സി.പി.ഐ.എം പ്രാദേശിക നേതാക്കള്‍ സ്ഥലത്തെത്തി തിരിച്ചറിഞ്ഞതിന് ശേഷമാണ് വയലിലേക്കു വലിച്ചിഴച്ചു കൊണ്ടു പോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ജയരാജന്റെ വാഹനം ആക്രമിച്ച സംഘത്തില്‍ ഷുക്കൂര്‍ ഉണ്ടായിരുന്നതായി സി.പി.ഐ.എം പ്രചരിപ്പിച്ചെങ്കിലും അതു തെറ്റാണെന്ന് പിന്നീടു വ്യക്തമായിരുന്നു.
കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നാണ് സി.പി.ഐ.എം ഭാരവാഹികള്‍ക്കെതിരായ കേസ്.
കേസില്‍ ആകെ 33 പ്രതികളാണുള്ളത്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ കേസില്‍ 32 ാം പ്രതിയും ടി.വിരാജേഷ് എം.എല്‍.എ 33 ാം പ്രതിയുമാണ്.