| Monday, 6th March 2017, 5:24 pm

മാധവിക്കുട്ടിയുമായി അവഹിതബന്ധമുണ്ടെന്ന പ്രചരണം: ഗ്രീന്‍ബുക്സിനെതിരെ അപകീര്‍ത്തിക്കേസുമായി അബ്ദുള്‍ സമദ് സമദാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്


കോഴിക്കോട്: മാധവിക്കുട്ടിയുമായി പ്രണയബന്ധമുണ്ടായിരുന്നു എന്ന തരത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ച ഗ്രീന്‍ ബുക്സിനെതിരെ അപകീര്‍ത്തിക്കേസുമായി അബ്ദുള്‍ സമദ് സമദാനി. തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഗ്രീന്‍ബുക്സ് അധികൃതര്‍ പുസ്തകം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് സമാദാനി ഗ്രീന്‍ബുക്സിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ്.


Also read വീഡിയോ: കുമ്മനം ഉദ്ഘാടനം ചെയ്ത സംഘപരിവാറിന്റെ ചക്കമേളയില്‍ വിളമ്പിയത് ബീഫ് കറി


ഗ്രീന്‍ബുക്സ്, ഗ്രീന്‍ബുക്സ് മാനേജിങ് എഡിറ്റര്‍ കൃഷ്ണദാസ്, എം.ജി സുരേഷ്, മെര്‍ലി വെയ്സ്ബോഡ് എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മുഖേനയാണ് സമദാനി നോട്ടീസ് അയച്ചിരിക്കുന്നത്.

മെര്‍ലി വെയ്സ്ബോഡ് പ്രസിദ്ധീകരിച്ച “ദ ക്വീന്‍ ഓഫ് മലബാര്‍” എന്ന ഗ്രന്ഥത്തിന് “പ്രണയത്തിന്റെ രാജകുമാരി” എന്ന പേരില്‍ ഗ്രീന്‍ബുക്സ് പ്രസിദ്ധീകരിച്ച തര്‍ജമയ്ക്കെതിരെയാണ് സമദാനി രംഗത്തുവന്നത്.

ഈ പുസ്തകത്തിലെ ചിത്രീകരിച്ച കാര്യങ്ങള്‍ അധാര്‍മ്മികവും സത്യവിരുദ്ധവും നിയമവിരുദ്ധവും തന്റെയും കമലാദാസിന്റെയും പേരില്‍ കൃത്രിമ കഥയുണ്ടാക്കി ധനനേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതുമാണെന്നാണ് നോട്ടീസില്‍ പറയുന്നത്.

പുസ്തകത്തിലെ പേജ് നമ്പര്‍ 207 മുതല്‍ 218വരെയുള്ള ഭാഗങ്ങളാണ് സമദാനി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സാദിഖലിയെന്നാണ് പുസത്കത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെങ്കിലും അത് താനാണെന്ന് വായിക്കുന്ന ഏതൊരാള്‍ക്കും പകല്‍പോലെ വ്യക്തമാകുമെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.


Dont miss മോദിയുടെ വിമാനം ഈ നാട്ടില്‍ ഇറങ്ങാന്‍ അനുവദിക്കില്ല: കേന്ദ്രസര്‍ക്കാറിന് രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എയുടെ മുന്നറിയിപ്പ് 


മാധവിക്കുട്ടിയുടെ മതംമാറ്റത്തിനുള്ളിലെ രഹസ്യങ്ങള്‍ എന്ന തലവാചകത്തിലുള്ള ചിത്രത്തിലും സുരയ്യ സമാദാനി വിവാഹം നടക്കുമോ? എന്ന് ചോദിച്ചുകൊണ്ട് തന്റെയും മാധവിക്കുട്ടിയുടെയും ഫോട്ടോയാണ് നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

“എന്റെ കക്ഷിയെ സമൂഹമദ്ധ്യത്തില്‍ മോശക്കാരനാക്കി ചിത്രീകരിച്ചും അദ്ദേഹത്തിന് പ്രമുഖ മലയാളി എഴുത്തുകാരിയായ കമലാദാസുമായി അവിഹിതബന്ധവും മറ്റും ഉണ്ടായിരുന്നുവെന്നും അവരുമായി ശാരീരിക ബന്ധം നടത്തിയെന്ന് വിവരിച്ച് കൊണ്ടും  അശ്ലീലവും ആഭാസവും വൈകൃതവും മറ്റും എഴുതിപ്പിടിപ്പിച്ച് “പ്രണയത്തിന്റെ രാജകുമാരി” എന്ന പേരില്‍ ഒരു പുസ്തകം നിങ്ങളില്‍ ഒന്നാം നമ്പറുകാരന്‍ പ്രസാധകനും രണ്ടാം നമ്പറുകാരന്‍ എഡിറ്ററും മൂന്നാം നമ്പറുകാരന്‍ പരിഭാഷകനുമായി 2015 സെപ്റ്റംബറില്‍ തൃശ്ശൂരില്‍ നിന്ന് പ്രസിദ്ധപ്പെടുത്തുകയും കേരളത്തിന് അകത്തും പുറത്തുമായി വ്യാപകമായി അത് എല്ലായിടത്തും വില്‍പ്പനയും വിതരണവും നടത്തുകയും അത് ഇപ്പോഴും തുടരുന്നതായും എന്റെ കക്ഷി പറയുന്നു”വെന്ന് വക്കീല്‍ നോട്ടീസിലൂടെ സമദാനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടുന്നു.

കമലാദാസ് എന്ന മാധവിക്കുട്ടിയുമായി താനൊരിക്കലും പ്രേമബന്ധത്തിലാകുകയോ വിവാഹം നടത്താമെന്ന് വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ലെന്നും മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും പറഞ്ഞ സമദാനി ഇതിന് തെളിവായി മാധവിക്കുട്ടി അഭിമുഖങ്ങളില്‍ മതം മാറ്റത്തെക്കുറിച്ചും തന്നോടുണ്ടായ സമീപനത്തെക്കുറിച്ചും സംസാരിച്ച കാര്യങ്ങളും വിശദീകരിച്ചു. 2007 ഫെബ്രുവരിയില്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ താന്‍ മകനനെപ്പോലെയാണെന്ന് കമലാസുരയ്യ പറഞ്ഞ കാര്യവും സമദാനി ചൂണ്ടിക്കാണിക്കുന്നു “ഞാന്‍ സ്നേഹിക്കപ്പെടുന്നുണ്ട് എന്നത് സത്യമാണ്. ആരാലാണ് സ്നേഹിക്കപ്പെടുന്നത് എന്ന് മാത്രം പറയില്ല. അത് സമദാനിയല്ല. അദ്ദേഹം പാവം. സമദാനി എന്റെ മകനാണ്. മകനെപ്പോലെ, അത്രമാത്രം. എന്റെയാള്‍ സുന്ദരനാണ്. നല്ലപൊക്കമുള്ള സുന്ദരന്‍. ഇരുണ്ട നിറം. കൃഷ്ണനെപ്പോലെ“.

ഈ അഭിപ്രായം കമലാസുരയ്യ പലതവണ വ്യക്തമാക്കിയാതാണെന്നും 1997ല്‍ ചന്ദ്രിക ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കമലാസുരയ്യ താന്‍ അവരെ അമ്മ എന്നാണ് വിളിക്കുന്നതെന്നു പറഞ്ഞ കാര്യവും സമദാനി ചൂണ്ടിക്കാട്ടുന്നു. “ എന്റെ മക്കളേക്കാള്‍ പ്രായം കുറഞ്ഞ മോനാണ് സമദാനി. മാതൃ-പുത്ര ബന്ധമാണ് ഇത്. സമദാനി എന്നെ അമ്മയെന്നാണ് വിളിക്കുന്നത്. ഞാന്‍ മോനേ എന്നും ഒരമ്മക്ക് മകനെ വിവാഹം കഴിക്കാനാകുമോ?“.

തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുക വഴി സമൂഹത്തില്‍ പലര്‍ക്കും തന്നോട് വെറുപ്പുണ്ടായെന്നും അവമതിപ്പിനും വിദ്വേഷത്തിനും ഇടയാക്കിയെന്നും പറഞ്ഞ സമദാനി പൂസ്തകത്തിന്റെ പഴയതും പുതിയതുമായ എല്ലാ പതിപ്പുകളും പിന്‍വലിച്ച് പിന്‍വലിക്കല്‍ നടപടിയും മാപ്പും പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടു. തനിക്കുണ്ടായ മാനനഷ്ടത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട സമദാനി ഒരാഴ്ചക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more