| Sunday, 5th January 2014, 11:41 am

ബാലഗോകുലത്തിന്റെ പരിപാടിയില്‍ താന്‍ പങ്കെടുത്തത് സാംസ്‌കാരിക പരിപാടിയായതു കൊണ്ട്: സമദാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]മലപ്പുറം: താന്‍ ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്തത് അത് സാംസ്‌കാരിക പരിപാടിയായതു കൊണ്ടാണെന്ന് അബ്ദുസ്സമദ് സമദാനി എം.എല്‍.എ.

സംഘ്പരിവാറിന്റെ വേദിയിലല്ല, വിവേകാനന്ദ സ്വാമിയെ കുറിച്ചുള്ള പരിപാടിക്കാണ് താന്‍ പോയത്- സമദാനി പറഞ്ഞു.

കഴിഞ്ഞ ദിവസം ബാലഗോകുലം കോട്ടക്കലില്‍ സംഘടിപ്പിച്ച വിവേകാനന്ദ ജയന്തിയില്‍ എം.എല്‍.എയും മുസ്‌ലീം ലീഗ് നേതാവുമായ അബ്ദുസ്സമദ് സമദാനി പങ്കെടുത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

സമദാനിയെ കൂടാതെ വേദിയിലുണ്ടായിരുന്നവര്‍ മുഴുവന്‍ ആര്‍.എസ്.എസ് നേതാക്കളായിരുന്നു.

ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മലപ്പുറത്തെ ലീഗ് എം.എല്‍.എമാരെ മുഴുവന്‍ ലീഗ് നേതൃത്വം വിലക്കിയിരുന്നുവെന്നും എന്നാല്‍ വിലക്കു കല്‍പിക്കാതെയാണ് സമദാനി സംഘ്പരിവാറിന്റെ പരിപാടിയില്‍ പങ്കെടുത്തതെന്നുമാണ് സൂചന.

ഇതിനെ ന്യായീകരിച്ചു കൊണ്ടാണ് സമദാനി  ഇന്ന് രംഗത്തു വന്നിരിക്കുന്നത്. രാഷ്ട്രീയത്തിലതീതമായി മനുഷ്യര്‍ക്ക് ഒരുമിക്കാനുള്ള വേദികളുണ്ടാവണമെന്നും, വിവേകാനന്ദനെ കുറിച്ച് നടന്ന് പ്രസംഗിക്കുന്ന താന്‍ വിവേകാനന്ദന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ലെന്നും സമദാനി അഭിപ്രായപ്പെട്ടു.

അതേ സമയം സമദാനിയെ പിന്തുണച്ചു കൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പും കേരള കോണ്‍ഗ്രസ് (എം) നേതാവുമായ പി.സി ജോര്‍ജും രംഗത്തെത്തിയിട്ടുണ്ട്. സമദാനിക്ക് ഏതു പരിപാടിയിലും പങ്കെടുക്കാമെന്നും ഇത്തരം പ്രശ്‌നങ്ങള്‍ കപട മതേതരവാദികള്‍ സൃഷ്ടിക്കുന്നതാണെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.

എന്നാല്‍ സംഭവത്തില്‍ ലീഗിനുള്ള അതൃപ്തി മാറിയിട്ടില്ലെന്നാണ് നേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more