| Thursday, 23rd November 2023, 11:08 am

ക്രിക്കറ്റ് ജയിച്ചു, ഇന്ത്യ തോറ്റു; ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ വിവാദപരാമര്‍ശവുമായി പാക് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ആറ് വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ചുകൊണ്ട് ഓസ്‌ട്രേലിയ തങ്ങളുടെ ആറാം ലോക കിരീടം സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ 11 മത്സരങ്ങള്‍ വിജയിച്ചു വന്ന ഇന്ത്യന്‍ ടീം ഫൈനലില്‍ ഓസീസിന് മുന്നില്‍ അടിയറവുപറയുകയായിരുന്നു.

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിനെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ അബ്ദുല്‍ റസാക്ക്.

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റത് ക്രിക്കറ്റിന് നല്ലതാണെന്നാണ് അബ്ദുല്‍ റസാക്ക് പറഞ്ഞത്.

‘ഐ.സി.സി ഏകദിന ലോകകപ്പില്‍ ക്രിക്കറ്റ് ജയിച്ചു, ഇന്ത്യ തോറ്റു. ഫൈനലിൽ ഇന്ത്യ ലോകകപ്പ് നേടിയിരുന്നെങ്കില്‍ അത് വളരെ സങ്കടകരമായ നിമിഷമായിരിക്കുമായിരുന്നു. ഇന്ത്യന്‍ ടീം അവരുടെ നേട്ടങ്ങള്‍ക്കായി ലോകകപ്പില്‍ സാധ്യതകൾ ഉപയോഗിച്ചു. ഒരു ഐ.സി.സി ടൂര്‍ണ്ണമെന്റ് ഫൈനലിലും ഇത്രയും മോശം പിച്ചും ഞാന്‍ കണ്ടിട്ടില്ല. ഫൈനലില്‍ ഇന്ത്യ തോറ്റത് വലിയ കാര്യമായി,’ പാകിസ്ഥാന്‍ ടി.വി ഷോയായ ഹസ്‌ന മന ഹേയില്‍ റസാക്ക് പറഞ്ഞു.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഓസീസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 240 റണ്‍സിന് പുറത്താവുകയായിരുന്നു.

ഓസീസ് ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി. ഇന്ത്യന്‍ ബാറ്റിങ്ങില്‍ രോഹിത് ശര്‍മ 47 റണ്‍സ് വിരാട് കോഹ്ലി 54 റണ്‍സ് കെ.എല്‍ രാഹുല്‍ 66 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ട്രെവിസ് ഹെഡ് 137 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ 43 ഓവറുകളില്‍ ആറ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.

Content Highlight: Abdul Razzaq talks controversial statement against indian cricket team.

We use cookies to give you the best possible experience. Learn more