നൂറ്റാണ്ടുകളായി ഖദര്‍ ഇവിടെയുണ്ടായിരുന്നു. പക്ഷെ ഖദറിനെ ഒരായുധമാക്കിയത് ഗാന്ധിജിയാണ്. തന്റെ ചര്‍ക്കയില്‍ നൂര്‍ത്തെടുത്ത നൂലുകള്‍കൊണ്ട് ഗാന്ധിജി പുതിയ ഒരിന്ത്യയെ നെയ്‌തെടുത്തു.
ഒരു കടലാസുതുണ്ടുപോലും വെറുതെ കളയാത്ത ഗാന്ധിജി, ജനകോടികളോട് വിദേശവസ്ത്രങ്ങള്‍ തീയിലേക്കെറിയാന്‍ പറഞ്ഞത് ഖാദിയുടെ കരുത്തിലാണ്. അപ്പോള്‍ പൊള്ളിയത്, ബ്രിട്ടന്‍ എന്ന മഹാസാമ്രാജ്യത്തിനായിരുന്നു.
ഇന്ത്യയിലെ പരുത്തി കൊണ്ടുപോയി വ്യവസായശാലകളില്‍ തുണിയാക്കി ഇന്ത്യയില്‍ത്തന്നെ തിരികെയെത്തിച്ചു കൊള്ളലാഭത്തിന് വില്‍ക്കുകയായിരുന്നു അക്കാലത്ത് ബ്രിട്ടന്‍. വ്യവസായിക വിപ്ലവത്തിന്റെ കരുത്തില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം നടത്തിയ ആ കൊടിയ ചൂഷണത്തെ ചെറിയൊരു ചര്‍ക്കച്ചക്രംകൊണ്ട് പ്രതിരോധിക്കുകയായിരുന്നു മഹാത്മാവ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആ വിപ്ലവത്തിനൊടുവില്‍ വെറുമൊരു ഒറ്റ മുണ്ടിലേക്കും വേഷ്ടിയിലേക്കും മാറിക്കൊണ്ട് ഇനി ഇതല്ലാതെ മറ്റൊന്നും ധരിക്കില്ലെന്നു ഗാന്ധിജി പ്രതിജ്ഞ ചെയ്തു. അങ്ങനെയാണ് ഇന്ത്യക്ക് “അര്‍ധനഗ്‌നനായ ഫക്കീറിനെ” കിട്ടുന്നത്.
നിസ്സാരമായ ഒന്നിനെ ആയുധമാക്കുന്ന ഈ “മാന്ത്രികവിദ്യ” ഗാന്ധിജി പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്. ഉപ്പുസത്യാഗ്രഹത്തിലും അതുകണ്ടു . ബ്രിട്ടീഷുകാര്‍ക്ക് എതിരെ നടത്തേണ്ടത് ഭൂനികുതി അടയ്ക്കാതെയുള്ള സമരം ആവണം എന്നായിരുന്നു കോണ്‍ഗ്രസ്സിലെ പല നേതാക്കളുടെയും വാദം. പക്ഷെ ഗാന്ധിജിയ്ക്കു അറിയാമായിരുന്നു ഇന്ത്യയിലെ ജനകോടികളില്‍ നാലിലൊന്നിനുപോലും സ്വന്തമായി ഭൂമിയില്ലെന്ന്.
പക്ഷേ ഇന്ത്യയിലെ ഏതു ചെറ്റക്കുടിലിന്റെയും മൂലയില്‍ ഒരുപിടി ഉപ്പുണ്ടാവുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. ഉപ്പുകുറുക്കല്‍ സമരം ഇന്ത്യയിലെ സാധാരണക്കാരുടെയും ദരിദ്രരുടെയും സമരമായത് ഗാന്ധിജിയുടെ ആ ഉള്‍ക്കാഴ്ചകൊണ്ടാണ്.
ഇതേ ഉള്‍ക്കാഴ്ചയാല്‍ ഗാന്ധിജി വലിയ യുദ്ധങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഓര്‍ക്കുക, പലപ്പോഴും അതിനു അദ്ദേഹത്തിന് വാക്കുകള്‍പോലും വേണ്ടിവന്നില്ല. കൊല്‍ക്കത്തയിലെ വര്‍ഗീയകലാപം ശാന്തമാക്കിയ ഗാന്ധിയെക്കുറിച്ചു “”ലക്ഷക്കണക്കിന് പട്ടാളക്കാര്‍ക്ക് കഴിയാത്തത് ഒരു മെല്ലിച്ച വൃദ്ധന് കഴിഞ്ഞു”” എന്നാണ് ലോകം പറഞ്ഞത്.
ഇന്നത്തെ വെറും രാഷ്ട്രീയനേതാക്കള്‍ക്ക് ആ ഗാന്ധിയെ മനസിലാവില്ല. കാരണം ഇന്നത്തെ നേതാക്കള്‍ വാക്കുകള്‍കൊണ്ട് കലാപങ്ങള്‍ ഉണ്ടാക്കുന്നവരാണ്. ഗാന്ധിയാകട്ടെ വാക്കുകള്‍കൊണ്ട് തീകെടുത്തിയയാളും.
ഇന്ന് ചിലര്‍ ഗാന്ധിയെ റീപ്ലേസ് ചെയ്യാന്‍ ശ്രമിക്കുന്നത് ഒരു കലണ്ടര്‍ചുമരിലാണ്. ലോകത്തിന്റെ ചുമരില്‍നിന്നു ഗാന്ധിയെ എടുത്തുമാറ്റാന്‍ എത്രയോ കാലമായി നടക്കുന്ന തോറ്റ ശ്രമങ്ങളുടെ തുടര്‍ച്ച മാത്രമാണത്. മരണശേഷം ഗാന്ധി ആക്രമിക്കപ്പെടുന്നതിന്റെ ആയിരം മടങ്ങു ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം ആക്രമിക്കപ്പെട്ടു.
ജീവിതത്തിന്റെ സായാഹ്നത്തില്‍ ഗാന്ധി ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു. ഗാന്ധിയെ റീപ്ലേസ് ചെയ്യണമെന്ന് കോണ്‍ഗ്രസ്സിനുതന്നെ തോന്നിതുടങ്ങിയിരുന്നു. “”ഈ വയസ്സന്‍ കാരണം വലിയ ശല്യമായല്ലോ!”” എന്ന് നേതാക്കള്‍ത്തന്നെ അടക്കംപറഞ്ഞു.
“മുസ്‌ലിം അനുകൂലി”യെന്ന് ഹിന്ദുസംഘടനകളും “ജാതീയഹിന്ദു”വെന്ന് മുസ്‌ലിംകളും അദ്ദേഹത്തെ കുറ്റപ്പെടുത്തിതുടങ്ങിയിരുന്നു. മാനുഷികതയ്ക്കു മുകളില്‍ മതത്തെ പ്രതിഷ്ഠിച്ചവരെല്ലാം ഗാന്ധിയെ റീപ്ലേസ് ചെയ്യാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴും ഈ മഹാരാജ്യത്തെ ജനങ്ങള്‍ ഗാന്ധിക്കു പിന്നില്‍ ഉണ്ടായിരുന്നു. അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുതാനും.
ഗോഡ്സെ ശ്രമിച്ചത് മൂന്നു വെടിയുണ്ടകള്‍കൊണ്ട് ഗാന്ധിയെ റീപ്ലേസ് ചെയ്യാനാണ്. പക്ഷേ ആ മരണം ഗാന്ധിയുടെ മഹത്വത്തെ പൂര്‍ണമാക്കി. രക്തസാക്ഷിത്വം ഗാന്ധിജിയെ ആധുനിക ലോകത്തിന്റെ ക്രിസ്തുദേവനാക്കി. അവിടം മുതല്‍ ഇങ്ങോട്ട് ഏറ്റവും ഒടുവില്‍ ഹരിയാന ബി.ജെ.പി മന്ത്രി അനില്‍ വിജിന്റെ ആ പ്രസ്താവനവരെയുള്ള ശ്രമങ്ങള്‍ രക്തസാക്ഷിയായ ഗാന്ധിയെ റീപ്ലേസ് ചെയ്യാനാണ്.
“”ഗാന്ധിക്കു വിപണിമൂല്യം ഇല്ല”” എന്നാണ് ബി ജെ പി മന്ത്രി പറഞ്ഞത്. അതിലേറെ മൂല്യം മോദിജിക്ക് ആണെന്നും മന്ത്രി പറഞ്ഞു. ഒരര്‍ത്ഥത്തില്‍ അതു ശരിയാണ്. മോദിജിയുടെ വിപണിമൂല്യം ഒരിക്കലും ഗാന്ധിജിക്ക് ഉണ്ടാവില്ല. നല്ല പേരും പെരുമയുമുള്ള വിദേശകോട്ട് കത്തിച്ചുകളഞ്ഞിട്ട് വെറും ഒരൊറ്റ ഖദര്‍ മുണ്ടിലേക്ക് ഇറങ്ങിവരികയായിരുന്നു ഗാന്ധിജി ചെയ്തത്. മോദിജിയാവട്ടെ, അധികാരം കിട്ടിയപ്പോള്‍ ആദ്യം ചെയ്തത് സ്വര്‍ണ്ണത്തില്‍ പേരെഴുതിയ കോട്ട് തുന്നിക്കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു രാഷ്ട്രം രണ്ടായി വെട്ടിമരിച്ച വിഭജനത്തിന്റെ ദിനങ്ങളില്‍ അവര്‍ക്കിടയിലേക്ക് സമാധാനത്തിന്റെ ദൂതുമായി നടന്നുചെന്നു അവരെ ശാന്തരാക്കിയാണ് ഗാന്ധിജി നേതാവായത്. സ്വന്തം സംസ്ഥാനത്ത് ഒഴുകിയ ചോരയ്ക്കുമേല്‍ പുലര്‍ത്തിയ ക്രൂരമായ മൗനവും നിസ്സംഗതയുമാണ് മോദിയെ ദേശീയ നേതാവാക്കിയത്.
സ്വയംവരിച്ച ബ്രഹ്മചര്യത്തിന്റെ പാതയില്‍ ഉറച്ചുനിന്നപ്പോഴും ഗാന്ധിജി അദ്ദേഹത്തിന്റെ പ്രിയപത്‌നിയെ ചേര്‍ത്തുതന്നെ പിടിച്ചു, മരണംവരെ. നോക്കൂ, മോദിജി വ്യക്തിജീവിതത്തില്‍പ്പോലും ഗാന്ധിജിയുടെ എതിര്‍കളത്തിലാണ്. മനസ്സിലാവുന്നില്ലേ, മോദിയുടെ വിപണിമൂല്യമല്ല ഒരിക്കലും ഗാന്ധിജിയുടേത്. ഇന്ത്യയുടെ ആത്മാവിലാണ് ഗാന്ധിജിയുടെ വിപണിമൂല്യം.
ക്രൂശിതനായ ക്രിസ്തുവിന്റെ രൂപംപോലെതന്നെ ലോകത്തിനു പരിചിതമാണ് നൂല്‍നൂല്‍ക്കുന്ന ഗാന്ധിയും. സംഘപരിവാറിന് ഒട്ടും ഇഷ്ടമുള്ള ഒരു രൂപമല്ല അത്. ദല്‍ഹിയില്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെയും ചെങ്കോട്ടയുടെയുമൊക്കെ ചുവരുകളില്‍ പതിച്ചിരിക്കുന്ന പുതിയ പോസ്റ്ററുകളൊക്കെ നിരീക്ഷിക്കുന്നവര്‍ക്കു അറിയാം, അവയിലൊക്കെ മോദിയും സര്‍ദാര്‍ വല്ലഭായി പട്ടേലും ആണുള്ളത്. ഗാന്ധിജിയെ മറയ്ക്കാനുള്ള ഒരു ബിംബമാണ് സംഘപരിവാറിന് സര്‍ദാര്‍ പട്ടേല്‍. ഗാന്ധിസവും സംഘപരിവാര്‍ നിര്‍ണയിച്ച ഹിന്ദുത്വവും തമ്മിലുള്ള വൈരുധ്യമാണ് ഒടുവില്‍ വെടിയുണ്ടയായി ഗാന്ധിജിയുടെ നെഞ്ചില്‍ പതിച്ചതുപോലും.
അന്ധമായൊരു ഗാന്ധി ഭക്തിയുടെ പടവില്‍ ചവിട്ടിനിന്നല്ല ഇത് പറയുന്നത്. ചരിത്രത്തിലെ ഏതൊരു നേതാവിനെയുംപോലെ ഗാന്ധിയും തീര്‍ച്ചയായും വിമര്‍ശിക്കപ്പെടുകയും ഭാവിതലമുറയാല്‍ വിചാരണ ചെയ്യപ്പെടുകയും വേണം. നിശ്ചയമായും ഗാന്ധിജിയുടെ ജീവിതത്തില്‍ ഉടനീളം പാപ- പുണ്യ ചിന്തകളുടെ അതിരുകവിഞ്ഞ ചിന്താഭാരത്താല്‍ ഉഴറിയ ഒരു പാവത്തെ നിങ്ങള്‍ക്ക് കാണാം. സംശയമുണ്ടെങ്കില്‍ “സത്യാന്വേഷണ പരീക്ഷണങ്ങള്‍” വിമര്‍ശനബുദ്ധിയോടെ ഒന്നു വായിച്ചുനോക്കൂ.
പക്ഷെ, ഈ വിമര്‍ശനങ്ങള്‍ക്ക് എല്ലാമപ്പുറം ഒരു മനുഷ്യജീവിതത്തില്‍ മറ്റാര്‍ക്കും ആര്‍ജ്ജിക്കാന്‍ കഴിയാത്ത ആന്തരിക സത്യസന്ധത ഗാന്ധിജിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഗാന്ധിജിയെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം, എതിര്‍ക്കാം. വേണമെങ്കില്‍ ചിത്രം ഒഴിവാക്കിയോ വാക്കുകള്‍കൊണ്ട് അടിച്ചോ അപമാനിക്കാം. പക്ഷെ, ലോകമാനവികതയുടെ കലണ്ടറില്‍ ഗാന്ധിജിയെ റീപ്ലേസ് ചെയ്യാന്‍ മാത്രം കഴിയില്ല, ഏതു മോദിജി വിചാരിച്ചാലും.
ചക്രവാളം ഏറ്റവും ഇരുണ്ട ഈ കാലത്തുപോലും ഗാന്ധിയുടെ ജീവിതം ലോകത്തിന്റെ ഇരുട്ടുകള്‍ക്കു മുന്നില്‍ കത്തിച്ചുവെച്ച ഒരു മെഴുകുതിരിയാണ്..!