റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് സൗദി കുടുംബം ആവശ്യപ്പെട്ട ദിയാധനം ഒന്നരക്കോടി റിയാൽ ഇന്ത്യൻ എംബസിക്ക് കൈമാറി.
ഇന്ത്യൻ രൂപയിൽ ഏകദേശം 34 കോടിരൂപയാണിത്. പണം റിയാദ് ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് അയച്ചതായി റിയാദിലെ അബ്ദുൾ റഹീം നിയമ സഹായ സമിതി അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടിലെ അബ്ദുൾ റഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികൾ പണം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയത്. ഫണ്ട് കൈമാറണമെന്ന നിർദേശം ബുധനാഴ്ച വൈകീട്ടാണ് റഹീമിന്റെ പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂരിന് ലഭിച്ചത്.
സൗദി കുടുംബം ആവശ്യപ്പെട്ട ഒന്നരക്കോടി റിയാലിന് തുല്യമായ ഇന്ത്യൻ കറൻസി വിദേശകാര്യത്തിലേക്ക് അയക്കണമെന്ന് സൗദി ഇന്ത്യൻ എംബസി രേഖാമൂലം അറിയിക്കുകയായിരുന്നു.
തുടർന്ന് പണം കൈമാറാനുള്ള നടപടികൾ പൂർത്തിയാക്കണമെന്ന സത്യവാങ്മൂലം റഹീമിന്റെ കുടുംബം രാവിലെ എംബസിയിൽ എത്തിച്ചു.
കോടതിയുടെ പേരിൽ ദിയാധന തുകക്ക് തുല്യമായ സെർട്ടിഫൈഡ് ചെക്ക് ഗവർണറേറ്റിന് ഉടൻ ഇന്ത്യൻ എംബസി കൈമാറും. ചെക്ക് ലഭിച്ചാലുടൻ അനുരഞ്ജന കരാറിൽ ഒപ്പ് വെക്കാൻ കൊല്ലപ്പെട്ട അനസിന്റെ അനന്തരാവകാശികളോ അല്ലെങ്കിൽ കോടതി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണിയുള്ള വക്കീലോ ഹാജരാകും.
അതെ സമയം തന്നെ റഹീമിന്റെ വക്കീലും ഗവർണറേറ്റിലെത്തി കരാറിൽ ഒപ്പ് വെക്കും. പിന്നീട് രേഖകൾ ഗവർണറേറ്റിൽ നിന്നും കോടതിക്ക് കൈമാറും. കോടതി പരിശോധിച്ചതിന് ശേഷം നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് തുടർന്നുള്ള നീക്കങ്ങൾ നടത്താമെന്ന് സഹായ സമിതി അറിയിച്ചു.
അഭിഭാഷക ഫീസ് ആയി 1.71 കോടി രൂപ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി മുഖേനെ അയച്ചിരുന്നു.
Content Highlight: Abdul Raheem case 1.5 crore riyaal sent to Saudi