'എല്ലാം റെഡി ആയി ഉമ്മാ' പത്ത് വർഷങ്ങൾക്ക് ശേഷം ഉമ്മയെത്തേടി റഹീമിന്റെ കോൾ
Kerala
'എല്ലാം റെഡി ആയി ഉമ്മാ' പത്ത് വർഷങ്ങൾക്ക് ശേഷം ഉമ്മയെത്തേടി റഹീമിന്റെ കോൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2024, 8:46 am

ഫറോക്ക്: പത്ത് വർഷങ്ങൾക്ക് ശേഷം ഉമ്മയെ വിളിച്ച് സംസാരിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീം. വർഷങ്ങൾക്ക് ശേഷം മകൻ റഹീമിന്റെ ഫോൺ വിളി എത്തിയതിന്റെ സന്തോഷത്തിലാണ് ഉമ്മ പാത്തു. ‘ഉമ്മ എല്ലാം ശരിയായിട്ടുണ്ട് . ഇൻശാ അല്ലാഹ്’ എന്ന് പറഞ്ഞ് നിർത്തിയ ഫോൺ കോളിന് ശേഷം ഉമ്മ നിർത്താതെ കരഞ്ഞു.

ജയിലിലടക്കപ്പെട്ട ആദ്യകാലങ്ങളിലൊക്കെ റഹീം വിളിക്കുമായിരുന്നെന്നും പിന്നീട് അത് പതിയെ ഇല്ലാതായെന്നും ഉമ്മ പറഞ്ഞു. ആദ്യകാലങ്ങളിൽ വിളിച്ചാൽ പോലും ഒന്നും സംസാരിക്കാനാവില്ലെന്നും തങ്ങൾ രണ്ടുപേരും കരയുകയാവുമെന്നും ഉമ്മ പറഞ്ഞു.

സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുൽ റഹീമിന് പറ്റിയ കയ്യബദ്ധത്തിൽ സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിച്ചതോടെയാണ് റഹീം ജയിലിലാകുന്നത്. നിരന്തരമായ ഇടപെടലുകളെ തുടർന്ന് 34 കോടി രൂപ മോചനദ്രവ്യമായി നൽകിയാൽ ശിക്ഷ ഒഴിവാക്കാമെന്ന് മരിച്ച കുട്ടിയുടെ കുടുംബം പറയുകയായിരുന്നു. തുടർന്ന് കേരളത്തിലെ ജനങ്ങൾ ഒന്നിച്ച് കൈകോർത്ത് പണം സ്വരൂപിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 30 നാണ് ആവശ്യമായുള്ള പണം സ്വരൂപിച്ചത്. തുടർന്ന് സൗദി കുടുംബത്തിനായുള്ള ദയാധനമായ 15 ദശലക്ഷം റിയാലിന്റെ ഡിമാൻഡ് ഡ്രാഫ്റ്റ് റിയാദിലെ ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്തിരുന്നു.

ഗവർണറേറ്റിന്റെ നിർദേശപ്രകാരം റിയാദിലെ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലാണ് ഡി.ഡി ഇഷ്യൂ ചെയ്യ്തിരുന്നത്. സാക്ഷികളായി റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ദിഖ് തുവ്വൂരും നിയമസഹായ സമിതി അംഗം മോയ്ഹുദ്ദിൻ സഫീറും എംബസിയിലെത്തിയിരുന്നു.

തുടർന്ന് ജൂൺ 11ന് നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്തു. ഇന്ത്യൻ എംബസി ഗവർണറേറ്റിന് നൽകിയ ഒന്നരകോടി സൗദി റിയാലിന്റെ ചെക്കും കൊല്ലപ്പെട്ട അനസിന്റെ കുടുംബം അറ്റോർണി ഗവർണറേറ്റിലെത്തി ഒപ്പുവെച്ച മറ്റ് രേഖകളും അവധിക്ക് മുമ്പുള്ള അവസാന പ്രവർത്തി ദിവസമായ തിങ്കളാഴ്ച കോടതിയിൽ എത്തിച്ചതായി സിദിഖ് തുവ്വൂർ അറിയിച്ചിരുന്നു. കോടതി തുറന്നാലുടനെ മോചന നടപടികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എംബസി അറിയിച്ചു.

 

ബലിപെരുന്നാളിന് മുൻപ് തന്നെ റഹീം നാട്ടിലെത്തുമെന്നായിരുന്നു കുടുംബം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പിരിച്ചെടുത്ത പണം സൗദിയിൽ എത്തിക്കുന്നതിൽ കാലതാമാസം വന്നിരുന്നു. പണം എത്തിച്ചപ്പോഴേക്കും സൗദിയിലെ ബലിപെരുന്നാൾ അവധികൾ ആരംഭിച്ചിരുന്നു ഇതാണ് മോചനത്തിന് കാലതാമസം ഉണ്ടാക്കിയത്. എങ്കിലും പത്ത് വർഷത്തിന് ശേഷമുള്ള റഹീമിന്റെ വിളി ഉമ്മ പാത്തുവിന്റെ ബലി പെരുന്നാൽ ദിനം കൂടുതൽ മധുരമുള്ളതാക്കി.

കോടതി കേസ് എടുക്കുന്നതിന് മുൻപ് ഇരു വിഭാഗത്തിന്റെയും വക്കീലുമാരോട് ഹാജരാകാൻ ആവശ്യപ്പെടും. തുടർന്ന് വധശിക്ഷ റദ്ദ് ചെയ്യുന്ന വിധിയാണ് ആദ്യമുണ്ടാവുക. അതിന് ശേഷമാണ് മോചന ഉത്തരവിൽ കോടതി ഒപ്പുവയ്ക്കുക. നടപടി വേഗത്തിലാക്കാൻ ഇന്ത്യൻ എംബസി സൗദി വിദേശകാല മാത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങൾ.

Content Highlight: Abdul raheem called his mother from Soudi sell  after ten years