Kerala News
എനിക്ക് നിഷേധിക്കപ്പെട്ട നീതിയുടെ അര്‍ത്ഥ തലങ്ങള്‍ അവന്‍ പഠിക്കും; മകന്‍ എല്‍.എല്‍.ബി പരീക്ഷയില്‍ ഉന്നതവിജയം നേടിയതില്‍ മഅ്ദനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Jan 23, 04:05 pm
Monday, 23rd January 2023, 9:35 pm

ബെംഗളൂരു: മകന്‍ സലാഹുദ്ദീന്‍ അയ്യൂബി എല്‍.എല്‍.ബി പരീക്ഷയില്‍ ഉന്നതവിജയം നേടിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബെംഗളുരുവില്‍ യാത്രാവിലക്കുകളോടെ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി.

തന്റെ മകന്‍ തനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥതലങ്ങള്‍ കൂടുതല്‍ പഠിച്ചു തുടങ്ങുമെന്നും മഅ്ദനി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സന്തോഷത്തിന്റെ ദിനം. കടുത്ത നീതിനിഷേധത്തിന്റെ ഇരുണ്ട ദിനരാത്രങ്ങള്‍ക്കിടയില്‍ ആശ്വാസത്തിന്റെ തെളിനീരായി ഒരു വാര്‍ത്ത!
എന്റെ പ്രിയങ്കരനായ ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി ഇന്ന് എല്‍.എല്‍.ബി
പരീക്ഷയില്‍ ഫസ്റ്റ് ക്ലാസോടുകൂടി ഉന്നതവിജയം നേടിയിരിക്കുന്നു. അല്‍ഹംദുലില്ലാഹ്!

നിരപരാധിത്തം തെളിയിച്ച് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായി വന്ന് ഞാന്‍ ശംഖുമുഖത്ത് ജയിലനുഭവങ്ങള്‍ പറയുമ്പോള്‍ അത് കേട്ട് താങ്ങാനാവാതെ എന്നോടൊപ്പമിരുന്നു പൊട്ടിക്കരഞ്ഞ ആ പിഞ്ചു ബാലന്‍ ഇനി എനിക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെ അര്‍ത്ഥ തലങ്ങള്‍ കൂടുതല്‍ പഠിച്ചു തുടങ്ങും. ഇന്‍ശാഅല്ലാഹ്,’ അബ്ദുല്‍ നാസര്‍ മഅ്ദനി പറഞ്ഞു.

2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. കേസിന്റെ വിചാരണ നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ട് പോകുകയാണെന്ന ആക്ഷേപം ശക്തമാണ്.

കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മഅ്ദനി നിരപരാധിയാണെന്ന് കണ്ടെത്തിയത്. 2007 ആഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ മഅ്ദനി മോചിതനാവുന്നത്. ഇതിനുശേഷം കേരളത്തില്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ ബി കാറ്റഗറി സുരക്ഷ അടക്കം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, 2008ല്‍ ബെംഗളൂരു നഗരത്തിലെ ഒമ്പതിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ആഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍നിന്ന് കര്‍ണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘം മഅ്ദനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.