കൊച്ചി: നീതിപീഠങ്ങളുടെ അകക്കണ്ണുകള്‍ ഇന്ന് അടഞ്ഞുപോയിരിക്കുകയാണെന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി.
വളരെ അപകടകരമായ അവസ്ഥയിലേക്ക് നീതിന്യായ സംവിധാനം പോയിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു അവസ്ഥയിലാണ് സിദ്ദീഖ് കാപ്പന് ഉണ്ടായപോലുള്ള അനുഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നീതിപീഠങ്ങളില്‍ നിരാശരായി വിടപറയുന്ന ഉമ്മമാര്‍ എന്ന വിഷയത്തില്‍ മൈനോരിറ്റി റൈറ്റ്‌സ് വാച്ച് സംഘടിപ്പിച്ച ക്ലബ് ഹൗസ് ചര്‍ച്ചയിലായിരുന്നു മഅ്ദനിയുടെ പ്രതികരണം.
സിദ്ദിഖ് കാപ്പന്റെ ഉമ്മയുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോഴും ഫോട്ടോ കണ്ടപ്പോഴും തന്റെ ഉമ്മയെയാണ് ഓര്‍മ്മ വന്നതെന്നും സിദ്ദിഖ് കാപ്പന്‍ ജയിലിലിരുന്ന് അനുഭവിക്കുന്ന വേദനയും മാനസിക സംഘര്‍ഷങ്ങളും അനുഭവത്തിന്റെ വെളിച്ചത്തില്‍ മനസ്സിലാകുന്ന ഒരാളാണ് താനെന്നും മഅ്ദനി പറഞ്ഞു.
തന്റെ വല്യുമ്മ മരണപ്പെട്ടപ്പോള്‍ പരോള്‍ ഒത്തുവന്നെങ്കിലും താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയോടെ അന്ന് കേരളം ഭരിച്ചിരുന്ന മുഖ്യമന്ത്രി അതിനെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
” തന്നെ ജയിലിന് പുറത്തുകൊണ്ടുപോകരുതെന്ന ബാന്‍ ഓര്‍ഡര്‍ ഉണ്ടായതുകൊണ്ട് കോടതി വിചാരിച്ചാലും പരോള്‍ ലഭിക്കുമായിരുന്നില്ല. വല്യുമ്മ മരണപ്പെട്ടപ്പോള്‍ പരോള്‍ ഒത്തുവന്നെങ്കിലും അന്ന് കേരളം ഭരിച്ചിരുന്ന ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയോടെ അധികാരത്തിലെത്തിയിരുന്ന അന്നത്തെ മുഖ്യമന്ത്രി അതിനെ എതിര്‍ത്തുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വഴി കൊടുത്തിരുന്ന നിര്‍ദ്ദേശം കാരണം പരോള്‍ തള്ളുകയായിരുന്നു” അദ്ദേഹം പറഞ്ഞു.
ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ജയിലിലടക്കപ്പെട്ട സക്കരിയ അനുഭവിച്ച മാനസിക സംഘര്‍ഷത്തെക്കുറിച്ചും മഅ്ദനി പറഞ്ഞു. ഒരു തെളിവുമില്ലാതെ, ഒറ്റ സാക്ഷി മൊഴി എതിരെ വരാതെ ജയിലടക്കപ്പെട്ട സക്കരിയ നിരപരാധിയാണെന്ന് വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ ഓംകാരയ്യ പോലും സമ്മതിച്ചിട്ടുണ്ടെന്ന് മഅ്ദനി പറഞ്ഞു. അങ്ങനെയുള്ള സക്കരിയ തന്റെ സഹോദരന്റെ മൃതശരീരം കാണാന്‍ ചോദിക്കുമ്പോള്‍ ഇനിപോയിട്ട് എന്ത് ചെയ്യാനാണ്, മരിച്ചുകഴിഞ്ഞില്ലേയെന്നാണ് പ്രോസിക്യൂട്ടര്‍ ചോദിച്ചതെന്നും മഅ്ദനി പറഞ്ഞു.
നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളുമാണ് സിദ്ദിഖ് കാപ്പന്‍ അഭിമുഖീകരിക്കുന്നതെന്നും മഅ്ദനി പറഞ്ഞു.
ജീവിക്കാന്‍ വേണ്ടി തൊഴിലെടുക്കാന്‍ പോയ സിദ്ദിഖ് കാപ്പനെ ആ തൊഴിലിന്റെ ഭാഗമായുള്ള യാത്രയുടെ പേരില്‍ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും അവഹേളിക്കുകയുമാണെന്നും മഅ്ദനി പറഞ്ഞു.
സിദ്ദിഖ് കാപ്പന്റെ അമ്മ അനുഭവിച്ച വേദന അനുഭവത്തിലൂടെ ഏറ്റവും അധികം മനസ്സിലാക്കാന്‍ കഴിയുന്ന ആളാണ് താനെന്നും സിദ്ദിഖ് കാപ്പന്‍ വാക്കുകള്‍ക്കപ്പുറമുള്ള നീതി നിഷേധമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും മഅ്ദനി പറഞ്ഞു.
കഠിനമായ രോഗബാധിതനായിരിക്കുമ്പോഴും പ്രാഥമിക ആവശ്യത്തിന് പോലും പോകാന്‍ കഴിയാതെ കട്ടില്‍ ബന്ധിക്കുകയും ശക്തമായ നിയമപോരാട്ടത്തിന് ശേഷം ദല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി പറഞ്ഞിട്ടും ആ കോടതിയുടെ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് കൊവിഡ് നെഗറ്റീവ് ആകുന്നതിന് മുന്‍പ് കാപ്പനെ ജയിലിലേക്ക് കൊണ്ടുപോയതെന്നും മഅ്ദനി പറഞ്ഞു.
ജാമ്യം കിട്ടി പുറത്താണെങ്കിലും ഇരുള്‍ മറയ്ക്ക് പിന്നിലാണെന്ന പോലെയാണ് താന്‍ ഇപ്പോഴും ഉള്ളതെന്നും മഅ്ദനി കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Abdul Nazer Mahdani about Siddique kappan