ഹിന്ദുമതത്തേയോ വിശ്വാസത്തെയോ ആക്ഷേപിച്ചിട്ടില്ല; ബി.ജെ.പി നേതാക്കളേയും ആശയങ്ങളേയുമാണ് വിമര്‍ശിച്ചത്; ജോസഫ് മാഷിന്റെ തലവെട്ടണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മഅദ്‌നി
Kerala
ഹിന്ദുമതത്തേയോ വിശ്വാസത്തെയോ ആക്ഷേപിച്ചിട്ടില്ല; ബി.ജെ.പി നേതാക്കളേയും ആശയങ്ങളേയുമാണ് വിമര്‍ശിച്ചത്; ജോസഫ് മാഷിന്റെ തലവെട്ടണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മഅദ്‌നി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th August 2017, 9:42 am

തലശ്ശേരി: താന്‍ ഹിന്ദുമതത്തേയും വിശ്വാസത്തേയോ ആക്ഷേപിച്ചിട്ടില്ലെന്നും ബി.ജെ.പി നേതാക്കളേയും അവരുടെ ആശയങ്ങളേയുമാണ് താന്‍ വിമര്‍ശിച്ചതെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി.

ക്ഷേത്രോത്സവങ്ങളെ വിമര്‍ശിക്കുകയോ ഹിന്ദുസഹോദരന്‍മാരുടെ വിശ്വാസപ്രമാണത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രവര്‍ത്തിക്കുയോ ചെയ്തിട്ടില്ല. എന്നാല്‍ താന്‍ നേരത്തെ നടത്തിയ ചില പ്രസംഗത്തിലെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് താന്‍ അത്തരത്തില്‍ പ്രസംഗിച്ചിരുന്നതായി ഇപ്പോഴും പ്രചാരണം നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.


Dont Miss യുവാക്കളെ ചരിത്രം പഠിപ്പിക്കാനൊരുങ്ങിയുള്ള മോദിയുടെ ട്വീറ്റിന് തകര്‍പ്പന്‍ മറുപടിയുമായി മന്‍മോഹന്‍ സിങ്ങിന്റെ ട്രോള്‍ അക്കൗണ്ട്


തനിക്കെതിരെ ആരോപണമുയര്‍ന്ന 1992 കാലത്തെ പ്രഭാഷണങ്ങളില്‍പ്പോലും വിശ്വാസപരമായ കാര്യത്തില്‍ ആക്ഷേപിച്ചിട്ടില്ല. കരുനാഗപ്പള്ളി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് എട്ടുകേസുകളില്‍ പ്രാഥമിക വാദം കേട്ട് തള്ളിയതാണ്.

ഹിന്ദുമതത്തേയോ വിശ്വാസത്തേയോ ആക്ഷേപിച്ചിട്ടില്ലെന്നാണ് കോടതി വിധിയില്‍ പറഞ്ഞത്. ബി.ജെ.പി നേതാക്കളേയും ആശയങ്ങളേയുമാണ് വിമര്‍ശിച്ചത്. രാഷ്ട്രീയപ്രസംഗം വര്‍ഗീയ പ്രസംഗമല്ല. കോടതിയുടെ വലിയൊരു സഹായത്തോടെ നിഷേധിക്കപ്പെട്ട നീതി തിരിച്ചുവരുമ്പോള്‍ അപകടകാരിയായി തന്നെ ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോള്‍ കൈയല്ല തലയാണ് വെട്ടേണ്ടതെന്ന് ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ല. തനിക്കെതിരെ പ്രവര്‍ത്തനം നടക്കുന്നുണ്ട്. മനുഷ്യാവകാശ പക്ഷത്ത് നില്‍ക്കുന്നവരുടെ പിന്തുണ ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യം അപകടകരമായ നിലയിലേക്ക് പോകുമ്പോള്‍ സമാധാനത്തിന്റെ തുരുത്തായി നില്‍ക്കുന്നത് കേരളം മാത്രമാണ്. കേരളത്തില്‍ മാത്രമാണ് സമാധാനം നിലനില്‍ക്കുന്നത്. അത് തകര്‍ക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് താന്‍ കേരളത്തിലെത്തിയ ദിവസം ഒരു ദൃശ്യമാധ്യമം പഴയ പ്രസംഗം പ്രകോപനം സൃഷ്ടിക്കും വിധം പ്രചരിപ്പിച്ചത്. വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ നടത്തുന്ന നീക്കം തിരിച്ചറിയണമെന്നും മഅദനി പറഞ്ഞു.