കൊല്ലം: കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും സന്തോഷം തോന്നിയ പെരുന്നാള്‍ ഇതാണെന്നും അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യം വഷളാക്കുന്ന നടപടി ആരുടെയും ഭാഗത്ത് നിന്നുമുണ്ടാകരുതെന്നും മകന്‍ അഡ്വ. സലാഹുദീന്‍ അയ്യൂബി. മഅ്ദനി കേരളത്തിലേക്ക് വരുമ്പോള്‍ ഭയപ്പെടുന്ന ചിലരുണ്ടെന്നും അവരില്‍ നിന്ന് പിതാവിനെയും പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കുമെന്നും സലാഹുദീന്‍ പറഞ്ഞു.
‘മഅ്ദനി കേരളത്തിലേക്ക് വരുമ്പോള്‍ ഭയപ്പെടുന്ന ചിലരുണ്ടാകും. ഞങ്ങളെ തടയാന്‍ വരുന്ന കൈകളെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെയോ സമരങ്ങളിലൂടെയോ ഞങ്ങള്‍ തടയും. അതിനാല്‍ തന്നെ ഞങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പല ആരോപണങ്ങളും വന്നേക്കാം. എന്തൊക്കെ സംഭവിച്ചാലും ഞങ്ങള്‍ അവരെ സംരക്ഷിക്കും.
അതുകൊണ്ട് ഞങ്ങളുടെ പ്രസ്ഥാനത്തേയും വാപ്പച്ചിയേയും ജനാധിപത്യത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് കൊണ്ട് സംരക്ഷിക്കുമെന്ന് ഒരു സന്ദേശമായി പറയുകയാണ്. മഅ്ദനി കേരളത്തിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിനൊപ്പം ശക്തനായൊരു പുത്രനും കുടുംബവും പ്രസ്ഥാനവും ഉണ്ട്,’ മകന്‍ പറഞ്ഞു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ന്യൂനപക്ഷ, ദളിത് പിന്നോക്ക ഐക്യം പറഞ്ഞുവെന്നതിന്റെ പേരില്‍ എന്റെ വാപ്പച്ചി കൊടിയ പീഡനങ്ങള്‍ അനുഭവിച്ച വ്യക്തിയാണ് തന്റെ പിതാവെന്ന് സലാഹുദീന്‍ കൂട്ടിച്ചേര്‍ത്തു.
‘അദ്ദേഹം ഇന്നലെ പെരുന്നാള്‍ നമസ്‌കാരത്തില്‍ എല്ലാ പീഡനങ്ങളും താങ്ങാനുള്ള കരുത്തുണ്ടാകണേയെന്ന് പ്രാര്‍ത്ഥിച്ചത് സന്തോഷമുള്ള കാര്യമാണ്.
ക്രിയാറ്റിന്‍ ലെവല്‍ 10.3 ആയിട്ടും, ഇരു വൃക്കകളും തകരാറിലായിട്ടും, ബി.പി ലെവല്‍ മാറിക്കൊണ്ടിരിക്കുമ്പോഴും, പിതാവ് സമാധാനമായി ഉറങ്ങുന്നത് കണ്ടുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുന്നത്. ഇത് മഅ്ദനിയെ അറിയുന്ന കേരളമാണ്. ഇത് മഅ്ദനി ജനിച്ച കേരളമാണ്. മഅ്ദനിയുടെ കാല്‍ നഷ്ടപ്പെട്ട കേരളമാണ്.
ബെംഗളൂരുവിലെ ഒറ്റമുറി വീട്ടിലെ പെരുന്നാള്‍ നിസ്‌കാരത്തേക്കാള്‍ എനിക്ക് സന്തോഷം നല്‍കിയതാണ്, ഇത്തവണ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ പെരുന്നാള് ഞങ്ങള്‍ ആഘോഷിച്ചു. എന്നോടൊപ്പം കുടുംബവും സുഹൃത്തുക്കളും സഹോദരങ്ങളും പ്രസ്ഥാനത്തിലെ അംഗങ്ങളുമെല്ലാം ഉണ്ടായിരുന്നു. കേരളത്തിന്റെ മണ്ണിലാണെന്നത് എനിക്കും കുടുംബാംഗങ്ങള്‍ക്കും ആശ്വാസം നല്‍കുന്നുണ്ട്,’ മഅ്ദനിയുടെ മകന്‍ പറഞ്ഞു.
ഒരുപാട് പെരുന്നാളുകള്‍ ആഘോഷിച്ചിട്ടുണ്ടെങ്കിലും മനസിന് ഒരുപാട് ആശ്വാസമുള്ള പെരുന്നാളാണ് ഇക്കൊല്ലത്തേതെന്നും അഡ്വ. സലാഹുദീന്‍ അയ്യൂബി പറഞ്ഞു. ‘രണ്ടു വര്‍ഷം മുമ്പത്തെ റമളാനില്‍ എന്റെ ഏറ്റവും വലിയ പ്രാര്‍ത്ഥനകളിലൊന്ന് അടുത്ത റമളാനുകളില്‍ നാട്ടില്‍ എത്താനാകണേ എന്നതായിരുന്നു.
പക്ഷേ അത് സാധിക്കാതെ പോയി. എന്നാല്‍ അതിലും വലിയൊരു ദൗത്യത്തിന് വേണ്ടിയായിരുന്നു അതെന്നതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. വാപ്പച്ചിയുടെ നിയമ പോരാട്ടങ്ങള്‍ക്കായി സുപ്രീം കോടതിയില്‍ അഭിഭാഷകനായി കപില്‍ സിബല്‍ സാറിനൊപ്പം പോകാനായത് ഗുണപ്രദമായി. ഇന്ന് വാപ്പച്ചി വീട്ടിലെത്തിയിട്ടുണ്ട് എന്നുള്ളതും സന്തോഷമുള്ള കാര്യമാണ്.
എന്റെ എന്റോള്‍മെന്റിന് തലേന്ന് രാത്രി മുഴുവന്‍ വാപ്പച്ചിയുടെ മുറിയില്‍ കരഞ്ഞുകൊണ്ടാണ് ഞാന്‍ സമയം ചെലവഴിച്ചത്. മഅ്ദനിയുടെ അല്‍ അബ്രാര്‍ എന്ന വീട്ടില്‍ കണ്ണീരുണ്ട്. ഇതുപോലെ ഞങ്ങളുടെ ഓരോ ദുആകളിലും പ്രാര്‍ത്ഥനകളിലും കണ്ണീരൊഴുക്കിയിട്ടുണ്ട്.
ഇതൊക്കെ ഒരുപാട് കാര്യങ്ങള്‍ക്ക് വേണ്ടിയാണ്. ഇതൊക്കെ ഫലമുണ്ടാകുന്നതിന് വേണ്ടിയാണ്. ഞങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലം അള്ളാഹു തടയില്ലെന്നത് ഞങ്ങളുടെ വിശ്വാസമാണ്,’ മകന്‍ അഡ്വ. സലാഹുദീന്‍ അയ്യൂബി പറഞ്ഞു. പെരുന്നാള്‍ ദിനത്തില്‍ ഫേസ്ബുക്ക് ലൈവിലൂടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.