ന്യൂദല്‍ഹി: ബെംഗളൂരുവില്‍ യാത്രാവിലക്കുകളോടെ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി. അസുഖ ബാധിതനായ പിതാവിനെ കാണാന്‍ ജൂലൈ പത്ത് വരെ കേരളത്തില്‍ തങ്ങാനാണ് സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയത്.
ആയുര്‍വേദ ചികിത്സ, ആരോഗ്യനില വഷളായ പിതാവിനെ കാണണം, കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാല്‍ കര്‍ണാടകയില്‍ ഇനി കഴിയേണ്ട കാര്യമില്ല എന്നീ കാര്യങ്ങള്‍ മഅ്ദനിയുടെ ഹരജിയില്‍ പറഞ്ഞിരുന്നു.
നാളിതുവരെ മഅ്ദനി ജാമ്യവ്യവസ്ഥകളൊന്നും തന്നെ ലംഘിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ജാമ്യവ്യവസ്ഥകളില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് പ്രശ്നമുള്ളതെന്ന് വ്യക്തമാക്കണമെന്നും കോടതി നേരത്തെ കാര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിക്കെതിരെ വിചാരണ നടക്കുന്നത്. കേസില്‍ നിലവില്‍ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുകയാണ് അദ്ദേഹം.
പക്ഷാഘാതത്തിന്റെ തുടര്‍ച്ചയായുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ മഅ്ദനിയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.