നീണ്ട ജയില്‍വാസം, കാഴ്ചക്കുറവ്, വാപ്പിച്ചിയെ അലട്ടുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍; മഅദനിയുടെ മകന്റെ കുറിപ്പ്
Kerala News
നീണ്ട ജയില്‍വാസം, കാഴ്ചക്കുറവ്, വാപ്പിച്ചിയെ അലട്ടുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍; മഅദനിയുടെ മകന്റെ കുറിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st March 2023, 4:15 pm

കോഴിക്കോട്: കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലൂടെയാണ് തന്റെ പിതാവ് കടന്നുപോകുന്നതെന്ന് ബെംഗളൂരു സ്ഫോടനക്കേസില്‍ സുപ്രീം കോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ മകന്‍ സലാഹുദ്ദീന്‍ അയ്യൂബി.

പിതാവിന്റെ അസുഖവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം നിസഹായാവസ്ഥ തോന്നിപ്പോയ നിമിഷങ്ങളിലൂടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മഅദനിയുടെ രോഗവസ്ഥയെക്കുറിച്ച് എല്‍.എല്‍.ബി വിദ്യാര്‍ത്ഥി കൂടിയായ സലാഹുദ്ദീന്‍ വിശദീകരിച്ചത്.

‘കഴിഞ്ഞ മൂന്ന് ആഴ്ചകളായി തുടര്‍ച്ചയായി സ്‌ട്രോക്ക് episodes ഉണ്ടായി കൊണ്ടിരിക്കുകയാണ്. അങ്ങേയറ്റം നിസഹായവസ്ഥ തോന്നിപ്പോയ പലനിമിഷങ്ങളിലൂടെയും കഴിഞ്ഞ ദിവസങ്ങളില്‍ കടന്നുപോയി. ഒരു രോഗത്തിനുള്ള ചികിത്സക്ക് തടസ്സമായി മറ്റ് രോഗാവസ്ഥകള്‍ നില്‍ക്കുന്ന സാഹചര്യമാണുള്ളത്,’ സലാഹുദ്ദീന്‍ പറഞ്ഞു.

അതേസമയം, പക്ഷാഘാതത്തിന്റെ തുടര്‍ലക്ഷണങ്ങളുണ്ടായതോടെ കഴിഞ്ഞ മാസം ആദ്യം മഅദനിയെ ബെംഗളുരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ജാമ്യവ്യവസ്ഥയുള്ളതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരു വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

സലാഹുദ്ദീന്‍ അയ്യൂബിയുടെ കൂറിപ്പിന്റെ പൂര്‍ണരൂപം

വാപ്പിച്ചിയുടെ അനാരോഗ്യാവസ്ഥ പലപ്പോഴും കണ്ട് താങ്ങാനാകാതെ വിങ്ങിപ്പൊട്ടിയിട്ടുമുണ്ട്. ബെംഗളൂരുവില്‍ ജയില്‍വാസ സമയത്ത് ചികിത്സ വൈകിയത് കാരണം കാഴ്ചയ്ക്ക് സാരമായ പ്രശ്‌നം ബാധിച്ച് കഴിയുന്ന ഘട്ടത്തില്‍ സുപ്രീം കോടതിയുടെ ചികിത്സ ഉറപ്പാക്കണമെന്ന നിര്‍ദേശപ്രകാരം ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വാപ്പിച്ചി ചികിത്സയില്‍ കഴിയവെ ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന എന്നെയും കൂട്ടി ഞങ്ങള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും വാപ്പിച്ചിയെ കാണാന്‍ പോയിരുന്നു.

ആ സന്ദര്‍ഭത്തില്‍ വാപ്പിച്ചി ഇരുന്ന മുറിയില്‍ പ്രവേശിച്ച് വാപ്പിച്ചിയുടെ അടുക്കലേക്ക് എത്തിയിട്ടും കാഴ്ചക്കുറവ് മൂലം എന്നെ മനസ്സിലാക്കാതെ വന്നപ്പോള്‍ അത് കണ്ട് താങ്ങാന്‍ ആകാതെ പൊട്ടികരഞ്ഞ് പോയ എന്റെ ബാല്യം ഇന്നും മായാതെ മുന്നില്‍ ഉണ്ട്.

എനിക്ക് ഓര്‍മവെച്ചത് മുതല്‍ കണ്ട വാപ്പിച്ചിയില്‍ ഏറ്റവും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വാപ്പിച്ചിയെ ആണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകളായി തുടര്‍ച്ചയായി സ്‌ട്രോക്ക് episodes ഉണ്ടായി കൊണ്ടിരിക്കുന്നു. Cross-consultation ഇല്ലാതെ ഒരു ചെറുചികിത്സ പോലും ചെയ്യാന്‍ കഴിയാത്ത ആരോഗ്യാവസ്ഥ. ഒരു രോഗത്തിന് ഉള്ള ചികിത്സക്ക് തടസ്സമായി മറ്റ് രോഗാവസ്ഥകള്‍ നില്‍ക്കുന്ന സാഹചര്യം.

ചികിത്സയുടെ എല്ലാ ഘട്ടത്തിലും ചികിത്സാകാര്യങ്ങള്‍ നീക്കുമ്പോള്‍ ചിലപ്പോഴൊക്കെ ഈ കാഴ്ച കണ്ട് തളര്‍ന്ന് നിന്ന് പോകുകയാണ്. അങ്ങേയറ്റം നിസഹായാവസ്ഥ തോന്നിപ്പോയ പലനിമിഷങ്ങളിലൂടെയും കഴിഞ്ഞ ദിവസങ്ങളില്‍ കടന്നുപോയി.

ഇത് മനസിലാക്കിയിട്ടാകണം രണ്ട് ദിവസത്തേക്ക് എന്റ്‌റോള്‍മെന്റ് സംബന്ധമായ കാര്യങ്ങള്‍ നീക്കാന്‍ വേണ്ടി എറണാകുളത്തേക്ക് ഇന്നലെ യാത്ര തിരിക്കുമ്പോള്‍ വാപ്പിച്ചി എന്റെ കൈകള്‍ ബലത്തോടെ ചേര്‍ത്ത് പിടിച്ച് തവക്കുലിന്റെയും ഇസ്തിഖാമത്തിന്റെയും വചനങ്ങള്‍ വീണ്ടും പറഞ്ഞുതന്നത്. ഒരുപാട് ആത്മബലം എന്നത്തേയും പോലെ ചൊരിഞ്ഞു നല്‍കിയത്.

ഈ പ്രതിസന്ധിയുടെ പടുകൂനയില്‍ നില്‍ക്കുമ്പോള്‍ ഒപ്പം നില്‍ക്കുന്ന മനുഷ്യരോട് ഉന്നതമായ സ്‌നേഹം മാത്രമേ തിരിച്ച് നല്‍കാനുള്ളൂ, ഒപ്പം ഒരായിരം പ്രാര്‍ത്ഥനകളും.
തെരുവീഥികളില്‍ ഇറങ്ങി തൊണ്ടപൊട്ടുമാര്‍ മഅ്ദനിയുടെ നീതിക്കായി ശബ്ദിച്ചവര്‍.
നില്‍ക്കാനും നടക്കാനും കഴിയാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ തെരുവില്‍ മഅ്ദനിക്കായി, നീതിക്കായി നിലകൊള്ളുമ്പോള്‍.

നോമ്പും നിസ്‌കാരവും കണ്ഠമിടറുന്ന പ്രാര്‍ത്ഥനകളുമായി വാപ്പിച്ചിക്ക് വേണ്ടി നാഥനോട് ഇരക്കുന്നവര്‍. സോഷ്യല്‍ വാളുകളില്‍ നീതിക്കായി ശബ്ദിക്കുന്നവര്‍.
സാഹചര്യം മനസിലാക്കി പ്രതികരിക്കുകയും ചലിക്കുകയും ചെയ്യുന്നവര്‍.
എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ നന്ദിയും പ്രാര്‍ത്ഥനകളും.
നമ്മുടെ പോരാട്ടങ്ങള്‍, പരിശ്രമങ്ങള്‍, പ്രാര്‍ത്ഥനകള്‍ നാം നേടിയെടുക്കുക തന്നെ ചെയ്യും…
ഇന്ഷാ അല്ലാഹ്!

Content Highlight: Abdul Nasr Madani’s son Salahuddin Ayyubi open letter