ബാംഗ്ലൂര്‍: കോടതി ശിക്ഷിച്ച മഅ്ദനിക്ക് വേണ്ടി കേരള നിയമസഭ പ്രമേയം പാസാക്കിയെന്ന വി.മുരളീധരന്റെ ആരോപണത്തിനെതിരെ അബ്ദുനാസര്‍ മഅ്ദനി.
ഏത് കോടതിയാണ് തന്നെ ശിക്ഷിച്ചതെന്ന് മുരളീധരന്‍ വ്യക്തമാക്കണമെന്ന് മഅ്ദനി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലെൂടെയായിരുന്നു മഅ്ദനിയുടെ പ്രതികരണം.
‘കേന്ദ്രമന്ത്രിക്കും അല്‍പ്പം പരിസരബോധവും നിയമവിവരവും ആകാവുന്നതാണ്… ഏത് കോടതിയാണ് ശിക്ഷിച്ചത്? എപ്പോഴായിരുന്നു അത്? വല്ലപ്പോഴുമൊക്കെ സത്യവും പറഞ്ഞു ശീലിക്കുന്നത് നല്ലതാണ്. മാന്യന്മാരൊക്കെ ഇരിന്നിട്ടുള്ള പദവിയോട് അല്‍പമെങ്കിലും നീതി കാട്ടലാകാമല്ലോ..’ എന്നാണ് മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചത്.
അബ്ദുനാസര്‍ മഅ്ദനിയെ തെളിവിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ നീതിന്യായ കോടതി ശിക്ഷിച്ചിരുന്നെന്നും, ആ ശിക്ഷിച്ച ആളുകളെ തുറന്നു വിടണം എന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു എന്നുമാണ് മുരളീധരന്‍ പറഞ്ഞത്.
1998ലെ കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പങ്കുണ്ടെന്നാരോപിച്ചാണ് മഅ്ദനിയെ കസ്റ്റഡിയിലെടുക്കുന്നത്. ഒമ്പത് വര്‍ഷക്കാലം വിചാരണ തടവുകാരനായി കഴിഞ്ഞ ശേഷം നിരപരാധിയെന്നു കണ്ട് 2007ല്‍ പ്രത്യേക കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു.