| Friday, 23rd October 2020, 4:30 pm

മഅ്ദനി എന്ന വാക്കിന്റെ അര്‍ത്ഥം | SPECIAL REPORT

ജിതിന്‍ ടി പി

2010 ആഗസ്റ്റ് 17 അന്‍വാര്‍ശ്ശേരി

”നിങ്ങളെ ഞാന്‍ ഇങ്ങനെ വിളിച്ച് ഒരു കാര്യവും സംസാരിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയുകയാണ്. ഇതൊരു മത കലാലയമാണ്, ഇതൊരു അനാഥശാലയാണ്, പള്ളിയാണ്, ബന്ധപ്പെട്ട സ്ഥാപനങ്ങളാണ്. പൊലീസ് അകത്തേക്ക് വന്നാല്‍ അകത്തേക്ക് വരട്ടെ. അറസ്റ്റ് ചെയ്യാനാണ് അവരുടെ ആഗ്രഹമെങ്കില്‍ അറസ്റ്റ് ചെയ്യട്ടേ. നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാനാഗ്രഹിക്കുന്ന ആളെന്ന നിലയില്‍ എനിക്ക് പറയാനുള്ളത് ഒരു കാരണവശാലും ഏതെങ്കിലും തരത്തിലുള്ള അച്ചടക്കമില്ലാത്ത ഒരു കാര്യത്തിലേക്കും ഈ നിമിഷം മുതല്‍ ഒരാളും പോകാന്‍ പാടില്ല”

ബംഗളൂരു സ്ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് അബ്ദുന്നാസർ മഅ്ദനി തനിക്ക് ചുറ്റും കൂടി നിന്നവരോട് പറഞ്ഞ വാക്കുകളാണിത്. അബ്ദുന്നാസര്‍ മഅ്ദനി എന്ന പേരിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. പ്രഭാഷകന്‍, മതപണ്ഠിതന്‍, രാഷ്ട്രീയ നേതാവ് അങ്ങനെ നിരവധി അര്‍ത്ഥങ്ങള്‍. എന്നാല്‍ ഇന്ന് മഅ്ദനി എന്ന പേരിന് ഏറ്റവും അനുയോജ്യം നീതിനിഷേധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി എന്നതായിരിക്കും.

ചെയ്യാത്ത തെറ്റിന്റെ പേരില്‍ നീണ്ട ഒമ്പതര വര്‍ഷം കാരാഗ്രഹവാസം. ശേഷം നിരപരാധിയെന്ന് കണ്ട് കോടതി കുറ്റവിമുക്തനാക്കുന്നു. മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ വീണ്ടും ജയില്‍ വാസം. കഴിഞ്ഞ പത്ത് വര്‍ഷമായി തടങ്കലില്‍. സാക്ഷിമൊഴികള്‍ തട്ടിക്കൂട്ടിയതാണെന്നടക്കമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടും അദ്ദേഹത്തിന് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. മഅ്ദനി ഒരു പ്രഹേളികയാകുന്നത് എങ്ങനെയാണ്?

അബ്ദുന്നാസർ  മഅ്ദനി

അബ്ദുന്നാസറില്‍ നിന്ന് മഅദനിയിലേക്ക്

കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി പഞ്ചായത്തില്‍ തോട്ടുവാല്‍ മന്‍സിലില്‍ അബ്ദുസമദ് മാസ്റ്ററുടെയും അസ്മാബീവിയുടെയും മകനായി 1966 ജനുവരി 18 നാണ് അബ്ദുന്നാസറിന്റെ ജനനം. വേങ്ങ വി.എം.എല്‍.സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. സ്‌കൂള്‍ പഠനകാലത്ത് തന്നെ പ്രസംഗ കലയില്‍ മികവ് കാണിച്ച നാസിര്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താലൂക്കാടിസ്ഥാനത്തില്‍ നടന്ന ഒരു മത്സരത്തില്‍ വിജയിച്ച് ജില്ലാ കളക്ടറുടെ കൈയില്‍ നിന്ന് സമ്മാനം വാങ്ങുന്നത്.

സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കൊല്ലൂര്‍വിള മഅ്ദനുല്‍ ഉലൂം അറബി കോളജില്‍ നിന്നും ‘മഅ്ദനി’ ബിരുദം നേടി. പതിനേഴാം വയസ്സില്‍ തന്നെ അറിയപ്പെടുന്ന ഒരു മതപ്രഭാഷകനായി അബ്ദുന്നാസര്‍ മഅ്ദനി മാറി. പില്‍ക്കാലത്ത് മൈനാഗപ്പള്ളിയിലെ അന്‍വാര്‍ശേരി യത്തീംഖാനയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തു.

കേരളത്തിലെ അറിയപ്പെടുന്ന യുവ പ്രാസംഗികനായി മഅ്ദനി രൂപപ്പെടുകയായിരുന്നു. ‘മുസ്‌ലിം സമുദായത്തിന് സ്വയം പ്രതിരോധ’മെന്ന മുദ്രാവാക്യമുയര്‍ത്തി 1990ല്‍ ഇസ്‌ലാമിക് സേവക് സംഘ് ഐ.എസ്.എസ്. രൂപവത്കരിച്ചു. കേരളമെങ്ങും ചുറ്റി സഞ്ചരിച്ച് പ്രഭാഷണം നടത്തിയ മഅ്ദനിക്ക് പിന്തുണയേറി. ഒപ്പം ഐ.എസ്.എസില്‍ അംഗങ്ങളും.

1992 ഓഗസ്റ്റ് 6-ന് അദ്ദേഹത്തിനെതിരെ വധശ്രമം നടക്കുകയും വലതുകാല്‍ നഷ്ടമാവുകയും ചെയ്തു. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഐ.എസ്.എസ്. നിരോധിക്കുകയും മഅ്ദനി അറസ്റ്റിലാവുകയും ചെയ്തു.

പിന്നീട് രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞ മഅ്ദനി 1993 ഏപ്രില്‍ 14-ന് അംബേദ്കറിന്റെ ജന്മദിനത്തില്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) എന്ന രാഷ്ട്രീയകക്ഷിക്ക് രൂപം നല്‍കി. ‘അവര്‍ണ്ണന് അധികാരം പീഡിതര്‍ക്ക് മോചനം’ എന്നായിരുന്നു പി.ഡി.പി. യുടെ മുദ്രാവാക്യം. ഫാസിസം നാട് ഭരിച്ചാല്‍ ഭവിഷ്യത്ത് അനുഭവിക്കാന്‍ പോകുന്നത് ദളിതനും ന്യൂനപക്ഷങ്ങളും ആണെന്ന് മഅ്ദനി പ്രസംഗിച്ചു.

2009 ലെ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ മഅ്ദനി

ഗുരുവായൂര്‍, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കഴിഞ്ഞതോടെ പി.ഡി.പി കേരള രാഷ്ട്രീയത്തില്‍ അവഗണിക്കാനാവാത്ത ശക്തിയായി. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി അബ്ദുന്നാസര്‍ മഅ്ദനി കേരളയാത്ര നടത്തി.

നിരപരാധിത്വം തെളിയിക്കാന്‍ ഒമ്പതര വര്‍ഷം

കേരള രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും മഅ്ദനി നിര്‍ണായക സാന്നിധ്യമാകുന്ന കാലഘട്ടത്തിലാണ് 1998 ല്‍ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. 1992ല്‍ കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ സാമുദായിക സ്പര്‍ധ വളര്‍ത്തിയെന്നാരോപിക്കപ്പെട്ട് 1998 മാര്‍ച്ച് 31-ന് എറണാകുളത്ത് കലൂരിലെ വസതിയില്‍നിന്ന് മഅ്ദനിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കോഴിക്കോട് പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിനു ശേഷം കണ്ണൂര്‍ ജയിലിലടച്ച മഅ്ദനിയെ ഏപ്രില്‍ നാലിന് കോയമ്പത്തൂര്‍ പൊലീസിന് കൈമാറി. മഅ്ദനിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചശേഷം ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. ജാമ്യം കിട്ടാത്ത ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലായിരുന്നു ഇത്.

കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ 58 പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവം നടന്നത് ബി.ജെ.പി നേതാവായ എല്‍.കെ. അദ്വാനി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ വരുന്നതിനു മുമ്പായിരുന്നു.


കേസില്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ദേശീയ സുരക്ഷാ നിയമ പ്രകാരമുള്ള കുറ്റത്തില്‍നിന്ന് മോചിതനാക്കിയെങ്കിലും കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്നാരോപിച്ച് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം ഫയല്‍ ചെയ്തു. ഇതോടെ കോയമ്പത്തൂരില്‍ നിന്നും മഅ്ദനിയെ സേലം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

ജാമ്യത്തിനായി നിരവധി തവണ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയും തള്ളി. വിചാരണ നടത്തി കേസ് തീര്‍പ്പാക്കാനാണ് സുപ്രീം കോടതി സെഷന്‍സ് കോടതിക്ക് നല്‍കിയ നിര്‍ദ്ദേശം. 16683 പേജുള്ള തമിഴിലുള്ള കുറ്റപത്രം മലയാളത്തിലാക്കി നല്‍കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു.

2500 സാക്ഷികളുള്ള കേസിന്റെ വിചാരണ മന്ദഗതിയിലാണ് നീങ്ങിയത്. 9 വര്‍ഷത്തെ വിചാരണ നടപടികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2007 ആഗസ്റ്റ് 1-ന് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി മഅ്ദനിയെ വിട്ടയച്ചു.

നിങ്ങള്‍ക്ക് മൂന്ന് ബോംബ് നഷ്ടപ്പെട്ടു, എനിക്ക് ഒരു കാലും

’16-ാമത്തെ വയസില്‍ സ്റ്റേജില്‍ കയറി പ്രസംഗിച്ചവനാ ഞാന്‍. പിന്നീട് വിശ്രമിച്ചിട്ടില്ല. 25-ാമത്തെ വയസില്‍ സാഹചര്യത്തിന്റെ സൃഷ്ടിയായി ഒരു സംഘടനയുണ്ടായി. 27-ാമത്തെ വയസില്‍ വലതുകാല്‍ നഷ്ടമായി. വീണ്ടും കുറച്ച് കഴിഞ്ഞ് ഒരു രാഷ്ട്രീയപ്രസ്ഥാനം ഉണ്ടായി. അത് കഴിഞ്ഞ് 33-ാം വയസില്‍ ജയിലില്‍ പോയി. ആ ജയില്‍ ജീവിതം എന്നെ മാറ്റിചിന്തിപ്പിച്ചു’, കുറ്റവിമുക്തനാക്കപ്പെട്ട ശേഷം മഅ്ദനി വീണ്ടും വേദികളില്‍ സജീവമായി.

മതതീവ്രവാദി എന്ന് വിളിച്ച് സംഘപരിവാര്‍ വീണ്ടും അദ്ദേഹത്തെ ലക്ഷ്യമിട്ടെങ്കിലും പഴയ പ്രകോപന പ്രസംഗങ്ങള്‍ പാടെ ഉപേക്ഷിച്ച മഅ്ദനി തന്റെ ഭാഗത്ത് നിന്നുണ്ടായ പാളിച്ചകള്‍ക്ക് ഖേദം പ്രകടിപ്പിക്കുകയുമായിരുന്നു.

മാത്രമല്ല തന്റെ കാല്‍ ബോംബെറിഞ്ഞ് തകര്‍ത്തവര്‍ക്ക് മാപ്പ് നല്‍കുകയും കേസില്‍ സാക്ഷി പറയാന്‍ പോകില്ലെന്നും മഅ്ദനി പ്രഖ്യാപിച്ചു. നിങ്ങള്‍ക്ക് മൂന്ന് ബോംബ് നഷ്ടപ്പെട്ടു, എനിക്ക് ഒരു കാലും എന്നായിരുന്നു ഇതിനോടനുബന്ധിച്ച് മഅ്ദനി പറഞ്ഞിരുന്നത്.


മൂന്ന് വര്‍ഷത്തെ സ്വാതന്ത്ര്യത്തിന് ശേഷം ബംഗളുരു സ്‌ഫോടന കേസില്‍ കുറ്റവാളിയെന്നാരോപിച്ച് മഅ്ദനി വീണ്ടും ജയിലിലാക്കപ്പെട്ടു. 2008ല്‍ ബംഗളുരുവില്‍ നടന്ന 7 സ്‌ഫോടനങ്ങളില്‍ രണ്ട് പേരാണ് മരണപ്പെട്ടത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആദ്യ രണ്ട് തവണയും ഇല്ലാത്ത മഅ്ദനി മൂന്നാമത്തെ കുറ്റപത്രത്തില്‍ ഇടം പിടിക്കുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനി നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നത് ഒമ്പതര വര്‍ഷത്തിന് ശേഷമാണെങ്കില്‍ ബംഗളൂരു കേസിന്റെ തുടക്കം മുതല്‍ ഗൂഢാലോചനകള്‍ പുറത്തുവന്നു തുടങ്ങിയിരുന്നു.

സാക്ഷികള്‍ ഉത്പാദിപ്പിക്കപ്പെടുന്നു

ബംഗളൂരു കേസില്‍ ആറ് സാക്ഷികള്‍ ഉണ്ടെന്നായിരുന്നു കര്‍ണാടക പൊലീസ് പറഞ്ഞിരുന്നത്. ഇതില്‍ മൂന്ന് പേര്‍ കേരളത്തിലും മൂന്ന് പേര്‍ കര്‍ണാടകത്തിലുമുള്ളതാണെന്ന് മഅ്ദനിയ്ക്കെതിരായ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

സാക്ഷിപ്പട്ടികയില്‍ പേരുണ്ടെന്നുള്ള വിവരം അറിയാതെ കഴിഞ്ഞിരുന്ന യോഗാനന്ദ, മഅ്ദനിക്കെതിരെ മൊഴി കൊടുക്കാന്‍ ക്രൂരമായ പീഡനം ഏല്‍ക്കേണ്ടിവന്ന റഫീക്ക്, കടുത്ത ക്യാന്‍സര്‍ ബാധിതനായി കോമയില്‍ ആശുപത്രിയില്‍ കഴിയുന്ന സമയത്ത് ബംഗളൂരുവിലെത്തി മൊഴി നല്‍കിയെന്ന് പറയപ്പെടുന്ന മറ്റൊരു സാക്ഷി, തന്നെ കബളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയതാണെന്ന് പറയുന്ന കൊച്ചിയിലെ വീട്ടുടമസ്ഥന്‍ ജോസ് വര്‍ഗീസ്, കുടകിലെ പ്രഭാകര്‍ എന്നിവരായിരുന്നു ആ ആറ് പേര്‍.

കെ.കെ ഷാഹിന

തെഹല്‍ക്ക റിപ്പോര്‍ട്ടറായിരുന്ന കെ.കെ ഷാഹിന കര്‍ണാടകയിലെ സാക്ഷികളെ നേരില്‍ കണ്ടതോടെയാണ് മഅ്ദനിയെ പ്രതിയാക്കുന്നതിലേക്കുള്ള ഗൂഢാലോചന പുറത്താകുന്നത്. ഇതില്‍ ജോസ് വര്‍ഗീസ് തന്റെ മൊഴി രേഖപ്പെടുത്തിയത് തെറ്റാണെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചതോടെയാണ് ഷാഹിന കര്‍ണാടകയിലെ സാക്ഷികളെ നേരില്‍ കാണുന്നതിനായി പുറപ്പെടുന്നത്.

‘കേരളത്തിലെ മൂന്ന് സാക്ഷികളും അവരുടെ മൊഴി തെറ്റായി രേഖപ്പെടുത്തിയതാണെന്ന് പറയുന്നു. ആ സാഹചര്യത്തിലാണ് കര്‍ണാടകത്തിലെ സാക്ഷികളും അത്തരത്തില്‍ കള്ളസാക്ഷികളായേക്കാം എന്ന സാധ്യത ഉണ്ടെന്ന് കരുതുന്നത്. അത്തരമൊരു അനുമാനത്തിന്റെ പുറത്താണ് അവരെ കാണാന്‍ പോയത്’, ഷാഹിന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

റഫീഖ് ഒഴികെയുള്ള കര്‍ണാടകയിലെ സാക്ഷികളായ യോഗാനന്ദ, പ്രഭാകര്‍ എന്നിവര്‍ ആര്‍.എസ്.എസുകാരായിരുന്നു. പ്രഭാകറിനെ നേരില്‍ കാണാന്‍ പറ്റിയിരുന്നില്ലെന്നും താന്‍ മഅ്ദനിയെ കണ്ടിട്ടേയില്ല എന്നുമായിരുന്നു യോഗാനന്ദ തങ്ങളോട് പറഞ്ഞതെന്നും ഷാഹിന കൂട്ടിച്ചേര്‍ത്തു.

അപരിചിതരായവരെ താന്‍ എസ്റ്റേറ്റില്‍ കണ്ടെന്നും അവരില്‍ തൊപ്പി വെച്ച ഒരാള്‍ ഉണ്ടായിരുന്നുവെന്നും ആ മനുഷ്യന്‍ മഅ്ദനിയായിരുന്നുവെന്നും അയാളെ താന്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ടായിരുന്നുവെന്നും യോഗാനന്ദയുടെ പേരില്‍ അയാളറിയാതെ പൊലീസ് കള്ളസാക്ഷിമൊഴി രേഖപ്പെടുത്തുകയായിരുന്നു.

വലിയ കോളിളക്കമായിരുന്നു കേരളത്തില്‍ തെഹല്‍ക്കയിലെ വാര്‍ത്തയിലൂടെ ഉണ്ടായത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മഅ്ദനിയുടെ മോചനത്തിനായി പോരാടി. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തിനകത്തും ദേശീയതലത്തിലും വലിയ ഇടപെടലുകള്‍ ഉണ്ടായി. എന്നാല്‍ പ്രതികാര നടപടി തുടര്‍ന്ന കര്‍ണാടക പൊലീസ് മഅ്ദനിയുടെ ജാമ്യം തടഞ്ഞും ഷാഹിനയ്ക്കെതിരെ യു.എ.പി.എ പ്രകാരം കേസെടുത്തുമാണ് പ്രതികരിച്ചത്.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കുറ്റമായിരുന്നു ഷാഹിനയ്ക്ക് മേല്‍ ചുമത്തിയത്. കേസില്‍ ഷാഹിനയ്ക്ക് ജാമ്യം കിട്ടിയതിന് ശേഷവും വിചാരണ തുടങ്ങാന്‍ ഏറെ സമയമെടുത്തു.

‘ഞാന്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി സെഷന്‍സ് കോടതി തള്ളി. എന്നാല്‍ ഞങ്ങള്‍ ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതി വിടുതല്‍ ഹരജിയിന്‍ മേലുള്ള കീഴ്ക്കോടതി നടപടി സ്റ്റേ ചെയ്തിരിക്കുകയാണ്’, നിലവില്‍ ആ സ്ഥിതിയാണ് തുടരുന്നതെന്നും ഷാഹിന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നാല് മാസത്തിനുള്ളില്‍ മഅ്ദനി ഉള്‍പ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാം എന്ന കര്‍ണാടക പൊലീസിന്റെ ഉറപ്പും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല. 2011 ഫെബ്രുവരി 11-നു കര്‍ണാടക ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരസിച്ചു. സ്ഫോടനത്തില്‍ മഅ്ദനിക്ക് പങ്കുള്ളതായി നേരിട്ടുള്ള തെളിവുകള്‍ പൊലിസിനു ഹാജരാക്കാനായില്ല എന്ന് ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യാപേക്ഷ നിരസിച്ചു.

പിന്നീട് ജാമ്യാപേക്ഷ പരിഗണിച്ചത് സുപ്രീം കോടതിയായിരുന്നു. കേസ് പരിഗണിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടായതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടു.

മഅ്ദനിക്കെതിരായ മൊഴികളെല്ലാം ക്രിമിനല്‍ നടപടിച്ചട്ടങ്ങളുടെ 161-ാം വകുപ്പു പ്രകാരം പൊലീസെടുത്തതാണെന്നും അത് തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്നും വാദം കേള്‍ക്കുന്നതിനിടയില്‍ ജസ്റ്റിസ് മാര്‍ക്കണ്ഠേയ കട്ജു അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് 2014 ജൂലൈ 11 ന് ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിക്ക് സുപ്രീം കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചു. ഒരുമാസത്തേക്കായിരുന്നു ജാമ്യം അനുവദിച്ചത്.

ജാമ്യം നല്‍കുന്നതിനെ കര്‍ണ്ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ സുപ്രീം കോടതി ബെഞ്ച് തള്ളുകയായിരുന്നു.

ജാമ്യ കാലയളവില്‍ കേരളത്തിലേക്ക് പോകുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി. ബംഗളൂരുവില്‍ തന്നെ കഴിയണമെന്ന് കോടതി ആവശ്യപ്പെട്ടു. മഅ്ദനിക്ക് ആവശ്യമായ സുരക്ഷ കര്‍ണാടക പൊലീസ് ഒരുക്കണമെന്നും സാക്ഷികളെ സ്വാധീനിക്കുന്നുണ്ടോയെന്നും പൊലീസ് നിരീക്ഷിക്കണമെന്നും ഉത്തരവിട്ടു.

ആ വര്‍ഷം തന്നെ നവംബര്‍ 14 ന് സുപ്രീം കോടതി ജാമ്യം സ്ഥിരപ്പെടുത്തി. എന്നാല്‍ കേസില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുമെന്ന കര്‍ണ്ണാടകത്തിന്റെ ഉറപ്പ് പരിഗണിച്ച് ബംഗളൂരു വിട്ടു പോവരുതെന്നതടക്കമുള്ള ജാമ്യ വ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവനുവദിച്ചിരുന്നില്ല.

ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാനുള്ള അനുമതിയും ലഭിച്ചിരുന്നില്ല. ബംഗളൂരു ബെന്‍സന്‍ ടൗണില്‍ വീട് വാടകക്കെടുത്താണ് മഅ്ദനി ഇപ്പോള്‍ താമസിക്കുന്നത്. പൂര്‍ണ്ണമായ പൊലീസ് നിരീക്ഷണത്തിലാണ് വീട്.

ബംഗളുരു സ്‌ഫോടനക്കേസില്‍ മഅ്ദനിയുമായി ബന്ധപ്പെടുത്തിയുള്ള ഒരു തെളിവും ഇതുവരെ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. എന്നിട്ടും അദ്ദേഹത്തിന് ജാമ്യം നിഷേധിക്കുന്നത് എന്തിനാണെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാനായിരുന്ന സെബാസ്റ്റ്യന്‍ പോള്‍ ചോദിക്കുന്നു.

‘ഒരാള്‍ക്ക് ജാമ്യം കൊടുക്കുക എന്ന് പറഞ്ഞാല്‍ അയാളെ സ്വതന്ത്രനായി വിടണം. ജാമ്യത്തിലാണ് എന്ന് പറഞ്ഞാലും വീട്ടുതടങ്കലിലാണ്. ഉമ്മ മരിച്ചാല്‍ വരണമെങ്കില്‍, മകളുടെ കല്യാണത്തിന് വരണമെങ്കില്‍ എല്ലാം ആയുധധാരികളായ പൊലീസുകാരുടെ വലയത്തില്‍ വേണം. അതൊരു ജാമ്യമായി കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ജാമ്യം എന്ന് പറഞ്ഞാല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി സ്വാതന്ത്ര്യം ലഭിക്കുന്നതാണ്’, സെബാസ്റ്റ്യന്‍ പോള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നാല് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ഉറപ്പിന് ഇപ്പോള്‍ ആറ് വര്‍ഷം കഴിഞ്ഞു. എന്നിട്ട് സുപ്രീംകോടതി എന്തുചെയ്തു? ആരോട് ചോദിച്ചു? ഒരു മനുഷ്യന്റെ കാര്യത്തില്‍ ഇങ്ങനെ സംഭവിക്കുക എന്ന് പറഞ്ഞാല്‍ വളരെ വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.

നീതിനിഷേധത്തിന് പിന്നിലെ ഹിന്ദുത്വരാഷ്ട്രീയം

മഅ്ദനി നേരിടുന്ന മനുഷ്യാവകാശ നിഷേധത്തിന് പിന്നില്‍ സംഘപരിവാര രാഷ്ട്രീയമാണെന്ന് തുടക്കം മുതലെ ആരോപണം ഉയര്‍ന്നിരുന്നു. ബംഗളൂരു സ്ഫോടനക്കേസില്‍ അറസ്റ്റിലാകുമ്പോള്‍ കര്‍ണാടക ഭരിച്ചിരുന്നത് ബി.ജെ.പി സര്‍ക്കാരായിരുന്നു എന്നതും ഇതിന് ആക്കം കൂട്ടി. എന്നാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നപ്പോഴും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല.

കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നപ്പോഴാണ് കേസ് കൂടുതല്‍ ഇഴഞ്ഞ് നീങ്ങിയതെന്ന് സെബാസ്റ്റ്യന്‍ പോള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘വളരെ എളുപ്പത്തില്‍ വിശദീകരിക്കാവുന്ന ഒരു വിഷയമല്ല ഇത്. നമ്മളാദ്യം ബി.ജെ.പിയുടെ വൈരനിര്യാതന ബുദ്ധിയാണ് എന്നൊക്കെയാണ് കരുതിയിരുന്നത്. കര്‍ണാടകയില്‍ ബി.ജെ.പി ഭരിക്കുമ്പോഴാണ് മഅ്ദനിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത്. കോയമ്പത്തൂരിലും ബി.ജെ.പിയുടെ ഇടപെടല്‍ ഉണ്ടായിരുന്നു.’ സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.

സെബാസ്റ്റ്യന്‍ പോള്‍

എം.പിയായിരിക്കെ നിരവധി തവണ താന്‍ ഈ വിഷയം ഉന്നയിച്ചെന്നും എന്നാല്‍ അന്നൊക്കെ ബി.ജെ.പി ശക്തമായി എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് സര്‍ക്കാരുകള്‍ മാറി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു.

‘മുഖ്യമന്ത്രിയായ സിദ്ധരാമയ്യയെ ഈ വിഷയത്തില്‍ നേരിട്ട് കണ്ട് കേസിന്റെ വേഗത കൂട്ടണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു. കാരണം പ്രോസിക്യൂട്ടറെ നിയമിക്കേണ്ടത്, സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് എല്ലാം സംസ്ഥാന സര്‍ക്കാരാണ്’, സെബാസ്റ്റ്യന്‍ പോള്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇതിന് പിന്നിലുള്ള രാഷ്ട്രീയം എന്താണ് എന്ന് ചോദിച്ചാല്‍ ഒരു വ്യക്തതയും ഇല്ലാത്ത അവസ്ഥയിലാണ് താന്‍ നില്‍ക്കുന്നതെന്നും തനിക്ക് വിശദീകരണം നല്‍കാന്‍ കഴിയാത്ത പ്രഹേളികയായി അബ്ദുള്‍ നാസര്‍ മഅ്ദനി മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരാളെ അറസ്റ്റ് ചെയ്യുക അയാളെ ജീവിതകാലം മുഴുവന്‍ തടവിലിടുക എന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശത്തിന്റെ ലംഘനമാണ്. ഇപ്പോള്‍ പത്ത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. അങ്ങനെയാണോ ഒരു പൊതുപ്രവര്‍ത്തകനെ കൈകാര്യം ചെയ്യേണ്ടത് എന്ന് എല്ലാവരും ആലോചിക്കേണ്ടതാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

അതേസമയം കേസ് അതിന്റെ മൂന്നാം ഘട്ടത്തിലാണ് ഉള്ളതെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി റജീബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കേസുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. പ്രതികളോട് ജഡ്ജി നേരിട്ട് ചോദിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഒമ്പത് കേസായിട്ടാണ് ഈ കേസ് നടക്കുന്നത്’, അക്കാരണത്താല്‍ തന്നെ നടപടി ക്രമങ്ങള്‍ നീളാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാലത്തെ മഅ്ദനി

വലത് കാല്‍ ബോംബാക്രമണത്തില്‍ നഷ്ടപ്പെട്ടതിന് പിന്നാലെ ഏറെ രോഗാവസ്ഥയിലൂടെയാണ് മഅ്ദനി കടന്നുപോയത്. പതിറ്റാണ്ടുകള്‍ നീണ്ട ജയില്‍വാസം തന്റെ ശരീരത്തെ സാരമായി ബാധിച്ചെന്ന് മഅ്ദനി തന്നെ നേരത്തെ പറഞ്ഞിരുന്നു.

ബംഗളൂരു ബെന്‍സന്‍ ടൗണില്‍ വീട് വാടകക്കെടുത്ത് താമസിക്കുന്ന മഅ്ദനിയ്ക്കൊപ്പം ഭാര്യയും മകനും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി റജീബുമാണുള്ളത്.

ശാരീരികമായ അവശതകള്‍ മഅ്ദനിയെ വേട്ടയാടുന്നുണ്ടെന്ന് റജീബ് പറയുന്നു.

‘ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിലെപ്പോഴും വിചാരണയ്ക്ക് ശേഷമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടേണ്ടത്. പക്ഷെ ഭരണകൂടത്തിന്റെ പ്രത്യേക താല്‍പ്പര്യത്തിന്റെ പുറത്ത് വിചാരണയ്ക്ക് മുന്‍പ് തന്നെ ശിക്ഷിക്കപ്പെടുന്ന ദാരുണമായ സ്ഥിതിയിലാണ് അദ്ദേഹം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൃത്യമായ ചികിത്സ പോലും തേടാനുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്’, റജീബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അതേസമയം മാനസികമായി അദ്ദേഹം ഇപ്പോഴും കരുത്തനാണെന്നും റജീബ് കൂട്ടിച്ചേര്‍ത്തു. തെറ്റ് ചെയ്തിട്ടില്ലെന്ന വിശ്വാസം അദ്ദേഹത്തിനുണ്ട്. ഇതുവരെയുള്ള വിചാരണയില്‍ അത് വ്യക്തവുമാണെന്നും റജീബ് പറഞ്ഞു.

‘നിരപരാധിയാണെന്ന ഉത്തമബോധ്യമുള്ളത് കൊണ്ടുതന്നെ മാനസികമായി അദ്ദേഹം ശക്തിയായാണ് ഉള്ളത്. അദ്ദേഹത്തിന്റെ പ്രായവും രോഗവും ശാരീരികമായി വല്ലാതെ അലട്ടുന്നുണ്ട്. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം നടത്തേണ്ടുന്ന പരിശോധനകള്‍ക്ക് ലാബുകളില്‍ പോകാന്‍ കഴിയുന്ന സാഹചര്യമില്ല. അതൊക്കെ അദ്ദേഹത്തിന്റെ ശരീരത്തിനെ ബാധിക്കുന്നുണ്ട്’, റജീബ് പറയുന്നു.

ഇന്നലെകളിലെ തീവ്രമായ പ്രസംഗം നടത്തിയ പ്രതിച്ഛായ മഅ്ദനിയെ പിന്തുടരുകയാണ്. അല്ലെങ്കില്‍ ബോധപൂര്‍വ്വം ആ ചാപ്പ കുത്തി അദ്ദേഹത്തിന് സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. കോയമ്പത്തൂര്‍ കേസില്‍ ഒമ്പതരവര്‍ഷം മഅ്ദനി ജയിലില്‍ കിടന്നത് യാതൊരു തെറ്റും ചെയ്യാതെയാണ് എന്നതില്‍ നീതിപീഠത്തിനും നിയമവ്യവസ്ഥയ്ക്കും ഇനിയും യാതൊരു കുറ്റബോധവും തോന്നുന്നില്ല എന്നതാണ് പൊതുസമൂഹത്തിന് മുന്നിലുള്ള ചോദ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Abdul Nasir Maudany Banglore Blast Coimbathore Blast

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more