| Monday, 12th April 2021, 1:58 pm

മഅ്ദനിയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസിര്‍ മഅ്ദനിയുടെ ഹരജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യമാണ് പിന്‍മാറിയത്.

മഅ്ദനി പ്രതി ചേര്‍ക്കപ്പെട്ട കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ വാദം കേട്ട സാഹചര്യത്തിലാണ് ജഡ്ജിയുടെ പിന്മാറ്റം. കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കും.

ബെംഗളൂരു സ്‌ഫോടന കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മഅ്ദനി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാനും താമസിക്കാനും അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി നല്‍കിയത്.

എന്നാല്‍ മഅ്ദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചാല്‍ മഅ്ദനി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും ഭീകരസംഘടനകളുമായി ചേര്‍ന്ന് ഇതിനായുള്ള നീക്കം നടത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു.

മഅ്ദനി അപകടകാരിയായ മനുഷ്യന്‍ ആണെന്നായിരുന്നു ഹരജി പരിഗണിക്കവെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അഭിപ്രായപ്പെട്ടത്. അബ്ദുള്‍ നാസര്‍ മഅ്ദനി അപകടകാരിയായ ആളാണെന്നും ഗുരുതര കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിട്ടുണ്ടെന്നുമായിരുന്നു എസ്.എ.ബോബ്ഡെ പറഞ്ഞത്.

ബെംഗളൂരു നഗരത്തിന് പുറത്തുപോകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് വേണമെന്നും, കേരളത്തിലെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യങ്ങള്‍.

ഒച്ചിഴയുന്ന വേഗതയിലാണ് വിചാരണയുടെ പോക്ക്. ബംഗളൂരുവിലെ വിചാരണക്കോടതിയില്‍ ജഡ്ജിയും ഇല്ല. ആരോഗ്യ അവസ്ഥയും ബെംഗളൂരുവില്‍ തുടരുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Abdul Nasir Maudany Judge Step Back Plea Bengaluru Blast

We use cookies to give you the best possible experience. Learn more