'ബെംഗളൂരു കേസില്‍ തനിക്ക് നിയമപരമായ എല്ലാ പിന്തുണയും നല്‍കിയ നേതാവാണ്': കോടിയേരിയെ അനുസ്മരിച്ച് മഅ്ദനി
Kerala News
'ബെംഗളൂരു കേസില്‍ തനിക്ക് നിയമപരമായ എല്ലാ പിന്തുണയും നല്‍കിയ നേതാവാണ്': കോടിയേരിയെ അനുസ്മരിച്ച് മഅ്ദനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd October 2022, 8:09 pm

ബെംഗളൂരു: അന്തരിച്ച സി.പി.ഐ.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി. കോടിയേരി ബാലകൃഷ്ണന്‍ കലര്‍പ്പില്ലാത്ത മതേതരവാദിയാണെന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച അനുശോചന കുറിപ്പില്‍ മഅ്ദനി പറഞ്ഞു.

ബെംഗളൂരു കേസില്‍ തന്നെ കുടുക്കാനായി ‘കുടക് ബന്ധം’ എന്ന പച്ചക്കള്ളം ബെംഗളൂരു പോലീസ് കെട്ടിയുണ്ടാക്കിയപ്പോള്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി കേരളത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വഴി വളരെ കൃത്യമായി കേസ് സംബന്ധമായ കാര്യങ്ങള്‍ അന്വഷിപ്പിച്ചു. തുടര്‍ന്ന് നിജസ്ഥിതി ബോധ്യപ്പെട്ട അദ്ദേഹം ആ ഉറച്ച ബോധ്യത്തില്‍ നിന്ന് കൊണ്ട് നിയമപരമായ എല്ലാ പിന്തുണയും തനിക്ക് നല്‍കിയെന്നും മഅ്ദനി പറഞ്ഞു.

കഠിന രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട ശേഷവും ഫോണില്‍ സംസാരിക്കുകയും അദ്ദേഹം എന്റെ കേസ് സംബന്ധമായ കാര്യങ്ങള്‍ അന്വേഷിച്ച് അറിയുകയും ചെയ്തിട്ടുണ്ടെന്നും മഅ്ദനി അനുശോചന സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

ചികിത്സയിലായിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു കോടിയേരിയുടെ നിര്യാണം. തലശ്ശേരി ടൗണ്‍ ഹാളിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃദദേഹത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍, നേതാക്കളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി, തോമസ് ഐസക്, കെ.കെ. ശൈലജ തുടങ്ങിയ നേതാക്കള്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.

ജനത്തിരക്ക് കണക്കിലെടുത്ത് ഇന്ന് മുഴുവന്‍ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ കോടിയേരിയുടെ വീട്ടിലും 11 മണി മുതല്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനമുണ്ടാകും.

തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും പയ്യാമ്പലം കടപ്പുറത്ത് വെച്ച് സംസ്‌കാരം. ചടങ്ങില്‍ ബന്ധുക്കളും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മന്ത്രിമാരും മാത്രമാണ് പങ്കെടുക്കുക. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാപനങ്ങള്‍ അടിച്ചിടും.

മഅ്ദനിയുടെ അനുശോചന കുറിപ്പിന്റെ പൂര്‍ണരൂപം:

കോടിയേരി ബാലകൃഷ്ണന്‍ കലര്‍പ്പില്ലാത്ത മതേതരവാദി- മഅ്ദനി
കരുത്തനായ കമ്യൂണിസ്റ്റും കലര്‍പ്പില്ലാത്ത മതേതരവാദിയും പ്രഗല്ഭനായ ഭരണകര്‍ത്താവുമായിരിന്നു സഖാവ് കൊടിയേരി ബാലകൃഷ്ണനെന്ന് പി.ഡി.പി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി അനുസ്മരിച്ചു.

ബാംഗളൂര്‍ കേസില്‍ എന്നെ കുടുക്കാനായി ‘കുടക് ബന്ധം’ എന്ന പച്ചക്കള്ളം ബാംഗ്ളൂര്‍ പോലീസ് കെട്ടിയുണ്ടാക്കിയപ്പോള്‍ കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന കൊടിയേരി കേരളത്തിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ വഴി വളരെ കൃത്യമായി അത് സംബന്ധമായ കാര്യങ്ങള്‍ അന്വഷിപ്പിക്കുകയും ആരോപണം സംബന്ധമായ നിജസ്ഥിതി അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ആ ഉറച്ച ബോധ്യത്തില്‍ നിന്ന് കൊണ്ട് നിയമപരമായ എല്ലാ പിന്തുണയും എനിക്ക് അദ്ദേഹം നല്‍കുകയും ചെയ്തിരിന്നു.

അദ്ദേഹം കഠിന രോഗത്തിന്റെ പിടിയില്‍ അകപ്പെട്ട ശേഷവും അദ്ദേഹത്തോട് ഫോണില്‍ സംസാരിക്കുകയും അദ്ദേഹം എന്റെ കേസ് സംബന്ധമായ കാര്യങ്ങള്‍ അന്വേഷിച്ച് അറിയുകയും ചെയ്തിട്ടുണ്ട്.

സ്വഭാവവൈശ്യഷ്ട്യം കൊണ്ട് ഏവരുടെയും സ്നേഹാദരവുകള്‍ പിടിച്ച് പറ്റി ജീവിതത്തിന്റെ അവസാന നിമിഷം വരെ കര്‍മ്മോല്‍സുകനായിരുന്ന പ്രിയ കോടിയേരി സഖാവിന് ബാഷ്പാഞ്ജലി അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് അബ്ദുന്നാസിര്‍ മഅ്ദനി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Content highlight: Abdul Nasir Maudany Commemorating CPIM Leader Kodiyeri Balakrishnan