| Thursday, 11th November 2021, 8:08 am

മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കരുത്: മന്ത്രി ജി.ആര്‍. അനില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കരുതെന്ന് മന്ത്രി ജി.ആര്‍. അനില്‍. കേരള സിറ്റിസണ്‍ ഫോറം ഫോര്‍ മഅ്ദനി സംഘടിപ്പിച്ച മഅ്ദനി ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിയോജിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്ന അപകടകരമായ പ്രവണത അലങ്കാരമാക്കിയ ഭരണകൂടം മഅ്ദനിയെ മറ്റൊരു സ്റ്റാന്‍ സ്വാമിയാക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ ജനാധിപത്യ പൗരാവകാശ സമൂഹങ്ങള്‍ ചെറുത്തുതോല്‍പിക്കണമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് 10 വര്‍ഷമായി വിചാരണത്തടവുകാരനായി തുടരുകയാണ് മഅ്ദനി.

‘മഅ്ദനിയുടെ മോചനം അനിവാര്യതയാണ്. അതില്‍ രാഷ്ട്രീയമില്ല. വിചാരണ പോലും നടത്താതെ അടിസ്ഥാനാവകാശങ്ങള്‍ നിഷേധിച്ച് തടവിലിടുന്നത് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്,’ ജി.ആര്‍. അനില്‍ പറഞ്ഞു.

ജാമ്യമോ വിചാരണയോ ചികിത്സയോ നല്‍കാതെ സ്റ്റാന്‍ സ്വാമിയെ മരണത്തിലേക്ക് തള്ളിവിട്ടതിന്റെ പാപക്കറയില്‍നിന്ന് ഭരണകൂടത്തെപ്പോലെ നീതിപീഠങ്ങള്‍ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോടതികളുടെ അനുശോചനമല്ല ദയയും നീതിയുമാണ് പ്രതീക്ഷിക്കുന്നത്. ജയിലുകളില്‍ നഷ്ടപ്പെടുന്ന ജീവിതങ്ങള്‍ക്ക് ആര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനാകുകയെന്നും അദ്ദേഹം ചോദിച്ചു.

കോയമ്പത്തൂര്‍ സ്‌ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മഅ്ദനി നിരപരാധിയാണെന്ന് കണ്ടെത്തിയത്. 2007 ആഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ മഅ്ദനി മോചിതനാവുന്നത്. ഇതിനുശേഷം കേരളത്തില്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ ബി കാറ്റഗറി സുരക്ഷ അടക്കം ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍, 2008ല്‍ ബെംഗളൂരു നഗരത്തിലെ ഒമ്പതിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ആഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍നിന്ന് കര്‍ണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘം മഅ്ദനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Abdul Nasir Maudany Banglore Blast Coimbathore Blast GR Anil

We use cookies to give you the best possible experience. Learn more