കോഴിക്കോട് : പി.സി. ജോര്‍ജിന് ജാമ്യം ലഭിച്ച വാര്‍ത്തയില്‍ പ്രതികരിച്ച് ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനി. ‘പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍’ എന്നാണ് മഅ്ദനി എഴുതിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിലവില്‍ 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. കേസിന്റെ വിചാരണ നടപടികള്‍ അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണെന്ന ആക്ഷേപം ശക്തമാണ്.
കോയമ്പത്തൂര്‍ സ്ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മഅ്ദനി നിരപരാധിയാണെന്ന് കണ്ടെത്തിയത്. 2007 ആഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ മഅ്ദനി മോചിതനാവുന്നത്.
ഇതിനുശേഷം കേരളത്തില്‍ അദ്ദേഹത്തിന് സര്‍ക്കാര്‍ ബി കാറ്റഗറി സുരക്ഷ അടക്കം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍, 2008ല്‍ ബെംഗളൂരു നഗരത്തിലെ ഒമ്പതിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ആഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍നിന്ന് കര്‍ണാടക പൊലീസിലെ പ്രത്യേകാന്വേഷണ സംഘം മഅ്ദനിയെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം, തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ ഹൈക്കോടതിയാണ് പി.സി. ജോര്‍ജിന് ജാമ്യം അനുവദിച്ചത്. പ്രായം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്.
പൊലീസ് ആവശ്യപ്പെട്ടാല്‍ ഹാജരാക്കണമെന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം. അന്വേഷത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്.
തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗക്കേസിലാണ് ജാമ്യം അനുവദിച്ചത്. വെണ്ണല കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യവും അനുവദിച്ചു.
നേരത്തെ പി.സി. ജോര്‍ജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് പി.സി. ജോര്‍ജിനെ കൊച്ചിയില്‍ നിന്നും തിരുവനന്തപുരം എ.ആര്‍. ക്യാമ്പില്‍ എത്തിച്ചത്. ഫോര്‍ട്ട് പൊലീസ് പി.സി. ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മര്‍ദമുണ്ടായിരുന്നു.
Abdul Naser Madani,response to the news that PC George has been granted bail.