| Saturday, 14th November 2020, 3:16 pm

'ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ല': അബ്ദുള്‍ നാസര്‍ മഅദ്‌നി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൂന്തുറ സിറാജ് പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്‌നി.

ഭാരമേല്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്നെഴുതിയ പോസ്റ്റില്‍ ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്നും, അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.

പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പി.ഡി.പി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായിരിക്കുകയും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിച്ച സാഹചര്യത്തിലുമായിരുന്നു പുറത്താക്കല്‍ നടപടി.

സംഘടനാ അച്ചടക്കലംഘനത്തിന്റെ പേരില്‍ പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അബ്ദുള്‍നാസര്‍ മഅ്ദനി ബാംഗ്‌ളൂരില്‍ നിന്ന് അറിയിച്ചതായി പി.ഡി.പി.സംസ്ഥാന കമ്മിറ്റി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി.എം.അലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പി.ഡി.പിയുടെ വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന സിറാജിന് 2019 ഡിസംബറില്‍ നടന്ന സംഘടന തെരഞ്ഞെടുപ്പില്‍ പ്രാധാന്യം ലഭിച്ചിരുന്നില്ല. താഴേതട്ടില്‍ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റായി അദ്ദേഹത്തെ പിന്നീട് നോമിനേറ്റ് ചെയ്യുകയായിരുന്നുവെന്നും പി.ഡി.പി സംസ്ഥാന നേതൃത്വം ഡൂള്‍ന്യൂസിനോട് പറഞ്ഞു. എന്നാല്‍ സ്ഥാനമേറ്റെടുക്കാതെ പൂന്തുറ സിറാജ് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും പി.ഡി.പി നേതൃത്വം പറഞ്ഞു.

കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാതെ വരികയും പൗരത്വ പ്രക്ഷോഭത്തിലും മഅ്ദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പരിപാടികളിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും
പൂന്തുറ സിറാജ് സഹകരിച്ചില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

25 വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്നും പാര്‍ട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചു.

തിരുവനന്തപുരം കോര്‍പറേഷനില്‍ ഇടതു സ്ഥാനാര്‍ഥിയായി സിറാജ് മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം ഉണ്ടാകും. ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പറേഷനില്‍ മാണിക്ക വിളാകം ഡിവിഷനില്‍ നിന്ന് ഇടതു സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് അറിയുന്നത്. നിലവില്‍ പി.ഡി.പി ഒറ്റക്ക് മത്സരിക്കുന്ന ഈ ഡിവിഷന്‍ ഇടതുമുന്നണി ഐ.എന്‍.എല്ലിന് നല്‍കിയതാണ്.

പി.ഡി.പിയുടെ വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന സിറാജ് അടുത്തിടെ നടന്ന സംഘടന തെരഞ്ഞെടുപ്പില്‍ പ്രാധാന്യം ലഭിച്ചിരുന്നില്ല. താഴേതട്ടില്‍ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. നാമനിര്‍ദ്ദേശം വഴി ഭാരവാഹികളെ തീരുമാനിച്ചപ്പോഴും സിറാജിനെ തഴഞ്ഞെന്നും ഈ അസംതൃപ്തിയാണ് പി.ഡി.പി വിടാന്‍ കാരണമെന്നുമാണ് അറിയുന്നത്.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Abdul Naser Madani Response After Poonthura Siraj leaving pdp

We use cookies to give you the best possible experience. Learn more