| Friday, 13th September 2013, 3:24 pm

പോസ്‌കോ വിരുദ്ധ നേതാവ് അഭയ് സാഹുവിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം: അബ്ദുല്‍ നാസര്‍ മഅദനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബംഗളുരു: ഒഡീഷയിലെ പോസ്‌കോ വിരുദ്ധ സമര നേതാവ് അഭയ് സാഹുവിന് പിന്തുണ പ്രഖ്യാപിച്ച് പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി.

ഒഡീഷയിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും നേരെ കടന്നുകയറ്റം നടത്തുന്ന പോസ്‌കോയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും മഅദനി പറഞ്ഞു.

കമ്പനിക്കെതിരെ സമരം നടത്തുന്ന ഗ്രാമവാസികള്‍ക്കും സമര നേതാവ് അഭയ് സാഹുവിനും തന്റെ പിന്തുണ പ്രഖ്യാപിക്കുന്നതായും മഅദനി അറിയിച്ചു.

വ്യാജ കേസുകള്‍ ചുമത്തപ്പെട്ട അഭയ് സാഹുവിനും ഗ്രാമവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റമാണ് ഒഡീഷയില്‍ നടക്കുന്നതെന്നും മഅദനി പറഞ്ഞു.

തനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിച്ച പോസ്‌കോ വിരുദ്ധ സമിതിയോട് കടപ്പാടുണ്ടെന്നും അബ്ദുല്‍ നാസര്‍ മഅദനി അറിയിച്ചു.

മഅദനി അഭയ് സാഹുവിന് അയച്ച കത്തിന്റെ പൂര്‍ണ രൂപം

“സൗത്ത് കൊറിയന്‍ മള്‍ട്ടി നാഷണല്‍ കമ്പനിയായ പോസ്‌കോ, ഒറീസ്സയിലെ ആയിരക്കണക്കിന് കര്‍ഷകരുടേയും, ആദിവാസികളുടെയും, മത്സ്യതൊഴിലാളികളുടെയും മേല്‍ നടത്തുന്ന കടന്നുകയറ്റത്തില്‍ ഞാന്‍ എന്റെ ഉത്കണ്ഠ രേഖപ്പെടുത്തുന്നു.

രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബലൈസേഷന്‍  പ്രൊജക്റ്റായ പോസ്‌കോയ്‌ക്കെതിരായി സ്വന്തം ഭൂമിയും, ജീവനോപാധിയും സംരക്ഷിക്കാന്‍ വേണ്ടി പോരാടുന്ന ആയിരക്കണക്കിന് ഗ്രാമീണര്‍ക്ക് ബോംബാക്രമണമേല്‍ക്കേണ്ടിവരികയും, നിരവധി പേര്‍ ജയിലുകള്‍ക്കുള്ളില്‍ അടക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

സ്ത്രീകളും കുട്ടികളുംപോലും ഇത്തരം ആക്രമണങ്ങളില്‍നിന്നും ഒഴിവാക്കപ്പെട്ടില്ല.

ഒഡീഷയില്‍ പോരാടിക്കൊണ്ടിരിക്കുന്ന ഗ്രാമീണര്‍ക്കും കള്ളക്കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന സമരനേതാവ് അഭയ് സാഹുവിനും ഞാന്‍ എന്റെ പിന്തുണ പ്രഖ്യാപിക്കുന്നു.

സ്വാതന്ത്ര്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന എല്ലാവരും മനുഷ്യരുടെ അടിസ്ഥാന അവകാസങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റത്തിനെതിരായി നടക്കുന്ന ഈ സമരത്തിനെ പിന്തുണയ്ക്കുകയും അഭയ് സാഹുവിനുമേലുള്ള  കള്ളക്കേസുകള്‍ക്കെതിരെ പ്രതികരിക്കുകയും വേണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എനിക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രതികരിച്ച  പോസ്‌കോ വിരുദ്ധ സമര സമിതിയോടുള്ള എന്റെ കടപ്പാടും നന്ദിയും ഞാന്‍ രേഖപ്പെടുത്തുന്നു.”

അബ്ദുല്‍ നാസര്‍ മഅദനി
പരപ്പന അഗ്രഹാര ജയില്‍, കര്‍ണാടക

Latest Stories

We use cookies to give you the best possible experience. Learn more