| Wednesday, 25th April 2018, 7:37 pm

ക്ഷേത്ര പുനരുദ്ധാരണ ചടങ്ങിന് മഅ്ദനിയെ ക്ഷണിച്ച് വെണ്ണല മഹാദേവക്ഷേത്രം; ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി മഅ്ദനി ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: എറണാകുളം വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന മത സൗഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി നല്‍കിയ ഹരജിയോടൊപ്പമാണ് ക്ഷേത്രം നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനുള്ള അപേക്ഷയും മഅ്ദനി ഉള്‍പ്പെടുത്തിയത്.

പരിപാടിയില്‍ പങ്കെടുക്കണമെന്നുള്ള ക്ഷേത്ര ഭാരവാഹികളുടെ ക്ഷണം മുന്‍നിര്‍ത്തിയാണ് ബെംഗളുരുവിലെ വിചാരണ ഹൈക്കോടതിയില്‍ മഅ്ദനി ഹരജി നല്‍കിയത്. 29 നും 30 നും നടക്കുന്ന മത സൗഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഈ മാസം ഏഴിനാണ് ക്ഷേത്രം അധികൃതര്‍ മഅ്ദനിക്ക് ക്ഷണക്കത്ത് അയച്ചത്. ഈമാസം 17 മുതല്‍ 30 വരെയാണ് ക്ഷേത്രത്തിലെ പുനരുദ്ധാരണ മഹോത്സവം നടക്കുന്നത്.


Read Also : ”ഇവളൊക്കെ ആളാവാനും ഹിന്ദു പൂരങ്ങളെ അവഹേളിക്കാനും നോക്കുന്ന സുടാപ്പി വര്‍ഗമാണ്”; പൂരപ്പറമ്പില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമത്തെ കുറിച്ചെഴുതിയ ഹസ്‌നക്ക് നേരെ സൈബര്‍ ആക്രമണം


കോടതിയുടെ അനുമതിയില്ലാതെ തനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മഅ്ദനി ക്ഷേത്രത്തിന് മറുപടി കത്ത് നല്‍കിയിരുന്നു. രോഗബാധിതയായി കഴിയുന്ന ഉമ്മയെ കാണാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാനിരിക്കുകയാണെന്നും ഇതിനോടൊപ്പം ക്ഷേത്ര പരിപാടിക്കു വേണ്ടിയും അനുമതി തേടാമെന്നും മറുപടി കത്തില്‍ മഅ്ദനി വ്യക്തമാക്കിയിരുന്നു.

അര്‍ബുദരോഗബാധിതയായ മാതാവ് അസ്മാ ബീവി അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്. ഡിസ്ചാര്‍ജ് ചെയ്ത് ഇന്ന് അന്‍വാര്‍ശേരിയില്‍ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് മഅ്ദനി സന്ദര്‍ശനാനുമതി തേടി ബംഗളുരു സ്ഫോടനകേസ് വിചാരണ നടത്തുന്ന പ്രത്യേക കോടതിയെ സമീപിച്ചത്. എപ്രില്‍ 27 മുതല്‍ മെയ് 12 വരെ രണ്ടാഴ്ചക്കാലത്തേക്കാണ് അനുമതി തേടിയിരിക്കുന്നത്. മഅ്ദനിക്കു വേണ്ടി അഭിഭാഷകന്‍ പി.ഉസ്മാനാണ് ഹരജി സമര്‍പ്പിച്ചത്.

2017 ആഗസ്റ്റില്‍ ഉമ്മയെ സന്ദര്‍ശിക്കാനും മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും സുപ്രീം കോടതി നിര്‍ദേശപ്രകാരം മഅ്ദനിക്ക് അനുമതി ലഭിച്ചിരുന്നു. കര്‍ണാടക സര്‍ക്കാരിന്റെ അഭിപ്രായം തേടിയ കോടതി ഹരജി നാളെ പരിഗണിക്കും.

Latest Stories

We use cookies to give you the best possible experience. Learn more