തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ പിന്തുണച്ചത് യു.ഡി.എഫിനെയെന്ന് വെളിപ്പെടുത്തല്‍; സി.പി.ഐ.എമ്മിന് മുന്നറിയിപ്പുമായി അബ്ദുല്‍ മജീദ് ഫൈസി
D' Election 2019
തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ പിന്തുണച്ചത് യു.ഡി.എഫിനെയെന്ന് വെളിപ്പെടുത്തല്‍; സി.പി.ഐ.എമ്മിന് മുന്നറിയിപ്പുമായി അബ്ദുല്‍ മജീദ് ഫൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st May 2019, 7:58 pm

 

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐ പിന്തുണ യു.ഡി.എഫിനായിരുന്നെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസിയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടാകുന്ന തിരിച്ചടിയുടെ കാരണം എസ്.ഡി.പി.ഐയുടെ തലയില്‍ കെട്ടിവെച്ച് സി.പി.എമ്മിന് തലയൂരാനാകില്ല. എസ്.ഡി.പി.ഐയുടെ മേല്‍ തീവ്രവാദത്തിന്റെ ലേബലൊട്ടിച്ച് പ്രസ്താവനകള്‍ക്ക് എരിവും പുളിയും നല്‍കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം കോടിയേരി അണികളെ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ആറോപിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടിയേരി എസ്.ഡി.പി.ഐയ്‌ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം വിലകുറഞ്ഞ രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പു ഫലത്തോടനുബന്ധിച്ച് പാര്‍ട്ടി അണികളെ എസ്.ഡി.പി.ഐക്കെതിരെ തിരിച്ചുവിട്ട് സംഘര്‍ഷമുണ്ടാക്കാനാണ് കോടിയേരിയുടെ ശ്രമമെന്നും ഫൈസി കുറ്റപ്പെടുത്തി.

ബി.ജെ.പി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ എല്ലാവരെയും ഫാസിസ്റ്റ് വിരുദ്ധ ചേരിയില്‍ ഐക്യപ്പെടുത്തുന്നതിനു പകരം ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന നിലപാട് സി.പി.ഐ.എം തിരുത്തണം. ബി.ജെ.പിയെ തടയാന്‍ ഫാസിസ്റ്റ് വിരുദ്ധരായ വോട്ടര്‍മാര്‍ സി.പി.ഐ.എമ്മിനെ പരിഗണിക്കാനുള്ള എന്ത് ദേശീയ പ്രാധാന്യമാണ് സി.പി.ഐ.എമ്മിനുള്ളതെന്ന് കോടിയേരി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സി.പി.ഐ.എമ്മിനോട് അന്ധമായ വിരോധം വച്ച് പുലര്‍ത്തുന്നവരല്ലെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ എല്‍.ഡി.എഫിനെതിരായ നിലപാടെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യാനുള്ള സത്യസന്ധത കാണിക്കുന്നതിന് പകരം എസ്.ഡി.പി.ഐയെ കരിവാരിത്തേക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.