ഫ്രഞ്ചുകാര്‍ നോതൃദാം പള്ളി പുതുക്കിപ്പണിയും ഉറപ്പ്.. അതുവരെ ഹ്യൂഗോയ്‌ക്കൊപ്പം നമുക്ക് ആ പള്ളിയില്‍ കറങ്ങാം
Opinion
ഫ്രഞ്ചുകാര്‍ നോതൃദാം പള്ളി പുതുക്കിപ്പണിയും ഉറപ്പ്.. അതുവരെ ഹ്യൂഗോയ്‌ക്കൊപ്പം നമുക്ക് ആ പള്ളിയില്‍ കറങ്ങാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th April 2019, 3:12 pm

 

മൂന്നു പകലും രണ്ടു രാത്രിയുമാണ് ഞങ്ങള്‍ പാരീസിലുണ്ടായിരുന്നത്. പരിചയക്കാരോ ഗൈഡോ ഇല്ലാതെ നഗരത്തില്‍ അലഞ്ഞ ഞങ്ങള്‍ക്ക് വായനയിലൂടെയും പത്രവാര്‍ത്തകളിലൂടെയും രൂപപ്പെട്ട ചിരപരിചിതത്വം മാത്രമായിരുന്നു കൂട്ട്. ഈഫല്‍ ടവറും മോണ്ട്മാര്‍ട്ടെയും ലൂവ്റ് മ്യൂസിയവുമൊക്കെയുണ്ടെങ്കിലും ഏറ്റവും അടുത്തറിയാവുന്ന ഒരു കഥാപാത്രമായി മുന്നിലുണ്ടായിരുന്നത് നോതൃദാം പള്ളിയായിരുന്നു.

വിക്ടര്‍ ഹ്യൂഗോയുടെ കൂനന്‍ എത്രയോ വട്ടം ആ ഗോഥിക് വാസ്തുവിസ്മയം ഞങ്ങളെ കാണിച്ചു തന്നിരിക്കുന്നു. കൂനനും വിരൂപനുമായ കസിമോദോയ്ക്കൊപ്പം സുന്ദരിയായ എസ്മില്‍ദായും ചേര്‍ന്ന് ഫ്രഞ്ചു വാസ്തുശില്‍പ ചരിത്രത്തിന്റെ ചൈതന്യവത്തായതും ഉപേക്ഷിക്കപ്പെട്ടതുമായ ഒരു പാരമ്പര്യത്തെക്കൂടിയാണ് ആവിഷ്‌കരിച്ചത്. ഇന്ന് അതിന്റെ മുഖ്യഗോപുരം മാഞ്ഞു പോയിരിക്കുന്നു.

അത്രയധികം മരപ്പണികളുള്ളതിനാല്‍ കാട് എന്ന വിളിപ്പേരുണ്ടായിരുന്ന അതിന്റെ മച്ചുകളെ തീ വിഴുങ്ങിയിരിക്കുന്നു. വെളിച്ചത്തിന്റെ വീചികളെ മാസ്മരികവര്‍ണ്ണങ്ങളായി ചുമരിലെ അലങ്കാരപ്പണികളിലേക്കും ചിത്രങ്ങളിലേക്കും തിരിച്ചു വിട്ടിരുന്ന റോസ് വിന്റോസ് ഉരുകിപ്പോയതായി സംശയിക്കുന്നു.

മധ്യകാലവിശ്വാസവും ആധുനികഭാവനയും ചേര്‍ന്ന ആ മഹാവിസ്മയം ഒരു പ്രേതരൂപം മാത്രം അവശേഷിപ്പിച്ച് ചരിത്രത്തില്‍നിന്ന് തല്‍ക്കാലം പിന്‍വാങ്ങിയിരിക്കുന്നു. വെങ്കലത്തിലും മരത്തിലുമുള്ള ശില്‍പങ്ങള്‍, കൊത്തു പണികള്‍, മരത്തില്‍ തീര്‍ത്ത വിസ്മയകരമായ മച്ചുകള്‍, അത്യപൂര്‍വ്വമായ ചിത്രങ്ങള്‍, നൂറുക്കണക്കിന് ചില്ലുവിളക്കുകള്‍, വിശ്വാസികള്‍ 850 വര്‍ഷങ്ങളായി സൂക്ഷിച്ചുവെച്ച ഭക്തിയുടെ തുണ്ടുകള്‍. എല്ലാം തീ കൊണ്ടുപോയി. അറ്റകുറ്റപ്പണികളുടെ ഭാഗമായി പള്ളിയില്‍നിന്നു മാറ്റിയ വെങ്കലശില്പങ്ങളും വിശ്വാസികളുടെ ഏറ്റവും വലിയ ആകര്‍ഷണമായ യേശു കുരിശാരോഹണസമയത്ത് ധരിച്ചതായി കരുതപ്പെടുന്ന മുള്‍ക്കിരീടവും എടുത്തുമാറ്റാവുന്ന ചിത്രങ്ങളും ബാക്കിയായതറിയുന്നു.

രണ്ടു ലോകമഹായുദ്ധങ്ങളെയും ഫ്രഞ്ചു വിപ്ലവത്തെയും നെപ്പോളിയന്റെ പടയോട്ടങ്ങളെയും അതിജീവിച്ച നോതൃദാം കത്തീഡ്രല്‍ നിരവധി ചരിത്രസംഭവങ്ങള്‍ക്കു സാക്ഷിയാണ്.. പള്ളിയുടെ തറക്കല്ലിട്ടത് പോപ്പ് അലക്സാണ്ടര്‍ മൂന്നാമന്‍. 1431-ല്‍ ഇംഗ്ലണ്ടിലെ ഹെന്റി ആറാമന്‍ ഫ്രാന്‍സിന്റെ രാജാവായി അധികാരമേറ്റത് ഇവിടെയായിരുന്നു. 1804-ല്‍ നെപ്പോളിയന്‍ അധികാരമേറ്റതും ഇവിടെ. 1790-ല്‍ ഫ്രഞ്ചുവിപ്ലവകാലത്ത് കൂട്ടക്കുഴപ്പങ്ങളുടെ കേന്ദ്രമെന്ന് മുദ്രകുത്തി കത്തീഡ്രല്‍ ആക്രമിക്കപ്പെടുന്നുണ്ട്. പാരീസ് കമ്യൂണിന്റെ കാലത്ത്, 1871-ല്‍ ഒരു തീവെപ്പുശ്രമത്തേയും കത്തീഡ്രല്‍ അതിജീവിക്കുന്നുണ്ട്. 1944-ല്‍ നോതൃദാം പള്ളി, മണികള്‍ ഉച്ചത്തില്‍ മുഴക്കിയാണ് നാസികളുടെ പിന്മാറ്റം നഗരവാസികളെ അറിയിച്ചത്.

നോതൃദാം പള്ളിയെ അവിസ്മരണീയവും ജനകീയവുമാക്കിയത് വിക്ടര്‍ ഹ്യൂഗോയുടെ ചരിത്രനോവല്‍ തന്നെ. കാലങ്ങള്‍ക്കു സാക്ഷിയായ ഒരു കഥാപാത്രത്തെപ്പോലെ നോവലില്‍ ആവിഷ്‌കരിക്കപ്പെടുന്ന പള്ളിയുടെ വാസ്തുശില്പ ചരിത്രം മനസ്സിലാക്കുന്നതിന് ഹ്യൂഗോ സൂക്ഷ്മമായ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്. നോവല്‍ പുറത്തുവരുന്ന 1831-കളില്‍ ഗോഥിക് ശൈലി വാസ്തുശില്പശീലങ്ങള്‍ക്കു പുറത്തായിരുന്നു.

ഫോട്ടോ: ഉണ്ണി ആര്‍

നോവലും നോവലിനെ അവലംബമാക്കി 1939-ല്‍ ഇറങ്ങിയ The Hunchback of Notre dame എന്ന സിനിമയുമാണ് ചരിത്രത്തിലേക്ക് ഉപേക്ഷിക്കപ്പെടാമായിരുന്ന ഈ നിര്‍മ്മിതിയെ ഫ്രഞ്ചുകാരുടെ അഭിമാനവും ഗൃഹാതുരതയുമാക്കിയത്. പിന്നീട് ബോദ്‌ലെയര്‍, മാര്‍സല്‍ പ്രൂസ്ത്, സിഗ്മണ്ട് ഫ്രോയ്ഡ് തുടങ്ങി എത്രയെത്ര മഹാന്മാരെയാണ് ഈ നിര്‍മ്മിതി ആശ്ചര്യഭരിതരാക്കിയത്.

എത്ര പേരാണ് ഇതിന്റെ ഗോപുരങ്ങളില്‍നിന്നും അകത്തൂണുകളില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടത്. എത്ര ഓപ്പറേസംഘങ്ങള്‍ക്ക്, മ്യൂസിക് ബാന്‍ഡുകള്‍ക്ക്, എത്ര ഗായകര്‍ക്കാണ് ആവേശമായത്. പ്രണയവും ചരിത്രവും പറയുന്ന നിരവധി സിനിമകള്‍, ഡിസ്നിയുടെ ആനിമേഷന്‍ പടം, ടി.വി.സീരിയലുകള്‍. എല്ലാറ്റിലുമധികം ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് സഞ്ചാരികളുടെ പ്രധാനാകര്‍ഷണങ്ങളില്‍ ഒന്നുകൂടിയാണ് പിന്‍വാങ്ങിയത്.

ഏതാനും മണിക്കൂറുകള്‍ ചര്‍ച്ചിനകത്തും പരിസരങ്ങളിലും ചുറ്റിക്കറങ്ങാനേ ഞങ്ങള്‍ക്ക് സമയമുണ്ടായിരുന്നുള്ളൂ. രാവിലെ ഈഫല്‍ ടവറിലേക്കു നോതൃദാം വഴിയാണ് ഞങ്ങള്‍ പോയത്. പാരീസ് നഗരത്തിന്റെ കേന്ദ്രമായി അടയാളപ്പെടുത്തിയ പോയിന്റ് സീറോയും നോദൃദാമിനടുത്താണ്. ഈഫലിന്റെ പ്രൗഢി കണ്ട മയക്കത്തിലാണ് ഞങ്ങള്‍ പള്ളിമുറ്റത്തേക്കു പ്രവേശിച്ചത്. പള്ളിമുറ്റത്ത് ധാരാളമാളുകള്‍ നിന്ന് ഫോട്ടോയെടുക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നെത്തിയവര്‍. ഫ്രാന്‍സിന്റെ ഉള്‍നാടുകളില്‍നിന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും മധുവിധു ആഘോഷിക്കാനെത്തിയവര്‍, പ്രണയകാലത്തെ ആല്‍ബപ്പെടുത്താന്‍ പള്ളിഗോപുരത്തെ പശ്ചാത്തലമാക്കാനെത്തിയവര്‍. ഇന്ന് പാരീസ് പ്രണയികളുടെ നഗരമാണ്. ഇത്ര ശാന്തരായി, ഉന്മത്തരായി തെരുവുകളില്‍ ചുംബിക്കാന്‍ വേറെ ഏതു നഗരമാണ് കമിതാക്കള്‍ക്ക് അനുവാദം നല്‍കുക. അതുകൊണ്ട് പ്രണയചിത്രങ്ങളുടെ പശ്ചാത്തലംകൂടിയാകുന്നു നോതൃദാംപള്ളിയുടെ ഗോപുരങ്ങള്‍.

പള്ളിക്കകത്ത് രണ്ടു തരം കാഴ്ചക്കാരാണുള്ളത്. വിശ്വാസികളും കലാസ്വാദകരായ സഞ്ചാരികളും. നിര്‍മ്മിതിയുടെ മാന്ത്രികതകൊണ്ട് സാക്ഷാല്‍ സിഗ്മണ്ട് ഫ്രോയിഡ് സ്തബ്ദനായിപ്പോയ സ്ഥലത്ത് വെറുതെ വന്നു നില്‍ക്കുകയല്ലാതെ വേറെ എന്തു ചെയ്യാന്‍. ഇവിടെയെത്തി കുര്‍ബ്ബാനകൊള്ളുന്നവര്‍ ശില്പസൗന്ദര്യത്തിന്റെ മഹാമാന്ത്രികതയെ പരിമിതപ്പെടുത്തുകയാണ് എന്നു പറയേണ്ടിവരും. വിശ്വാസികള്‍ക്കൊപ്പം പള്ളിയ്ക്കകത്ത് പരിധിയില്ലാതെ ചുറ്റിക്കറങ്ങാം. വിഖ്യാതമായ തൂണുകള്‍, മച്ചുകള്‍, ചിത്രങ്ങള്‍, വിളക്കുകള്‍, ചില്ലില്‍ തീര്‍ത്ത വിസ്മയങ്ങള്‍. ക്യാമറയ്ക്കു പിടിതരുന്നതല്ല അകക്കാഴ്ചകള്‍. ഇന്ത്യയിലും യൂറോപ്പിലുമുള്ള മധ്യകാല വാസ്തുശില്പമാതൃകകള്‍ താരതമ്യം ചെയ്താല്‍ ഇന്ത്യ പുറത്തും യൂറോപ്പ് അകത്തുമാണ് കാഴ്ചകള്‍ ഒരുക്കി വെച്ചിരിക്കുന്നത് എന്നു കാണാം. ഖജുരാഹോയും കൊണാര്‍ക്കുമെല്ലാം പുറത്ത് ചുറ്റിനടന്ന് കാണേണ്ടതാണെങ്കില്‍ യേേൂറാപ്പിലെ പള്ളികള്‍ അകത്തു കയറി കാണേണ്ടവയാണ്. വര്‍ഷത്തിലേറെയും അകത്തിരിക്കാന്‍ വിധിക്കപ്പെട്ട ജനതയുടെ ആവിഷ്‌കാരങ്ങള്‍ അങ്ങനെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.

ഫോട്ടോ: ഉണ്ണി ആര്‍

ലൂവ്റ് മ്യൂസിയത്തിലെ ശേഖരങ്ങളില്‍ മുഖ്യപങ്ക് പലകാലങ്ങളില്‍നിന്നു ശേഖരിച്ച ചിത്രങ്ങളാണ്. യൂറോപ്പിന്റെ ചരിത്രത്തെ ചിത്രകല എങ്ങനെയാണ് അടയാളപ്പെടുത്തുന്നതെന്ന് ആ ചിത്രശേഖരങ്ങള്‍ പറഞ്ഞു തരും. ഈ ചിത്രങ്ങളിലേറെയും ചര്‍ച്ചുമായി ബന്ധപ്പെട്ടതാണ്. ദൈവരൂപങ്ങള്‍ക്ക് ക്രമേണ മാനുഷികഭാവങ്ങള്‍ കൈവരുന്നത് ചിത്രങ്ങിലൂടെ നമുക്കു വായിക്കാം. സമൂഹരൂപീകരണത്തിന്റെ കേന്ദ്രമായിരുന്ന ചര്‍ച്ചു തന്നെ സാമൂഹികവിമര്‍ശനത്തിനും നിമിത്തമാവുന്നതു കാണാം. ഇത് യൂറോപ്പില്‍ മാത്രം നില്‍ക്കുന്ന ഒന്നല്ല. പൊന്‍കുന്നം വര്‍ക്കിയിലൂടെ പ്രത്യക്ഷമായും സക്കറിയയിലൂടെ പരോക്ഷമായും ഈ പള്ളിവിമര്‍ശനം മലയാളത്തിലുമെത്തിയിട്ടുണ്ട്. യൂറോപ്പ് പൊതുവില്‍ മതത്തെ ഉപേക്ഷിക്കുമ്പോഴും വിശ്വാസത്തേക്കാള്‍ കലാസൗന്ദര്യത്തിന് പ്രധാന്യമുണ്ടെന്ന് സ്വാനുഭവത്തില്‍ ബോധ്യപ്പെട്ട ഒരു നിര്‍മ്മിതിയില്‍ ആളുകള്‍ കൈകൂപ്പുന്നത് വല്ലാത്തൊരു അപരിചിതത്വമാണ് ഉണ്ടാക്കുന്നത്. അഗ്നിശമനസേന രക്ഷപ്പെടുത്തിയെടുത്ത യേശുവിന്റെ മേലങ്കിയും കിരീടവും അദ്ദേഹത്തെ അടിച്ച ചമ്മട്ടിയുമെല്ലാം ലൂവ്റ് മ്യൂസിയത്തിലേക്കു മാറ്റി എന്നറിയുമ്പോള്‍ സന്തോഷമാണോ സങ്കടമാണോ തോന്നേണ്ടത് എന്നു മനസ്സിലാവുന്നില്ല.

പതിനേഴാം നൂറ്റാണ്ട് അവസാനം പൈന്‍ മരത്തടിയില്‍ നിര്‍മ്മിച്ച ഒരു മൊണാസ്ട്രിയുണ്ട് ഭൂട്ടാനില്‍, ടൈഗര്‍ നെസ്റ്റ് എന്ന പേരില്‍ അറിയപ്പെടുന്ന തക്സങ് മൊണാസ്ട്രി. ചെങ്കുത്തായ മലമടക്കുകളില്‍ ആ നിര്‍മ്മിതി ഒരു വിസ്മയക്കാഴ്ചയാണ്. അതിന്റെ ഉള്‍ത്തടങ്ങളില്‍ ചുറ്റി നടക്കുമ്പോള്‍ ഒരു സന്യാസിയോട് ഇതൊക്കെ മൂന്നു നൂറ്റാണ്ട് പഴക്കമുള്ളതു തന്നെയോ എന്നൊരു സംശയം ചോദിച്ചു. അപ്പോഴദ്ദേഹം മൊണാസ്ട്രിയിലെ തീപ്പിടുത്തുങ്ങളുടെ കഥ പറഞ്ഞു.

പലവട്ടം തീര്‍ത്തും നശിച്ചുപോയ ആ കെട്ടിടം അതിന്റെ വാസ്തുരൂപത്തില്‍ മാത്രമാണ് പഴക്കം നിലനിര്‍ത്തുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ തകര്‍ന്നുപോയ ചരിത്രസ്മാരകങ്ങള്‍ പുനര്‍നിര്‍മ്മിച്ച പാരമ്പര്യം യൂറോപ്പിനുണ്ട്. നാസികള്‍ നശിപ്പിച്ച സാര്‍ ചക്രവര്‍ത്തിമാരുടെ വേനല്‍ക്കാല കൊട്ടാരം പുനര്‍നിര്‍മ്മിച്ച റഷ്യയടക്കം സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. വരുന്ന ജൂലൈയില്‍ ഒന്നുകൂടി ആ പള്ളിമുറ്റത്തു പോകേണ്ടതായിരുന്നു. ഇനിയത് നടക്കില്ല. കുറച്ചു വര്‍ഷങ്ങള്‍ കാത്തു നിന്നാല്‍ ഫ്രഞ്ചുകാര്‍ അതു പുതുക്കിപ്പണിയും ഉറപ്പ്. അതുവരെ ഹ്യൂഗോയുടെ കാസിമാദോയ്ക്കും എസ്മില്‍ദായ്ക്കുമൊപ്പം നമുക്ക് നോതൃദാം പള്ളിയില്‍ ചുറ്റിക്കറങ്ങാം. നേരിട്ടു പകര്‍ത്തിയ ഒരുകൂട്ടം ചിത്രങ്ങളും ഓര്‍മ്മകളോടൊപ്പം പൊടുന്നനെ അമൂല്യശേഖരമാകുന്നു.