| Sunday, 25th August 2019, 8:13 pm

തീവ്രവാദബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ ഖാദര്‍ റഹീമിനെയും യുവതിയെയും വിട്ടയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും കടന്നുവെന്ന് പറയപ്പെടുന്ന ലഷ്‌കര്‍ ഭീകരരെ സഹായിച്ചുവെന്ന  സംശയത്താല്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെയും   സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതിയേയും വിട്ടയച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിട്ടയച്ചത്.

റഹീമിനെ 24 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. എന്‍.ഐ.എ, തമിഴ്‌നാട് ക്യൂബ്രാഞ്ച്, മിലിട്ടറി ഇന്റലിജന്‍സ് എന്നിവരാണ് ചോദ്യം ചെയ്തിരുന്നത്. തീവ്രവാദക്കേസില്‍ പൊലീസ് തെരയുന്നുണ്ടെന്ന് കാണിച്ച് കൊച്ചി സി.ജെ.എം കോടതി വഴി ഹാജരാവാന്‍ വന്ന സമയത്ത് കോടതിയില്‍ വെച്ചാണ് കൊച്ചി പൊലീസ് റഹീമിനെ കസ്റ്റഡിയിലെടുത്തിരുന്നത്.

രണ്ട് ദിവസം മുമ്പാണ് തൃശൂര്‍ മതിലകം സ്വദേശി അബ്ദുല്‍ ഖാദര്‍ ബഹ്റൈനില്‍ നിന്നും കൊച്ചിയിലേക്ക് എത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വയനാട് സ്വദേശിയായ സ്ത്രീയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

എന്നാല്‍ തനിക്ക് ഭീകരബന്ധമില്ലെന്നും നിരപരാധിത്വം ബോധിപ്പിക്കുന്നതിന് വേണ്ടിയാണ് കോടതിയില്‍ ഹാജരാകുന്നതെന്നും അബ്ദുല്‍ഖാദര്‍ കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ട് മുമ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

‘ഇന്നലെ ഉച്ചയ്ക്ക് ആലുവയിലുള്ള ഗാരേജില്‍ ജോലി ചെയ്യുമ്പോഴാണ് വാര്‍ത്ത അറിയുന്നത്. ഒരു ഫോണ്‍ സംഭാഷണം പോലും നടത്തിയിട്ടില്ല. ഭീകരരുമായി ഒരു ബന്ധവുമില്ല.

പാക് പൗരനാണെന്ന് പറയപ്പെടുന്ന അബു ഇല്ല്യാസിനെ അറിയില്ല. പിന്നെ അറിയാവുന്നത് ബഹ്റൈന്‍ സ്വദേശിയായ എമിഗ്രേഷന്‍ ഓഫീസറായ ഒരു അബു ഇല്ല്യാസിനെ മാത്രമാണ്. ശ്രീലങ്കക്കാരുമായി എനിക്ക് ഒരു ബന്ധവുമില്ല. ശ്രീലങ്കക്കാരായി ഒരു ബന്ധവുമില്ല. വക്കീലിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസിലോ കോടതിയ്ക്ക് മുമ്പാകെയോ ഹാജരാകും.’ അബ്ദുല്‍ ഖാദര്‍ റഹീം പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more